കേരളത്തിന്റെ വോളി താരങ്ങൾ ചോദിക്കുന്നു; ‘സർ, ഞങ്ങൾ ഏതു ടീമിൽ കളിക്കണം


സ്വന്തം ലേഖകൻ
Published on Jan 19, 2025, 10:39 AM | 2 min read
മലപ്പുറം
‘ഇപ്പോൾ ഒരു ക്യാമ്പിലാണ്. മറ്റൊരു ക്യാമ്പ് അടുത്തദിവസം തുടങ്ങും. അതിലേക്കും വിളിച്ചിട്ടുണ്ട്. ആകെ പെട്ട അവസ്ഥയിലാണ്. ഈ ക്യാമ്പിൽ നിൽക്കണോ, അടുത്ത ക്യാമ്പിലേക്ക് പോണോ. ദേശീയ ഗെയിംസിന് ആർക്കൊപ്പം പോകണമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല’–- പലവട്ടം കേരളത്തിന്റെ ജേഴ്‌സി അണിഞ്ഞ വോളിബോൾ താരത്തിന്റെ സങ്കടം.
സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റിയും സംസ്ഥാന വോളിബോൾ അസോസിയേഷനും വെവ്വേറെ ടീമുകളെ പ്രഖ്യാപിച്ച് ക്യാമ്പ് നടത്തുന്നതാണ് താരങ്ങളെ പ്രതിസന്ധിയിലാക്കിയത്.
കേരളത്തിലെ ഒരുഡസനിലധികം വോളിബോൾ താരങ്ങളാണ് ഇതോടെ കുടുങ്ങിയത്. 28 മുതൽ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കേണ്ടവരാണിവർ.
തർക്കപരിഹാരത്തിനുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെങ്കിലും ടെക്‌നിക്കൽ കമ്മിറ്റിയുടെ പരിശീലന ക്യാമ്പ് പുരോഗമിക്കുകയാണ്. പുരുഷന്മാരുടെ ക്യാമ്പ് കൊച്ചി ബിപിസിഎൽ സ്‌റ്റേഡിയത്തിലും വനിതാക്യാമ്പ് തൃശൂർ തൃപ്രയാർ ഇൻഡോർ സ്‌റ്റേഡിയത്തിലുമാണ്. വോളിബോൾ അസോസിയേഷന്റെ പുരുഷന്മാരുടെ ക്യാമ്പ് എറണാകുളം വരാപ്പുഴ ഇൻഡോർ സ്‌റ്റേഡിയത്തിലും വനിതകളുടേത് തിരുവനന്തപുരം എൻഎൻസിപിഇയിലും അടുത്തദിവസം തുടങ്ങും.
2022ൽ ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ വോളിബോൾ പുരുഷ–വനിതാ വിഭാഗത്തിൽ കേരളത്തിനായിരുന്നു സ്വർണം.
ടെക്‌നിക്കൽ കമ്മിറ്റിയുടെ ടീമാണ് അന്ന് കളത്തിലിറങ്ങിയത്. ഹൈക്കോടതി വിധിയിലൂടെയാണ് താരങ്ങൾ കളിച്ചത്.
2023ൽ ഗോവയിലെ ദേശീയ ഗെയിംസിൽ വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (വിഎഫ്‌ഐ)യിലെ തർക്കങ്ങളെ തുടർന്ന് വോളിബോൾ ഒഴിവാക്കി. ഈ വർഷം വീണ്ടും ഉൾപ്പെടുത്തി. ഇതോടെയാണ് ടീമിന്റെ കാര്യത്തിൽ തർക്കം ഉടലെടുത്തത്.
കഴിഞ്ഞദിവസം ജയ്‌പുരിൽ നടന്ന ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ടെക്‌നിക്കൽ കമ്മിറ്റിയുടെ ടീമാണ് പങ്കെടുത്തത്. ഇതിൽ പുരുഷന്മാർ സ്വർണവും വനിതകൾ വെള്ളിയും നേടി. എന്നാൽ, ഇവർക്ക് പകരം സംസ്ഥാന വോളിബോൾ അസോസിയേഷന്റെ പട്ടികയാണ് സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ ദേശീയ ഗെയിംസിലേക്ക് അയച്ചത്. ഇതിനെതിരെയാണ് ടെക്‌നിക്കൽ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. കേസ് അടുത്തദിവസം പരിഗണിക്കും.
15 പേർ
രണ്ടു ടീമിലും
മലപ്പുറം
ദേശീയ ഗെയിംസിനായി സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ ടെക്‌നിക്കൽ കമ്മിറ്റിയും സംസ്ഥാന വോളിബോൾ അസോസിയേഷനും പ്രഖ്യാപിച്ച ടീമുകളിൽ ഉൾപ്പെട്ടത് 15 താരങ്ങൾ. പുരുഷവിഭാഗത്തിൽ 14 അംഗ ടീമിനെയാണ് ഇരുകൂട്ടരും പ്രഖ്യാപിച്ചത്. 10 താരങ്ങൾ ഇരുടീമിലുമുണ്ട്. വനിതാ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ട്. അഞ്ച് വനിതാ താരങ്ങൾ മാത്രമാണ് ഇരുടീമുകളുടെയും പട്ടികയിൽ ഉൾപ്പെട്ടത്.
പുരുഷന്മാരിൽ എൻ ജിതിൻ, എസ് അരവിന്ദൻ, എറിൻ വർഗീസ്, കെ രാഹുൽ, ടി ആർ സേതു, എം സി മുജീബ്, ജോൺ ജോസഫ്, പി വി വിഷ്‌ണു, ജെറോം വിനീത്, കെ ആനന്ദ് എന്നിവർ രണ്ടു ടീമിലും ഇടംപിടിച്ചു. വനിതകളിൽ കെ പി അനുശ്രീ, ആർ എസ് ശിൽപ്പ, ജി അഞ്ജുമോൾ, അനഘ രാധാകൃഷ്‌ണൻ, അശ്വതി രവീന്ദ്രൻ എന്നിവരാണ് ഇരുപട്ടികയിലുമുള്ളത്.
സ്‌പോർട്‌സ് കൗൺസിൽ
ടീമിനെ അയക്കും
വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (വിഎഫ്‌ഐ) നിലവിൽ ഇല്ല. വിഎഫ്‌ഐയെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സസ്‌പെൻഡ് ചെയ്യുകയും പകരം അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയുമാണ്. വിഎഫ്‌ഐ ഇല്ലാതെ എങ്ങനെ കീഴ്‌ഘടകമായ സംസ്ഥാന വോളിബോൾ അസോസിയേഷൻ ഉണ്ടാകും?
അഡ്‌ഹോക് കമ്മിറ്റി ജയ്‌പുരിൽ നടത്തിയ ദേശീയ ചാമ്പ്യൻഷിപ്പിൽ ടീമിനെ അയച്ചത് സ്‌പോർട്‌സ് കൗൺസിൽ നിയോഗിച്ച ടെക്‌നിക്കൽ കമ്മിറ്റിയാണ്. ഈ ടീംതന്നെയാണ് ദേശീയ ഗെയിംസിലും പങ്കെടുക്കുക. ദേശീയതലത്തിലുള്ള അഡ്‌ഹോക് കമ്മിറ്റിയുടെ നിരീക്ഷകർ പങ്കെടുത്തതാണ് ടീമിനെ തെരഞ്ഞെടുത്തത്.
യു ഷറഫലി
പ്രസിഡന്റ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ
താരങ്ങളെ പരിഗണിക്കണം
ഏഴുവർഷം നീണ്ട കാത്തിരിപ്പിനുശേഷം കേരള പുരുഷ വോളിബോൾ ടീം ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് കഴിഞ്ഞ ആഴ്ചയാണ്. അതിന്റെ ആവേശം മാറുംമുമ്പാണ് പുതിയ സംഭവവികാസം. ദേശീയ ഗെയിംസിൽ രണ്ടു ടീമുകളെ പ്രഖ്യാപിച്ച് അധികൃതർ കളിക്കാരെയും ആരാധകരെയും പരിഹസിക്കുകയാണ്. പാവപ്പെട്ട കായികതാരങ്ങളെ വീണ്ടും കോടതി കയറ്റരുത്. താരങ്ങളുടെ ഭാവി വാശിക്കുമുമ്പിൽ എരിഞ്ഞടങ്ങരുത്. തർക്കം മൂർച്ഛിച്ചാൽ ദേശീയ ഗെയിംസിൽ കേരളത്തിന് ഉറപ്പുള്ള രണ്ട് സ്വർണമെഡലുകളാണ് നഷ്ടമാവുക. അഭിപ്രായവ്യത്യാസങ്ങൾ മറന്ന് കേരള വോളിബോളിന്റെ നന്മയ്ക്കായി കായികസംഘടനകൾ ഒരുമിച്ചുനിൽക്കണം.
ടോം ജോസഫ്
മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ
അർജുന അവാർഡ് ജേതാവ്










0 comments