പൊരുതി വീണു; സെമിയിൽ പരാജയം, വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനാവില്ല

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ഗുസ്തി യോഗ്യതാ ട്രയൽസിലെ വനിതകളുടെ 53 കിലോഗ്രാം വിഭാഗം സെമിഫൈനലിൽ പ്രമുഖ താരം വിനേഷ് ഫോഗട്ട് പരാജയപ്പെട്ടു. ആവേശകരമായ പോരാട്ടത്തിൽ മീനാക്ഷി ഗോയാതിനോട് 6-4 എന്ന സ്കോറിനാണ് താരം പരാജയം വഴങ്ങിയത്. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും പ്രത്യേക അനുമതിയോടെ ട്രയൽസിലെത്തിയ വിനേഷ്, ആദ്യ റൗണ്ടിൽ ഹരിയാന സ്വദേശി ജ്യോതിയെ 7-1 എന്ന നിലയിലും രണ്ടാം റൗണ്ടിൽ നിഷുവിനെ 7-6 എന്ന സ്കോറിനും പരാജയപ്പെടുത്തിയാണ് സെമി ഫൈനലിൽ പ്രവേശിച്ചത്. എന്നാൽ സെമിയിലെ ശക്തമായ പോരാട്ടത്തിനൊടുവിൽ താരം ടൂർണമെന്റിൽ നിന്ന് പുറത്താകുകയായിരുന്നു.
റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (WFI) കടുത്ത എതിർപ്പുകൾ മറികടന്നാണ് വിനേഷ് ഈ ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ മത്സരിക്കാനെത്തിയത്. താരത്തിന് മത്സരാനുമതി നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ഗുസ്തി ഫെഡറേഷൻ സുപ്രീം കോടതിയെ സമീപിച്ചതോടെ വലിയ നിയമതർക്കങ്ങളും അനിശ്ചിതത്വങ്ങളുമാണ് നിലനിന്നിരുന്നത്. ഒടുവിൽ ഫെഡറേഷന്റെ തടസ്സവാദങ്ങളെ നിയമപരമായിത്തന്നെ മറികടന്നാണ് വിനേഷ് 53 കിലോഗ്രാം വിഭാഗം ട്രയൽസിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയെടുത്തത്.
നിയമപോരാട്ടം ജയിച്ചെങ്കിലും മത്സരവേദിയിലും വിനേഷിന് കടുത്ത പ്രതിസന്ധികൾ നേരിടേണ്ടി വന്നു. ശനിയാഴ്ച രാവിലെ 6.30ന് തന്നെ താരം മത്സരവേദിയായ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ എത്തിയെങ്കിലും, തൂക്കം നോക്കുന്ന വെയ്റ്റ്-ഇൻ (Weight-in) നടപടികൾക്കായി രാവിലെ 8.20 വരെ കാത്തിരിക്കേണ്ടി വന്നത് വലിയ വർത്തയായിരുന്നു. വിനേഷ് ഫോഗട്ടിന്റെ മത്സരങ്ങൾ സമയത്തിന് ആരംഭിക്കാതിരുന്നതും വലിയ തോതിൽ അധികൃതർ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന ആരോപണങ്ങൾക്ക് കാരണമായി.










0 comments