print edition വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിൽ

പാനിപ്പത്ത്
വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇന്ത്യൻ ഗുസ്‌തി താരം വിനേഷ് ഫോഗട്ട് തിരിച്ചെത്തുന്നു. 2028ൽ നടക്കുന്ന ഒളിമ്പിക്‌സിനായി തയ്യാറെടുക്കുകയാണെന്ന് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. മുപ്പത്തൊന്നുകാരി നിലവിൽ ഹരിയാനയിലെ കോൺഗ്രസ് എംഎൽഎയാണ്.
‘പാരിസ് ഒളിമ്പിക്‌സ് അവസാനത്തേതാണോയെന്ന ചോദ്യം കുറച്ചുകാലമായി കേൾക്കുന്നു. അതിൽ എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. സമ്മർദവും പ്രതീക്ഷയും ആഗ്രഹങ്ങളുമെല്ലാം ഗോദയിൽനിന്നും മാറിനിൽക്കാനുള്ള കാരണമായിരുന്നു. ഗുസ്‌തിയോടുള്ള സ്‌നേഹം ഇപ്പോൾ തിരിച്ചറിയുന്നു. ഉള്ളിൽ ഇപ്പോഴും തീയുണ്ട്. കീഴടങ്ങാത്ത മനസുമായി തിരിച്ചെത്തുകയാണ്. ഇക്കുറി പ്രചോദനവുമായി മകനും ഒപ്പമുണ്ട്’–വിനേഷ് കുറിച്ചു.
കഴിഞ്ഞവർഷം പാരിസിൽ നടന്ന ഒളിമ്പിക്‌സിനുശേഷമായിരുന്നു വിരമിക്കൽ പ്രഖ്യാപനം. ഒളിമ്പിക്‌സ് ഫൈനൽ മത്സരത്തിന് തൊട്ടുമുമ്പ് താരത്തെ അയോഗ്യയാക്കിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. 50 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. എന്നാൽ മത്സരത്തിന് മുമ്പ് ശരീരഭാരം നിർണയിച്ചപ്പോൾ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. അത് കുറക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോൾ അയോഗ്യയാക്കപ്പെട്ടു. വിനേഷിനും ഭർത്താവ് സോംവീർ റാതിക്കും ജൂലൈയിലാണ് മകനുണ്ടായത്.











0 comments