ad
Deshabhimani

അത്‌ലറ്റിക്സിൽ കളി നടക്കില്ല; തുർക്കിക്ക് വീണ്ടും നിരാശ

Roje Stona

Photo Credit|Reuters

വെബ് ഡെസ്ക്

Published on Apr 17, 2026, 03:39 PM | 1 min read

മൊണാക്കോ: പ്രമുഖ കായിക താരങ്ങളുടെ പൗരത്വം തുർക്കിയിലേക്ക് മാറ്റാനുള്ള അപേക്ഷകൾ അന്താരാഷ്ട്ര അത്‌ലറ്റിക്സ് ഫെഡറേഷൻ തള്ളി. മികച്ച പ്രതിഫലം വാഗ്ദാനം ചെയ്ത് വിദേശ താരങ്ങളെ സ്വന്തമാക്കാൻ തുർക്കി സർക്കാർ നടത്തുന്ന ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് ഈ അപേക്ഷകളെന്ന് നിരീക്ഷിച്ചാണ് ഭരണസമിതിയുടെ നടപടി.


മുൻ വനിതാ മാരത്തൺ ലോക റെക്കോർഡ് ഉടമ ബ്രിജിഡ് കോസ്‌ഗെ, ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് റോജെ സ്റ്റോണ എന്നിവരുൾപ്പെടെ 11 പ്രമുഖ താരങ്ങൾക്കാണ് ഇതോടെ തിരിച്ചടിയേറ്റത്.അഞ്ച് കെനിയൻ താരങ്ങളും നാല് ജമൈക്കൻ താരങ്ങളും ഒരു നൈജീരിയൻ താരവും ഒരു റഷ്യൻ താരവുമാണ് തുർക്കി പൗരത്വത്തിനായി അപേക്ഷ നൽകിയിരുന്നത്.


സർക്കാർ നേരിട്ട് നടത്തുന്ന ക്ലബ്ബുകൾ വഴി വലിയ തുകയുടെ കരാറുകൾ നൽകി താരങ്ങളെ ആകർഷിക്കുന്നത് അത്‌ലറ്റിക്സിലെ അടിസ്ഥാന നിയമങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണെന്ന് വേൾഡ് അത്‌ലറ്റിക്സ് വ്യക്തമാക്കി. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള തുർക്കിയുടെ ഈ റിക്രൂട്ട്‌മെന്റ് തന്ത്രം കായിക മേഖലയിലെ തുല്യ അവസരങ്ങളെ ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.


എല്ലാ അപേക്ഷകളിലും ഒരേ രീതിയിലുള്ള സർക്കാർ ഇടപെടലുകൾ ദൃശ്യമായതിനാലാണ് ഇവ ഒന്നിച്ച് പരിഗണിച്ചും നിരസിച്ചും വേൾഡ് അത്‌ലറ്റിക്സ് പാനൽ തീരുമാനമെടുത്തത്. ഇതോടെ ഈ താരങ്ങൾക്ക് വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ തുർക്കിയെ പ്രതിനിധീകരിക്കാൻ യോഗ്യതയുണ്ടാവില്ല.


2024 പാരിസ് ഒളിമ്പിക്സിൽ എട്ട് മെഡലുകൾ നേടിയിട്ടും ഒരൊറ്റ സ്വർണം പോലും സ്വന്തമാക്കാൻ കഴിയാതിരുന്ന തുർക്കി, മറ്റ് രാജ്യങ്ങളിലെ മികച്ച താരങ്ങളെ പൗരത്വം നൽകി എത്തിച്ച് ഈ കുറവ് നികത്താനാണ് ശ്രമിച്ചത്.


കെനിയൻ താരങ്ങളായ കാതറിൻ റിലിൻ അമാനാംഗോൾ, ബ്രയാൻ കിബോർ, റൊണാൾഡ് ക്വെമോയ്, നെൽവിൻ ജെപ്കെംബോയ് എന്നിവരും ജമൈക്കയുടെ മെഡൽ ജേതാക്കളായ രാജീന്ദ്ര കാംബെൽ, ജെയ്ഡൻ ഹിബെർട്ട്, വെയ്ൻ പിന്നോക്ക് എന്നിവരും അപേക്ഷ തള്ളപ്പെട്ടവരുടെ പട്ടികയിലുണ്ട്.


നൈജീരിയയുടെ ഫേവർ ഓഫ്‌ലിയും റഷ്യൻ താരം സോഫിയ യാകുഷിനയും പൗരത്വം മാറ്റാൻ ശ്രമിച്ച പ്രമുഖരിൽ ഉൾപ്പെടുന്നു. പൗരത്വം മാറുന്നതിലെ കർശനമായ മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം ഇത്തരം കൂട്ടായ നീക്കങ്ങൾ അനുവദിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് വേൾഡ് അത്‌ലറ്റിക്സ് ഇതിലൂടെ നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home