Deshabhimani

print edition കുഞ്ഞിംവീട്ടിലെ പൊന്നമ്പുകൾ; ദേശീയ അമ്പെയ്‌ത്തിന്‌ ഒരു വീട്ടിലെ മൂന്ന്‌ സഹോദരങ്ങൾ

Dasarath Rishika Abhimanyu Rajagopalan archery

ദശരഥ്‌ രാജഗോപാൽ, ഋഷിക രാജഗോപാൽ, അഭിമന്യു രാജഗോപാൽ

avatar
എം ഷാജി

Published on Nov 07, 2026, 07:50 AM | 1 min read

​പേരാവൂർ (കണ്ണൂർ): ചരിത്രത്തിലേക്ക്‌ അമ്പെയ്‌ത്‌ മൂന്ന്‌ സഹോദരങ്ങൾ. കണ്ണൂർ ജില്ലയിലെ പേരാവൂർ എടത്തൊട്ടി കുഞ്ഞിംവീട്ടിലെ രാജഗോപാലന്റെയും സീമയുടെയും മക്കളായ ദശരഥും ഋഷികയും അഭിമന്യുവും ദേശീയ അമ്പെയ്‌ത്ത്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി അണിനിരക്കും. ഒരു വീട്ടിലെ മൂന്നു സഹോദരങ്ങൾ ഒരേസമയം ദേശീയതലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത് അപൂർവമാണ്‌. 12 മുതൽ മേഘാലയയിലാണ്‌ ചാമ്പ്യൻഷിപ്പ്‌.


ദശരഥ്‌ റിക്കർവ് വിഭാഗത്തിലും ഋഷികയും അഭിമന്യുവും കോമ്പൗണ്ട് വിഭാഗത്തിലുമാണ് മത്സരിക്കുന്നത്‌. അച്ഛൻ രാജഗോപാലാണ്‌ പരിശീലകൻ. മക്കൾക്ക് പരിശീലനം നൽകുന്നതിനൊപ്പം ‘അസ്ത്ര ആർച്ചറി അക്കാദമി' സ്ഥാപിച്ച്‌ നിരവധി കുട്ടികൾക്കും പരിശീലനം നൽകുന്നുണ്ട്‌. മൂത്ത സഹോദരനായ സിദ്ധാർഥ് സ്‌പോർട്‌സ്‌ ക‍ൗൺസിലിന്റെ വയനാട്‌ പുൽപ്പള്ളി ആർച്ചറി അക്കാദമിയുടെയും കേരളത്തിന്റെയും പരിശീലകനാണ്‌. കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ മികച്ച നേട്ടം കൈവരിച്ച താരംകൂടിയാണ്‌.


കഴിഞ്ഞ പത്തു വർഷമായി സംസ്ഥാന–ദേശീയ കായികവേദികളിൽ സജീവ സാന്നിധ്യമാണ് ഈ സഹോദരങ്ങൾ. 2023-ലെ ഗോവ ദേശീയ ഗെയിംസിലും അയോധ്യ സീനിയർ ചാമ്പ്യൻഷിപ്പിലും ദശരഥ്‌ മാറ്റുരച്ചിട്ടുണ്ട്. ഗോവ ദേശീയ ഗെയിംസിൽ വ്യക്തിഗത മെഡൽ സ്വന്തമാക്കി. എടത്തോട്ടി ഡി പോൾ കോളേജ് ബിരുദ വിദ്യാർഥികളായ ഋഷികയും അഭിമന്യുവും നിരവധി തവണ സംസ്ഥാന മെഡലുകൾ നേടിയിട്ടുണ്ട്‌. അഖിലേന്ത്യാ അന്തർ സർവകലാശാലാ മീറ്റിലും ഖേലോ ഇന്ത്യയിലും പങ്കെടുത്തിട്ടുണ്ട്‌.


വീട്ടിലും തൊട്ടടുത്ത സ്‌കൂൾ ഗ്രൗണ്ടിലുമാണ്‌ പരിശീലനം. വരാനിരിക്കുന്ന ഒളിമ്പിക്‌സുകളാണ്‌ പ്രധാന ലക്ഷ്യം. എന്നാൽ സ്വപ്‌ങ്ങളിലേക്കുള്ള വഴിയിൽ സാമ്പത്തിക പ്രതിസന്ധി വില്ലനാവുകയാണ്. രാജ്യാന്തര നിലവാരത്തിലുള്ള അമ്പെയ്‌ത്ത്‌ ഉപകരണത്തിന് നാലര ലക്ഷത്തോളം രൂപ ചെലവുവരും. എൽഡിഎഫ്‌ സർക്കാരിൽനിന്ന് സഹായം ലഭിച്ചതായി അച്ഛൻ രാജഗോപാൽ പറഞ്ഞു. ലക്ഷ്യത്തിലെത്താൻ സ്‌പോൺസർഷിപ്പും സർക്കാരിന്റെ കൈത്താങ്ങും പ്രതീക്ഷിക്കുകയാണ് സഹോദരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home