തെരഞ്ഞെടുപ്പ് കമീഷൻ ഐടി മേധാവിക്ക് കടിഞ്ഞാൺ

ന്യൂഡൽഹി: ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഐടി വിഭാഗം മേധാവി സീമ ഖന്നയുടെ പ്രവർത്തനങ്ങൾക്കുമേൽ ഡെപ്യൂട്ടി ഇലക്‌ഷൻ കമീഷണറുടെ മേൽനോട്ടം പുനഃസ്ഥാപിച്ചു. മേൽനോട്ടം ഒഴിവാക്കി ജൂലൈയിൽ പുറപ്പെടുവിച്ച ഉത്തരവ് തിരുത്തിയാണ് പുതിയ ഉത്തരവ്.
ഇതനുസരിച്ച് സീനിയർ ഡെപ്യൂട്ടി ഇലക്‌ഷൻ കമീഷണർ പവൻകുമാർ ശർമ സീമ ഖന്നയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ തീരുമാനങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്‌വിന്ദർ സിങ് സന്ധുവും വിവേക് ജോഷിയും കാബിനറ്റ് സെക്രട്ടറി ടി വി സോമനാഥന് പരാതി നൽകിയിരുന്നു. മേൽനോട്ടം ഒഴിവാക്കിയുള്ള സുപ്രധാന ഉത്തരവ് കൂടിയാലോചിക്കാതെ എടുത്തതാണെന്നും ഗ്യാനേഷ്‌കുമാറിന്റെ വാക്കാലുള്ള നിർദേശങ്ങളാണ് സീമ ഖന്ന നടപ്പാക്കുന്നതെന്നും കമീഷണർമാർ ചൂണ്ടിക്കാട്ടി.
എസ്‌ഐആർ പുരോഗമിക്കവെ, വോട്ടർപട്ടിക കൈകാര്യം ചെയ്‌തിരുന്ന ഡിജിറ്റൽ സംവിധാനങ്ങളുടെ മേധാവിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം ഒഴിവാക്കിയത് വിവാദമായിരുന്നു.
സംസ്ഥാനതലങ്ങളിൽ വോട്ടർപട്ടികയിൽ പേര് ചേർക്കൽ, ഒഴിവാക്കൽ തുടങ്ങിയ നടപടികളുടെ ഉത്തരവാദിത്വം ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ്. എന്നാൽ, പല സംസ്ഥാനങ്ങളിലെയും ഇആർഒമാർക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതോടെ, ഒഴിവാക്കപ്പെട്ട അർഹതയുള്ള വോട്ടർമാരെ വീണ്ടും ഉൾപ്പെടുത്താൻ തടസ്സമുണ്ടായി.








0 comments