കരാർ ദുരൂഹം; രേഖകൾ പുറത്തുവിടണം: പിണറായി വിജയൻ

തിരുവനന്തപുരം: ജിഎൻഎ കരാറിലെ ദുരൂഹത നീക്കാൻ മുഴുവൻ രേഖയും പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇടപാടിൽ അഴിമതിയുണ്ടെന്ന് ജനങ്ങൾക്ക് സംശയമുണ്ട്. വൈദ്യുതി ബോർഡിന്റെയും മന്ത്രിയുടെയും നിലപാടിന് വിരുദ്ധമായ നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു.
ഇടപാടിൽ സാമ്പത്തിക നഷ്‌ടമുണ്ടാകുമെന്നുകാട്ടി കെഎസ്‌ഇബി ഒൗദ്യോഗികമായി കത്തുനൽകിയ വിവരം പുറത്തുവന്നു. സിഎംഡിയായിരുന്ന രാജമാണിക്യം പ്രാപ്‌തനായ ഉദ്യോഗസ്ഥനാണ്. സമ്മർദത്തിന് വഴങ്ങുന്നില്ല എന്നായപ്പോൾ അദ്ദേഹത്തെ മാറ്റി. ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങുന്നതാണ് അഭികാമ്യമെന്ന് മന്ത്രി സണ്ണി ജോസഫ് ഫയലിൽ കുറിച്ചെന്ന വിവരവും പുറത്തുവന്നു. നഷ്‌ടമുണ്ടാകുമെന്ന് സിഎംഡിയോ മന്ത്രിയോ പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
വൈദ്യുതിരംഗത്ത് പ്രതിസന്ധി കൃത്രിമമായി സൃഷ്‌ടിക്കുന്നതാണ്. വൈദ്യുതി വാങ്ങാൻ തീരുമാനിക്കേണ്ടത് ബോർഡാണ്. എന്നാൽ ബോർഡിന്റെ നിലപാട് തള്ളി. ബോർഡ് തെറ്റായ നിലപാടെടുത്താൽ ഇടപെടേണ്ടിവരും. ഇവിടെ ബോർഡിന്റെ നിലപാട് തെറ്റാണെന്ന് പറയാനാകില്ല. കരാറൊപ്പിടാൻ തീരുമാനിച്ചത് താനാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്നെന്തിനാണ് വകുപ്പ് മന്ത്രി.
ജിഎൻഎ വൈദ്യുതി ഉൽപ്പാദന കമ്പനിയല്ല. സുതാര്യമായ നടപടിക്രമങ്ങളോ ടെൻഡറോ ഇല്ലാതെ ജിഎൻഎയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള സമ്മർദം എവിടെനിന്നാണ്. ജിഎൻഎയ്‌ക്കുവേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത് എന്തിന്. ജിഎൻഎ ആരുടെ വൈദ്യുതിയാണ് നൽകുന്നത്. ജിഎൻഎ സെബിയുടെ അന്വേഷണം നേരിടുന്ന സ്ഥാപനമാണെന്നാണ് വിവരം. അതിനോട് ഇത്രമാത്രം താൽപ്പര്യം എന്തുകൊണ്ടാണ്.
നമ്മുടെ ജലവൈദ്യുത പദ്ധതികൾക്ക് 1800 മെഗാവാട്ട് ഉൽപ്പാദനശേഷിയുണ്ട്. ഇപ്പോൾ 800 മെഗാവാട്ട് മാത്രമായി ഉൽപ്പാദനം കുറയ്‌ക്കുന്നത് എന്തിനാണ്. ദേശീയ വിപണിയിൽനിന്ന് ശരാശരി അഞ്ചുരൂപയ്‌ക്ക് വൈദ്യുതി ലഭിക്കും. ജിഎൻഎയിൽ 8.63 രൂപ, 8.90 രൂപ എന്നിങ്ങനെയാണ് നിരക്ക്.
യൂണിറ്റിന് മൂന്നര രൂപയിൽ കൂടുതൽ നൽകുന്നത് 635 കോടി രൂപയുടെ അധികബാധ്യതയുണ്ടാക്കും. ഹിമാചലിൽനിന്നുള്ള പഴയ ഓഫർ കാട്ടി ജിഎൻഎ ഇടപാടിനെ ന്യായീകരിക്കരുത്. റെഗുലേറ്ററി കമീഷന്റെ അംഗീകാരമോ മത്സരാധിഷ്‌ഠിത ടെൻഡറോ ഇല്ലാതെ എൽഡിഎഫ് സർക്കാർ ഒരു യൂണിറ്റ് വൈദ്യുതിപോലും വാങ്ങിയിട്ടില്ല – പിണറായി പ റഞ്ഞു.








0 comments