Deshabhimani

പോരാട്ടത്തിന്റെ ദൂതൻ

Cristiano Ronaldo
വെബ് ഡെസ്ക്

Published on Nov 07, 2026, 07:25 AM | 1 min read

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നത്‌ ഫുട്‌ബോൾ കളിക്കാരന്റെ പേരുമാത്രമല്ല. നിശ്ചയദാർഢ്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറുപേരുകൂടിയാണ്‌. പോർച്ചുഗൽ ദേശീയ ടീമിന്റെ കുപ്പായം അഴിക്കുന്നതായി സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിക്കുമ്പോൾ, ലോകമെമ്പാടുമുള്ള ആരാധകർ നെടുവീർപ്പിട്ടിരിക്കണം. റൊണാൾഡോ ഫുട്‌ബോൾ ആരാധകരെ ത്രസിപ്പിച്ചിരിക്കാം. ഗോളുകൾകൊണ്ട്‌ രസിപ്പിച്ചിരിക്കാം. അതിനുമൊക്കെ അപ്പുറത്ത്‌, പ്രതിസന്ധികളിൽ വീണുപോയവരെ തിരിച്ചുവരാൻ പ്രചോദിപ്പിച്ച മനുഷ്യനാണ്‌. പോർച്ചുഗലും ഏഴാംനമ്പർ കുപ്പായവും ലോക ഫുട്‌ബോൾ ഭൂപടത്തിൽ അടയാളപ്പെട്ടത്‌ റൊണാൾഡോയിലൂടെയാണ്‌. ദേശീയ ടീമിനായി 23 വർഷം കളിച്ചു. 234 മത്സരങ്ങളിൽ 146 ഗോളും 46 അവസരവുമൊരുക്കി. 2016ൽ ആദ്യമായി യൂറോ കപ്പിൽ ജേതാക്കളാക്കി. 2019ലും 2025ലും നേഷൻസ്‌ ലീഗ്‌ കിരീടവും സമ്മാനിച്ചു.

ആറു പതിപ്പുകളിൽ പങ്കാളിയായിട്ടും ലോകകപ്പ്‌ നേടാനാകാത്ത നിരാശയോടെയാണ്‌ മടക്കം. മികച്ച കളിക്കാരനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം അഞ്ചുതവണ നേടിയിട്ടുണ്ട്‌. പ്രായം ഒരു അക്കംമാത്രമെന്ന പ്രചോദിതവാചകത്തിന്റെ ബ്രാൻഡ്‌ അംബാസഡറാകാൻ ഇ‍ൗ നാൽപ്പത്തൊന്നുകാരനല്ലാതെ മറ്റാരുണ്ട്‌. കാൽനൂറ്റാണ്ട്‌ പിന്നിട്ട ഫുട്‌ബോൾ ജീവിതത്തിൽ മാറ്റുകുറയാതെ കളത്തിൽ നിൽക്കാനായി. കളിയും സമീപനവും കാലത്തിനനുസരിച്ച്‌ പുതുക്കിപ്പണിതാണ്‌ അത്‌ സാധിച്ചത്‌. വിട്ടുവീഴ്‌ചയില്ലാത്ത അച്ചടക്കവും കഠിനാധ്വാനവും കരുത്തായി. പോർച്ചുഗലിലെ ദ്വീപായ മദീരയിലെ തെരുവിൽനിന്ന്‌ കാൽപ്പന്തിന്റെ സിംഹാസനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. ദുരിതസാഹചര്യങ്ങളും പിന്തുടർന്ന രോഗങ്ങളും വിശപ്പറിഞ്ഞ കാലവും താണ്ടിയാണ്‌ കയറിവന്നത്‌. ആ പോരാട്ടവീര്യത്തിന്‌ പകരംവയ്‌ക്കാൻ മറ്റൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പുതിയ തലമുറയ്‌ക്ക്‌ മാതൃകയാക്കാവുന്നതാണ്‌ ഇ‍ൗ കളിജീവിതം. ഓരോ തോൽവിയും വിജയത്തിലേക്കുള്ള വഴികളാണെന്നു കണ്ടു. പ്രതിസന്ധികളിൽ തളർന്നതേയില്ല. പൊരുതിക്കയറാനുള്ള ശ‍ൗര്യവും ഉ‍ൗർജവും പാഠമാക്കാവുന്നതാണ്‌.

കളത്തിൽമാത്രമല്ല, പുറത്തും റൊണാൾഡോ ഹീറോയായി. ലഹരിക്കെതിരെ നിലപാടെടുത്തു. പരസ്യത്തിനുവേണ്ടി കുത്തക പാനീയങ്ങൾ പ്രോത്സാഹിപ്പിച്ചില്ല. രക്തദാനം തടസ്സപ്പെടാതിരിക്കാൻ ശരീരത്തിൽ പച്ചകുത്തുന്നത്‌ ഒഴിവാക്കി. ദുരന്തബാധിതരെയും ബാല്യം നഷ്‌ടപ്പെട്ട കുഞ്ഞുങ്ങളെയും സാമ്പത്തികമായി ചേർത്തുപിടിക്കാൻ എപ്പോഴും സന്നദ്ധനായിരുന്നു. അതൊക്കെ കൊണ്ടാകാം കളത്തിനു പുറത്തും ആരാധകരുണ്ടായത്‌. ബ്രസീലിന്റെ നെയ്‌മറിനും അർജന്റീനയുടെ ലയണൽ മെസിക്കും പിന്നാലെയാണ്‌ റൊണാൾഡോയുടെ വിടപറയൽ. ഇതിഹാസങ്ങൾ കളമൊഴിയുമ്പോൾ പുതുപ്രതിഭകൾക്കായുള്ള കാത്തിരിപ്പാണ്‌. വരും, വരാതിരിക്കില്ല... ശുഭപ്രതീക്ഷ മാത്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home