വയനാട് ദുരന്തത്തിന്റെ മുറിവുകൾ മായ്ച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ഗുരുവായൂരിൽ വിവാഹിതയായി

തൃശൂർ: മഹാദുരന്തം കവർന്നെടുത്ത ജീവിതത്തിൽ പ്രതീക്ഷയുടെ പുതിയ വെളിച്ചം തേടി വയനാട് സ്വദേശി ശ്രുതി വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ വയനാട് കളക്ടറേറ്റിലെ ജീവനക്കാരനായ സന്ദീപ് ശ്രുതിക്ക് താലി ചാർത്തി. മുൻ മന്ത്രി കെ രാജൻ വിവാഹത്തിൽ പങ്കെടുത്തു.
കണ്ണീരിന്റെയും വേദനയുടെയും ഭൂതകാലത്തെ മറന്ന്, സന്ദീപിന്റെ കൈപിടിച്ച് സന്തോഷത്തോടെ പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണെന്ന് ശ്രുതി പ്രതികരിച്ചു. ശ്രുതിയുടെ ജീവിതത്തിലെ പുതിയ തുടക്കത്തിൽ ഏറെ സന്തോഷമുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാകണമെന്നും വരൻ സന്ദീപ് പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വന്തം കുടുംബത്തിലെ 9 അംഗങ്ങളെയാണ് ശ്രുതിക്ക് നഷ്ടമായത്. ആ വലിയ ആഘാതത്തിന് പിന്നാലെ പ്രതിശ്രുത വരൻ ജൻസനും വാഹനാപകടത്തിൽ മരണപ്പെട്ടതോടെ ശ്രുതി ജീവിതത്തിൽ പൂർണമായും ഒറ്റപ്പെടുകയായിരുന്നു. തുടർന്ന് അന്നത്തെ എൽഡിഎഫ് സർക്കാർ ശ്രുതിക്ക് താങ്ങാവുകയും കളക്ടറേറ്റിൽ ജോലി നൽകുകയും ചെയ്തിരുന്നു.








0 comments