print edition തോമസ് കപ്പ് ബാഡ്‌മിന്റൺ; മെഡൽ ഉറപ്പിച്ച് ഇന്ത്യ

ഹോർസെൻസ് (ഡെൻമാർക്ക്) : ബാഡ്‌മിന്റൺ പുരുഷ ടീം ചാമ്പ്യൻഷിപ്പായ തോമസ് കപ്പിൽ ഇന്ത്യ മെഡൽ ഉറപ്പിച്ചു. ചൈനീസ് തായ്‌പേയിയെ മൂന്ന് കളിയിലും തോൽപ്പിച്ച് സെമിയിലെത്തിയതോടെയാണ് നേട്ടം. 2022ൽ സ്വർണം നേടിയിട്ടുള്ള ഇന്ത്യ 1952, 1955, 1979 വർഷങ്ങളിൽ വെങ്കലം കരസ്ഥമാക്കിയിട്ടുണ്ട്.
ക്വാർട്ടറിൽ ഇന്ത്യൻ താരങ്ങൾ മികച്ച ഫോമിലായിരുന്നു. ലക്ഷ്യാസെൻ ലോക ആറാം റാങ്കുകാരൻ ചോയു ടീൻ ചെന്നിനെ 18–21, 22–20, 21–17ന് തോൽപ്പിച്ചു. ആദ്യ ഗെയിം നഷ്‌ടമായശേഷമാണ് തിരിച്ചുവരവ്. രണ്ട് തവണ മാച്ച് പോയിന്റിൽനിന്നും രക്ഷപ്പെട്ടു. കളി ഒരു മണിക്കൂറും 28 മിനിറ്റും നീണ്ടു. ഇൗ മത്സരത്തിനിടെ ലക്ഷ്യാസെന്നിന്റെ ഇടത്തേ കൈമുട്ടിന് പരിക്കേറ്റത് തിരിച്ചടിയായി. ഫ്രാൻസിനെതിരായ സെമിയിൽ ലക്ഷ്യയുടെ സേവനം ലഭ്യമല്ല.
ആയുഷ് ഷെട്ടി ചൈനീസ് തായ്‌പേയിയുടെ ലിൻ ചുൻ യിയെ 21–16, 21–17ന് കീഴടക്കി. ഡബിൾസിൽ സാത്വിക് സായ്‌രാജ് രെങ്കി ശറഡ്ഡി–ചിരാഗ് ഷെട്ടിസഖ്യം അനായാസ ജയം നേടിയപ്പോൾ ഇന്ത്യക്ക് 3–0 ലീഡായി. അതോടെ സെമി ബർത്തും മെഡലും ഉറപ്പായി. സെമിയിൽ ഇന്ത്യ ഫ്രാൻസിനെയും ചൈന ഡെൻമാർക്കിനെയും നേരിടും. വനിതകളുടെ ഉൗബർ കപ്പ് ഫൈനലിൽ ചാമ്പ്യൻമായ ചൈന ദക്ഷിണകൊറിയയെ നേരിടും. ഇന്ത്യ ക്വാർട്ടറിലെത്താതെ പുറത്തായി.









0 comments