print edition മലപ്പുറം എക്‌സ്പ്രസ്സ് ; അത്‌ലറ്റിക്‌സിൽ തുടർച്ചയായ രണ്ടാംതവണയും ചാമ്പ്യൻമാർ


ഡി കെ അഭിജിത്
Published on Oct 29, 2025, 01:37 AM | 2 min read
തിരുവനന്തപുരം
മഴയെത്തും മുമ്പെ മലപ്പുറം കയറി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ റിലേ ട്രാക്കിലായിരുന്നു മലപ്പുറത്തിന്റെ ചാമ്പ്യൻ കുതിപ്പ്. പെരുമഴ ചൊരിയുംമുന്പ് സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ കിരീടം ഉറപ്പാക്കി. 22 സ്വർണവും 29 വെള്ളിയും 24 വെങ്കലവും. ആകെ 247 പോയിന്റ്. ആദ്യ നാല് ദിനങ്ങളിൽ മുന്നിലുണ്ടായിരുന്ന പാലക്കാടിന് അവസാന രണ്ട് ദിവസം കാലിടറി. പ്രത്യേകിച്ചും അവസാന ഇനമായ 4x100 മീറ്റർ റിലേയിൽ. 212 പോയിന്റാണ് പാലക്കാടിന്. സ്വർണ നേട്ടത്തിൽ മുന്നിലാണ്. 26 സ്വർണവും 15 വെള്ളിയും 14 വെങ്കലവും. പത്ത് വീതം സ്വർണവും വെള്ളിയും ഏഴ് വെങ്കലവുമായി കോഴിക്കോട് മൂന്നാമതെത്തി. ആകെ 91 പോയിന്റ്. മുൻ ചാമ്പ്യൻമാരായ എറണാകുളം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ സ്‌കൂൾ ഒളിമ്പിക്‌സിന് സമാനമായിരുന്നു മലപ്പുറവും പാലക്കാടും തമ്മിലുള്ള പോരാട്ടം. മലപ്പുറത്തിന് സ്വർണവും ആകെ പോയിന്റും കഴിഞ്ഞ വർഷത്തേതിന് സമാനമായിരുന്നു. പാലക്കാടിന് ഒരു സ്വർണവും ഒരു പോയിന്റും കുറഞ്ഞു.
ആദ്യനാല് ദിനം പാലക്കാടായിരുന്നു മുന്നിൽ. അഞ്ചാംദിനം മലപ്പുറം മുന്നിൽക്കയറി. 23 പോയിന്റ് വ്യത്യാസത്തിലാണ് അവസാന ദിനം ആരംഭിച്ചത്. 400 മീറ്ററിൽ അസാമാന്യ കുതിപ്പ് നടത്തിയ പാലക്കാട് മലപ്പുറത്തെ ഞെട്ടിച്ചു. മൂന്ന് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് പാലക്കാടിന് കിട്ടിയത്. മലപ്പുറത്തിന് ഒരു സ്വർണവും. ഇതോടെ ഒന്നാംസ്ഥാനത്ത് മലപ്പുറത്തിന്റെ ലീഡ് ഏഴ് പോയിന്റായി കുറഞ്ഞു. ഹാമർ ത്രോയിൽ സ്വർണവും വെങ്കലവും സ്വന്തമാക്കി പാലക്കാട് പോരാട്ടം ശക്തമാക്കി. വെള്ളി മലപ്പുറത്തിനായിരുന്നു. ജൂനിയർ വിഭാഗത്തിൽ മലപ്പുറം രണ്ടാമതും പാലക്കാട് മൂന്നാമതുമായി.
റിലേയിലേക്കായി പിന്നെ എല്ലാവരുടെയും കണ്ണുകൾ. ഇരു ജില്ലകളും ഒരുപോലെ പ്രതീക്ഷിച്ചു. പക്ഷേ, മലപ്പുറം കൊടുങ്കാറ്റായി മാറുകയായിരുന്നു. 4x100 റിലേ ആറ് വിഭാഗങ്ങളിൽ ഒന്നിൽ മാത്രമാണ് മെഡൽ കിട്ടാതിരുന്നത്. മൂന്ന് സ്വർണവും ഒരു വെള്ളിയും വെങ്കലവും. ആകെ 38 പോയിന്റ്.
മറുവശത്ത് സബ്‌ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽമാത്രമാണ് പാലക്കാടിന് ഒന്നാമതെത്താനായത്. ഒരു വെള്ളിയും കിട്ടി. ആകെ 16 പോയിന്റ്. പിന്നാലെ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾജന്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളും നേടിയതോടെ മലപ്പുറം ആഘോഷത്തിലായി.
78 പോയിന്റുമായി കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസ് ആണ് മലപ്പുറത്തിന്റെ കുതിപ്പിന് ഉൗർജം പകർന്നത്. തിരുന്നാവായ നാവാമുകുന്ദ സ്‌കൂൾ (57), ആലത്തിയൂർ സ്‌കൂൾ (32) എന്നിവയും ഒപ്പമുണ്ടായിരുന്നു. ആകെ 13 സ്‌കൂളുകളാണ് കിരീടനേട്ടത്തിൽ പങ്കാളികളായത്. റിലേയിൽ മൂന്ന് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് നേടിയത്.










0 comments