print edition തെക്ക് വടക്ക് ജിംഖാന

ആൺകൂട്ടികളുടെ 45കിലോ വിഭാഗം ഗുസ്തിയിൽനിന്ന്
വെെഷ്ണവ് ബാബു
Published on Oct 28, 2025, 12:36 AM | 2 min read
കളത്തിൽ തിരുവനന്തപുരത്തിന്റെ വിജയഗാഥ. തുടർച്ചയായ രണ്ടാം തവണയും ഗെയിംസ് ഇനങ്ങളിൽ എതിരാളികളില്ല. വ്യക്തിഗത ഇനങ്ങളിലും ടീം വിഭാഗങ്ങളിലും ഒരുപോലെ തിളങ്ങിയാണ് തിരുവനന്തപുരം ഗെയിംസിൽ കിരീടം നിലനിർത്തിയത്.
ഗെയിംസ് ടീം ഇനങ്ങളിൽ ആകെ 48 മെഡലുകളാണ് നേടിയത്. അതിൽ 16 സ്വർണവും 17 വെള്ളിയും 15 വെങ്കലവും. ബോക്‌സിങ്, ജുഡോ, ഹോക്കി, ഫെൻസിങ്, തയ്‌ക്വൊണ്ടൊ, ടെന്നീസ് ഇനങ്ങളിൽ ആധിപത്യം നേടി.
വ്യക്തിഗത ഇനങ്ങളിൽ 33 സ്വർണമുൾപ്പെടെ 208 പോയിന്റുമായി ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ കുതിപ്പിന് ഉൗർജം പകർന്നു. 14 സ്വർണവുമായി സെന്റ് ജോസഫ്‌സ് എച്ച്‌എസ്‌എസും 11 സ്വർണവുമായി സായിയും ഒപ്പംചേർന്നു. സ്‌പോർട്‌സ് ഡിവിഷനുകൾ ഉൾപ്പെടെ 61 സ്‌കൂളുകൾ തിരുവനന്തപുരത്തിന്റെ വിജയത്തിൽ പങ്കാളികളായി.
122 സ്വർണവും 77 വെള്ളിയും 120 വെങ്കലുമടക്കം 1107 പോയിന്റുമായാണ് തലസ്ഥാനം കിരീടമുറപ്പിച്ചത്. രണ്ടാംസ്ഥാനത്തുള്ള കണ്ണൂർ ജില്ലയ്‌ക്ക് 77 സ്വർണം, 71 വെള്ളി, 81 വെങ്കലം അടക്കം 798 പോയിന്റാണുള്ളത്. മൂന്നാംസ്ഥാനത്തുള്ള തൃശൂരിന് 72 സ്വർണം, 41 വെള്ളി, 83 വെങ്കലമടക്കം 695 പോയിന്റ്.
തിരുവനന്തപുരം
കേരളത്തിന്റെ കായിക കൗമാരത്തിന്റെ ശക്തിപ്രകടനം ഇടിക്കൂട്ടിലും ഗോദയിലും മുഴങ്ങി. തെക്കുവടക്ക് പോരായിരുന്നു ഇൗയിനങ്ങളിൽ. ബോക്സിങ് റിങ്ങിൽ തിരുവനന്തപുരം ആധിപത്യം ഉറപ്പിച്ചപ്പോൾ ഗോദയിൽ കണ്ണൂർ കലക്കി. ഭാരോദ്വഹനത്തിൽ മലപ്പുറമായിരുന്നു കരുത്തർ.
ബോക്‌സിങ്ങിൽ 51 വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. 21 സ്വര്‍ണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവുമുള്‍പ്പെടെ 128 പോയിന്റാണ് തിരുവനന്തപുരം നേടിയത്. 14 സ്വർണം ഉൾപ്പെടെ 108 പോയിന്റുമായി കോഴിക്കോട് പിന്നാലെയെത്തി.
ഗുസ്തിയില്‍ 20 സ്വര്‍ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ 129 പോയിന്റാണ് കണ്ണൂർ നേടിയത്. 12 സ്വര്‍ണവും ഉൾപ്പെടെ 107 പോയിന്റുമായി തിരുവനന്തപുരം രണ്ടാമതായി. വെള്ളായണി അയ്യന്‍കാളി സ്പോര്‍ട്സ് സ്കൂളിന്റെ മികവിലായിരുന്നു തലസ്ഥാന ജില്ലയുടെ മുന്നേറ്റം.
മൂന്ന് സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ 12 മെഡലുകള്‍ നേടി സംസ്ഥാനതലത്തിൽ മികച്ച മുന്നേറ്റം നടത്തിയ സ്കൂളാണിത്. 32 മത്സരങ്ങൾ പൂര്‍ത്തിയായപ്പോള്‍ ഏഴ് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമുള്‍പ്പെടെ 56 പോയിന്റാണ് മലപ്പുറം നേടിയത്.
കളരി കലക്കി
തിരുവനന്തപുരം
ജൂനിയർ വിഭാഗത്തിലും വടക്കൻ കളരിയുടെ ആധിപത്യം. പാലക്കാട്, മലപ്പുറം, കണ്ണൂർ, തൃശൂർ ജില്ലകൾക്കാണ് സുവർണ നേട്ടം. പെൺകുട്ടികളുടെ ചുവടിൽ മലപ്പുറം പൂക്കോട്ടൂർ ജിഎച്ച്‌എസ്‌എസിലെ ഇ പി സാന്ദ്ര സ്വർണം നേടി. മെയ്‌പ്പയറ്റിൽ പാലക്കാട് കണ്ണാടി എച്ച്‌എസ്‌എസിലെ എസ് പുണ്യശ്രീ സ്വർണമണിഞ്ഞു. നെടുവടിപ്പയറ്റ് ഗ്രൂപ്പ് ഇനത്തിൽ പാലക്കാടിനാണ് സ്വർണം. കുനിശ്ശേരി സ്വദേശികളായ എസ് പുണ്യശ്രീയും വി നിവേദ്യയുമാണ് മത്സരിച്ചത്. പുണ്യശ്രീക്ക് ദേശീയ കളരി ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണമടക്കം രണ്ടു മെഡലും നിവേദ്യയ്‌ക്ക് അഞ്ച് സ്വർണമടക്കം ആറു മെഡലും ലഭിച്ചിട്ടുണ്ട്.
ആൺകുട്ടികളുടെ വിഭാഗത്തിൽ മെയ്‌പ്പയറ്റിൽ തൃശൂർ പെങ്യാമുക്ക് സ്വദേശി വേദ്നാഥ് കൂനത്തിനാണ് ഒന്നാം സ്ഥാനം. കുന്നംകുളം ജിവിഎച്ച്എസ്എസ് ബോയ്സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ചുവടുകളിൽ മലപ്പുറം മേൽമുറി എംഎംഇടിഎച്ച്‌എ സിലെ പി മുഹമ്മദ് ഷാഹിലിനാണ് സ്വർണം. നെടുവടിപ്പയറ്റ് ടീം ഇനത്തിൽ കണ്ണൂർ സ്വർണം നേടി. ജില്ലയിലെ മുണ്ടേരി ജിഎച്ച്എസ്എസിലെ വിദ്യാർഥികളായ എജുർ പി രഞ്ജിത്, പി ആദിൽ എന്നിവരാണ് സ്വർണം നേടിയത്.










0 comments