print edition സ്വർണക്കപ്പ് തിരുവനന്തപുരത്തിന് ; മലപ്പുറത്തിന് അത്‌ലറ്റിക്‌സ് കിരീടം

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ രണ്ടാംതവണയും ഓവറോൾ കിരീടം സ്വന്തമാക്കിയ തിരുവനന്തപുരം ജില്ലാ ടീം മുഖ്യമന്ത്രിയുടെ സ്വർണക്കപ്പുമായി ആഹ്ലാദത്തിൽ ഫോട്ടോ: എ ആർ അരുൺരാജ്

ബിജോ ടോമി
Published on Oct 29, 2025, 03:49 AM | 1 min read
തിരുവനന്തപുരം
സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ തുടർച്ചയായ രണ്ടാംതവണയും തിരുവനന്തപുരത്തിന് ഓവറോൾ ചാമ്പ്യൻഷിപ്. ജേതാക്കൾക്കായി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പും തിരുവനന്തപുരം ഏറ്റുവാങ്ങി. ഗെയിംസിലും അക്വാട്ടിക്‌സിലും ആധിപത്യം നേടിയാണ് തലസ്ഥാന ജില്ല കുതിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർ ട്രോഫികൾ സമ്മാനിച്ചു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.
അത്‌ലറ്റിക്‌സിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ മലപ്പുറം ചാമ്പ്യൻപട്ടം നിലനിർത്തി. പാലക്കാടാണ് രണ്ടാമത്. തിരുവനന്തപുരത്തെ 12 വേദികളിലായി നടന്ന സ്‌കൂൾ ഒളിമ്പിക്‌സിന്റെ രണ്ടാംപതിപ്പ് ആവേശകരമായാണ് അവസാനിച്ചത്. 203 സ്വർണം ഉൾപ്പെടെ 1825 പോയിന്റുകൾ വാരിക്കൂട്ടി തിരുവനന്തപുരം മുന്നിലെത്തിയപ്പോൾ 91 സ്വർണവുമായി തൃശൂർ (892 പോയിന്റ്) രണ്ടാമതെത്തി. ഗെയിംസിൽ തിരുവനന്തപുരത്തിന് 1107 പോയിന്റാണ്. നീന്തലിൽ 649.
അത്‌ലറ്റിക്‌സിൽ 22 സ്വർണം ഉൾപ്പെടെ 247 പോയിന്റാണ് മലപ്പുറത്തിന്. പാലക്കാട് 26 സ്വർണവുമായി 212 പോയിന്റ് സ്വന്തമാക്കി. സ്‌കൂളുകളിൽ മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസ് ഒന്നാമതെത്തി. സ്‌പോർട്‌സ് സ്‌കൂളുകളിൽ തിരുവനന്തപുരം ജിവി രാജയാണ് മുന്നിൽ.
സ്‌കൂൾ ഒളിമ്പിക്‌സിന്റെ അവസാന ദിനം അത്‌ലറ്റിക്‌സിൽ നാല് റെക്കോഡുകൾ പിറന്നു. വിവിധ വിഭാഗങ്ങളിലെ 4x100 മീറ്റർ റിലേയിലാണ് റെക്കോഡുകൾ. ഇതിൽ സബ്‌ജൂനിയർ പെൺകുട്ടികളിൽ പാലക്കാട് 42 വർഷം പഴക്കമുള്ള റെക്കോഡാണ് തിരുത്തിയത്. 51.71 സെക്കൻഡിലാണ് നേട്ടം. മീറ്റിൽ ആകെ 16 റെക്കോഡുകളാണ്.










0 comments