കർശന നടപടിയുമായി സർക്കാർ , പ്രായതട്ടിപ്പ് നടത്തിയാൽ സ്‌കൂളുകളെ വിലക്കും
print edition സംസ്ഥാന സ്‌കൂൾ കായികമേള ; പ്രായപരിശോധന കർശനമാക്കും


ബിജോ ടോമി
Published on Jan 03, 2026, 12:10 AM | 1 min read
തിരുവനന്തപുരം
ഇൗ വർഷം മുതൽ സംസ്ഥാന സ്‌കൂൾ കായികമേളയിൽ പ്രായപരിശോധന കർശനമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂൾ തലം മുതൽ ആധാർ പരിശോധന നിർബന്ധമാക്കും. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കായിക മേളയിൽ സ്വർണമെഡൽ നേടിയ മൂന്ന് താരങ്ങൾ പ്രായത്തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരുന്നു. ഇവരെ ദേശീയ മത്സരങ്ങൾക്കുള്ള കേരള ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തു.
മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വിവിധ അക്കാദമികൾ വഴി കേരളത്തിൽ എത്തുന്ന കായിക താരങ്ങൾ വ്യാജ ആധാർ ഉപയോഗിച്ച് സ്‌കൂളുകളിൽ പ്രവേശനം നേടുകയും കായികമേളയിൽ മത്സരത്തിനെത്തുന്നതും ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് കർശന നടപടി. ഇതിനായി വലിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരത്തിൽ പ്രായത്തട്ടിപ്പ് നടത്തുന്ന കുട്ടികൾ പ്രതിനിധീകരിക്കുന്ന സ്‌കൂളുകളെയും പരിശീലകരെയും കായിക മേളയിൽ നിന്ന് വിലക്കുന്നതും ആലോചിക്കും.
കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായികമേളയിൽ മലപ്പറും തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസിലെയും കോഴിക്കോട് പുല്ലൂരാമ്പാറ സെന്റ് ജോസഫ്‌സ് എച്ച്‌എസ്‌എസിലെയും മൂന്ന് അത്‌ലീറ്റുകൾ പ്രായത്തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരുന്നു. ഉത്തർപ്രദേശ് സ്വദേശികളായ ജ്യോതി ഉപാധ്യായ, പ്രേം ഓജ, സഞ്ജയ് എന്നിവരാണ് തട്ടിപ്പ് നടത്തിയത്. ഇതിൽ സീനിയർ പെൺകുട്ടികളുടെ 100, 200 മീറ്റർ മത്സരങ്ങളിൽ വെള്ളി മെഡൽ നേടിയ പുല്ലൂരാമ്പാറ സ്‌കൂൾ വിദ്യാർഥി ജ്യോതി ഉപാധ്യായയെ കായിക മേളയിൽ നിന്ന് വിലക്കുകയും ചെയ്‌തു. ദേശീയ മത്സരത്തിനുള്ള കേരള ക്യാമ്പിൽ പങ്കെടുക്കാതിരുന്നതോടെയാണ് സീനിയർ ആൺകുട്ടികളുടെ റിലേയിൽ റെക്കോർഡ് നേട്ടത്തോടെ ഒന്നാമതെത്തിയ മലപ്പുറം ജില്ലാ ടീം അംഗമായിരുന്ന പ്രേം ഓജ (തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസ്), സബ്‌ജൂനിയർ ആൺകുട്ടികളുടെ 100, 200 മീറ്റർ ഓട്ടത്തിലും സ്വർണം നേടിയ സഞ്ജയ് (പുല്ലൂരാമ്പാറ സെന്റ് ജോസഫ്‌സ് എച്ച്‌എസ്‌എസ്) എന്നിവരും പ്രായത്തട്ടിപ്പ് നടത്തിയതായി മനസ്സിലായത്.
ഇരു സ്‌കൂളുകളോടും വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. അതിനുശേഷം നടപടിയിലേക്ക് കടക്കും.വിലക്ക് നേരിട്ട കുട്ടികൾ കേരളത്തിൽ എത്താനിടയായ സാഹചര്യം അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ സർക്കാരിന് ലഭിച്ചു. താൽക്കാലിക നേട്ടത്തിനായുള്ള കുറുക്കുവഴികൾ കർശനമായി തടയാനാണ് തീരുമാനം.










0 comments