ad
Deshabhimani

വിരിയട്ടെ, പൊൻപതക്കങ്ങൾ; സ്‌കൂള്‍ ഒളിമ്പിക്‌സിന് ഇന്ന് കൊടിയേറ്റം

sports
വെബ് ഡെസ്ക്

Published on Oct 21, 2025, 06:14 AM | 1 min read

തിരുവനന്തപുരം: ഇനി, കളിമൈതാനങ്ങളിൽ കായികകൗമാരം കനകംതിരയുന്ന ദിവസങ്ങൾ. തലസ്ഥാനത്ത് സ്‌കൂൾ ഒളിമ്പിക്‌സിന്‌ ഇന്ന്‌ കൊടിയേറും. തിരുവനന്തപുരം ഇനി കളികളുടെ തലസ്ഥാനമാണ്‌. എട്ട്‌ ദിനരാത്രങ്ങൾ കണ്ണും കാതും കരളും കുട്ടികൾക്കായി സമർപ്പിക്കാം. പലനാളുകൾ, പല നാടുകൾ ഒടുവിൽ അവർ ഒരുമയുടെ ട്രാക്കിലെത്തുന്നു.


വൈകിട്ട് നാലിന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റുണ്ടാകും. ഇന്ത്യൻ ഫുട്ബോള്‍ മുന്‍ ക്യാപ്റ്റന്‍ ഐ എം വിജയനും മന്ത്രി വി ശിവൻകുട്ടിയും ദീപശിഖ കൊളുത്തും. ബുധനാഴ്‌ച മുതൽ മത്സരം ആരംഭിക്കും. യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയം, പിരപ്പന്‍കോട് ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അക്വാറ്റിക് കോംപ്ലസ്‌, സെന്‍ട്രല്‍ സ്റ്റേഡിയം, മെഡിക്കല്‍ കോളേജ് സ്റ്റേഡിയം, വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ട്, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ജി വി രാജ സ്പോര്‍ട്സ് സ്കൂള്‍ ഗ്രൗണ്ട്, കാലടി ഗവ. എച്ച്എസ്എസ് ഗ്രൗണ്ട്, സെന്റ് സേവിയേഴ്സ് കോളേജ് സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റെയ്ഞ്ച്, ടെന്നീസ് ക്ലബ് എന്നി 12 വേദികളിലാണ് മത്സരം.


കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം


സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ്‌ മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്‌സ്‌ ചാനലിൽ കാണാം. രാവിലെ 6.30മുതൽ രാത്രി എട്ടുവരെ അഞ്ച് വേദികളിൽ നടക്കുന്ന മത്സരങ്ങളാണ്‌ തത്സമയം സംപ്രേഷണംചെയ്യുക. ഉദ്‌ഘാടന ചടങ്ങുകളും കാണാം. മറ്റ്‌ വേദികളിലെ മത്സരങ്ങൾ റെക്കോഡ് ചെയ്ത് കാണിക്കും. കൈറ്റ് വിക്ടേഴ്സ് ആപ്പിലും victers.kite.kerala.gov.in വെബ്സൈറ്റിലും കൈറ്റിന്റെ itsvicters യൂട്യൂബ് ചാനലിലും ഇ-–വിദ്യ കേരളം ചാനലിലും കാണാം. എല്ലാ മത്സരഫലങ്ങളും സര്‍ട്ടിഫിക്കറ്റും www.sports.kite.kerala.gov.in പോര്‍ട്ടല്‍വഴി ലഭിക്കും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home