print edition സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ്; ട്രാക്കിൽ പ്രതീക്ഷയുടെ വേഗം

സ്‌പോർട്‌സ് ലേഖകൻ
Published on Oct 30, 2025, 01:00 AM | 2 min read
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിന്റെ രണ്ടാം പതിപ്പ് അവസാനിക്കുമ്പോൾ പ്രതീക്ഷയുടെ ട്രാക്കിലാണ് കേരളത്തിന്റെ അത്‌ലറ്റിക്‌സ്. ഒന്നാന്തരം പ്രകടനങ്ങളായിരുന്നു തിരുവനന്തപുരത്ത് നടന്ന മേളയിൽ കണ്ടത്. റെക്കോഡുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വർധനവുണ്ടായി. കൂടുതൽ സ്‌കൂളുകൾ പോരാട്ടത്തിൽ പങ്കാളികളായി. പാരമ്പര്യം തകർത്തുകൊണ്ടായിരുന്നു മുന്നേറ്റങ്ങൾ. ജില്ലകളിൽ മലപ്പുറം, പാലക്കാട് ടീമുകൾ തുടർച്ചയായ രണ്ടാം തവണയും ആവേശകരമായ പോരാട്ടം സമ്മാനിച്ചു. അവസാന രണ്ട് ദിനങ്ങളിലെ കുതിപ്പിൽ മലപ്പുറം ജേതാക്കളാകുകയായിരുന്നു.
പതിനാറ് റെക്കോഡുകളാണ് മീറ്റിൽ തിരുത്തപ്പെട്ടത്. കഴിഞ്ഞ വർഷത്തേക്കാൾ ഏഴെണ്ണം കൂടുതൽ. സ്‌പ്രിന്റിൽ മാത്രം ഏഴ് റെക്കോഡുകളാണ്. കഴിഞ്ഞ തവണ സ്‌പ്രിന്റിൽ ഒരെണ്ണം പോലുമുണ്ടായില്ല. സബ്‌ജൂനിയർ പെൺകുട്ടികൾ, ജൂനിയർ ആൺകുട്ടികൾ വിഭാഗങ്ങളിൽ മൂന്ന് റെക്കോഡാണ് പിറന്നത്. പെൺകുട്ടികളിൽ 100 മീറ്റർ, 200 മീറ്റർ ഓട്ടങ്ങളിൽ 38 വർഷമുള്ള റെക്കോഡ് മാഞ്ഞു. ഇടുക്കിയുടെ ദേവപ്രിയ ഷൈബുവും പാലക്കാടിന്റെ എസ് ആൻവിയുമാണ് ആ രണ്ട് മിടുക്കികൾ.
ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 37 വർഷം പഴക്കമുള്ള റെക്കോഡാണ് ആലപ്പുഴക്കാരൻ ടി എം അതുൽ തിരുത്തിയത്. അതുലിന് ഇരട്ട റെക്കോഡുണ്ട്. സബ്‌ജൂനിയർ പെൺകുട്ടികളുടെ റിലേയിൽ 42 വർഷം പഴക്കമുള്ള സമയം പാലക്കാട് തിരുത്തി. നിവേദ് കൃഷ്‌ണ, ആദിത്യ അജി, ദേവനന്ദ വി ബിജു, ശ്രീഹരി കരിക്കൻ തുടങ്ങി ഒരുപിടി താരങ്ങളാണ് മേളയുടെ കണ്ടെത്തൽ. ഐഡിയൽ കടകശേരി, തിരുന്നാവായ നാവാമുകുന്ദ, ആലത്തിയൂർ, രായിരിമംഗലം സ്‌കൂളുകളാണ് മലപ്പുറത്തിന് മേൽക്കൈ നൽകിയത്. വടവന്നൂർ സ്‌കൂളിന്റെ മികവിനൊപ്പം മുണ്ടൂർ സ്‌കൂളിന്റെ തിരിച്ചുവരവും പാലക്കാടിന് ഗുണകരമായി. എറണാകുളവും കോട്ടയവും ഏറെ പിന്നിൽപ്പോയി. അതേസമയം, ജന്പ് ഇനങ്ങളിലെ നിലവാരമുയർന്നില്ല. പിറ്റിൽ മികച്ച പ്രകടനങ്ങൾ കുറവായിരുന്നു.
പ്രായപരിശോധനയ്‌ക്ക് ശാസ്ത്രീയ സംവിധാനം
സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ മത്സരാര്‍ഥികളുടെ പ്രായപരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അടുത്ത മേള മുതൽ ഇത് പ്രാവര്‍ത്തികമാക്കും. പ്രായം തട്ടിപ്പ് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ആവർത്തിക്കാതിരിക്കാനുള്ള നടപടികളുണ്ടാകും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍, ചില പ്രിന്‍സിപ്പല്‍മാരും സ്കൂള്‍ മാനേജ്മെന്റും ഇതിനായി പണം ചെലവഴിക്കാന്‍ തയ്യാറാകാത്ത സാഹചര്യമുണ്ട്. ഇത്തരം സ്കൂളുകളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാന്‍ ഡിജിഇയെ ചുമതലപ്പെടുത്തി. കായികതാരങ്ങളുടെ ടിഎ വര്‍ധിപ്പിക്കണമെന്ന് ധനവകുപ്പിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലിചെയ്യുന്നവരെ കുട്ടികള്‍ക്ക് ഉപയോഗപ്രദമാകുംവിധം ജോലി പുനഃക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.










0 comments