കൈക്കരുത്തിന് സ്വർണം നേടി ഷൗക്കത്ത്; കേരളത്തിന് അഭിമാനമായി കോഴിക്കോട്ടുകാരൻ

കോഴിക്കോട് : ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കോഴിക്കോട് സ്വദേശി ഷൗക്കത്ത് വി ടി. ന്യൂഡൽഹിയിൽ നടന്ന 47ാമത് ചാമ്പ്യൻഷിപ്പിലാണ് ഷൗക്കത്ത് ഈ നേട്ടം സ്വന്തമാക്കിയത്. പുരുഷന്മാരുടെ 60 കിലോഗ്രാം മാസ്റ്റേഴ്സ് വിഭാഗത്തിൽ വലതുകൈ കൊണ്ടുള്ള മത്സരത്തിൽ സ്വർണവും ഇടതുകൈ കൊണ്ടുള്ള മത്സരത്തിൽ വെങ്കലവും ഷൗക്കത്ത് കരസ്ഥമാക്കി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ കുന്നത്തുപാലം സ്വദേശിയാണ് ഷൗക്കത്ത്. ആദ്യമായാണ് ഈ ഇനത്തിൽ ഒരു മലയാളി സ്വർണമെഡൽ നേടുന്നത്.
ദേശീയ, അന്തർദേശീയ തലങ്ങളിൽ നിരവധി മെഡലുകൾ സ്വന്തമാക്കിയ ഷൗക്കത്ത് നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഈ നേട്ടം കൈവരിച്ചത്. ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുന്ന ഷൗക്കത്ത് കഠിനമായ പരിശീലനത്തിലൂടെയാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. ഓട്ടോഡ്രൈവറായ ഷൗക്കത്ത് കഠിനമായ പരിശീലനത്തിലൂടെയാണ് ഈ നേട്ടത്തിലേക്കെത്തിയത്. മുൻപ് പലതവണ ലോക ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയിട്ടും സാമ്പത്തിക പ്രതിസന്ധികൾ കാരണം പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
പ്രീതി ഝംഗിയാനി, പർവീൺ ദബാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രോ പൻജ ലീഗ് നടത്തിയ പരിശ്രമങ്ങളാണ് ഇന്ത്യൻ ആംറെസ്‌ലിംഗ് താരങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ അവസരങ്ങൾ തുറന്നുനൽകിയത്. പ്രോ പൻജ ലീഗിൽ 'കൊച്ചി കെ.ഡി.എസ്' ടീമിനായി മത്സരിച്ച ഷൗക്കത്ത്, ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി മത്സരങ്ങളിൽ വിജയം കൈവരിച്ചിട്ടുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച്, സ്വന്തം പ്രയത്നത്താൽ നേട്ടം കൈവരിച്ച ഷൗക്കത്ത് ഇന്ത്യക്കാർക്കാകെ വലിയ പ്രചോദനമാവുകയാണ്.








0 comments