വളർമതി മുടി മുറിക്കുന്നത് കണ്ട് കരഞ്ഞ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ ഈ അതിക്രമത്തിന് നേതൃത്വം നൽകുന്നത്?: പിണറായി വിജയൻ

തിരുവനന്തപുരം: വളർമതി മുടി മുറിക്കുന്നത് കണ്ട് കരഞ്ഞ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ ഈ അതിക്രമത്തിന് നേതൃത്വം നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊലീസിനെ ഉപയോഗിച്ച്, സര്‍ക്കാര്‍ സമരപ്പന്തലില്‍ നടത്തിയ അതിക്രമത്തെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. രാത്രിയുടെ മറവിൽ സമരപ്പന്തൽ പൊളിച്ചുനീക്കുകയും സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സർക്കാരിന്റെ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതി സർക്കാർ തുടരുകയാണ്. സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യം ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാകുന്ന സർക്കാരാണ് ജനാധിപത്യത്തിന് ആവശ്യം. ഡൽഹിയിൽ നരേന്ദ്ര മോദിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവർത്തിക്കാമെന്ന വി ഡി സതീശന്റെയും യുഡിഎഫിന്റെയും വ്യാമോഹം നടക്കില്ലെന്നും പിണറായി പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ മാസങ്ങളോളം ആശാവർക്കർമാരുടെ പേരിൽ സമരം നടന്നിട്ടും സമരപ്പന്തൽ പൊളിക്കാൻ ആരും പോയിട്ടില്ല. അന്ന് ആ സമരത്തെ നിരന്തരം അഭിവാദ്യം ചെയ്യുകയും സർക്കാരിനെതിരെ പ്രസംഗിക്കുകയും ചെയ്തവരാണ് ഇപ്പോൾ എൽപിഎസ്‌ടി ഉദ്യോഗാർഥികളുടെ സമരം തകർക്കാൻ പന്തൽ പൊളിക്കലും അറസ്റ്റുമായി എത്തിയിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. പൊലീസ് അതിക്രമത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.








0 comments