'ഞങ്ങളെ കൊല്ലേണ്ടിവരും, സമരത്തിൽനിന്ന് പിന്മാറില്ല; സര്‍ക്കാരിനെതിരെ ഉദ്യോഗാര്‍ഥികള്‍
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആജ്ഞ അനുസരിച്ച് അതിക്രമം നടത്തുകയും സമരപ്പന്തൽ പൊളിക്കുകയും ചെയ്ത പൊലീസ് നടപടി നീചമെന്ന് എൽപിഎസ്ടി ഉദ്യോഗാർഥികൾ. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ല, അല്ലെങ്കിൽ സർക്കാരിന് ഞങ്ങളെ കൊല്ലേണ്ടിവരും. നിരാഹാരമിരുന്ന സമരസമിതി കൺവീനർ വളർമതിയെ ബലംപ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്- ഉദ്യോഗാർഥികൾ അറിയിച്ചു. വളർമതിക്ക് പകരമായി ജയകൃഷ്ണന്‍ എന്ന ഉദ്യോഗാര്‍ഥി നിരാഹാരം ആരംഭിച്ചു.
ബുധൻ രാത്രി ഒൻപതരയോടെയാണ് വൻ പൊലീസ് സന്നാഹം സെക്രട്ടറിയറ്റി പടിക്കലെ സമരപ്പന്തലിലേക്ക് ഇരച്ചുകയറിയത്. സമരപ്പന്തൽ അടിച്ചുതകർക്കുകയും പ്രതിഷേധിച്ചവരെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും പൊലീസ് തകർത്തു.
പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി. ഉദ്യോഗാർഥികൾക്കായി ഡിവൈഎഫ്ഐ പുതിയ സമരപ്പന്തൽ നിർമിച്ച് നൽകി. രാത്രി മുഴുവൻ സമരക്കാർക്ക് ഡിവൈഎഫ്ഐ കാവൽനിൽക്കും. ന്യായമായ ആവശ്യമുന്നയിച്ചുള്ള സമരത്തെ അടിച്ചമർത്തുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ശക്തമായ പ്രതിഷേധം വരുംദിവസങ്ങളിലുണ്ടാകുമെന്നും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എൽ എസ് ലിജു പറഞ്ഞു.
ജോലി നൽകാമെന്ന് വാക്ക് നൽകിയ യുഡിഎഫ് സർക്കാർ വഞ്ചിക്കുന്നതിനെതിരെ 128ാം ദിവസമായി എൽപിഎസ്ടി ഉദ്യോഗാർഥികൾ സമരത്തിലാണ്. വളർമതിയുടെ നിരാഹാര സമരം 17 ദിവസം പിന്നിടുകയും ചെയ്തിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് വളർമതി വ്യക്തമാക്കിയത്.









0 comments