Deshabhimani

ഉദ്യോ​ഗാർഥികൾക്കുനേരെ പൊലീസ് അതിക്രമം; സമരപ്പന്തൽ തകർത്തു; സമരക്കാരെ വലിച്ചിഴച്ചു

Police Crackdown on Protesting LPST Candidates

എൽപിഎസ്‍ടി ഉദ്യോ​ഗാർഥികളുടെ സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കുന്നു

വെബ് ഡെസ്ക്

Published on Nov 11, 2026, 09:44 PM | 2 min read

തിരുവനന്തപുരം: സർക്കാർ വഞ്ചനയ്ക്കെതിരെ സെക്രട്ടറിയറ്റിന് മുന്നിൽ സമാധാനപരമായി സമരം ചെയ്ത എൽപിഎസ്‍ടി ഉദ്യോ​ഗാർഥികൾക്കുനേരെ പൊലീസ് അതിക്രമം. നിരാഹാരമിരുന്ന സമരസമിതി കൺവീനർ വളർമതിയെ ഉൾപ്പെടെ ബലംപ്രയോ​ഗിച്ച് നീക്കി. പ്രതിഷേധിച്ച മറ്റുള്ളവരെ റോഡിലൂടെ പൊലീസ് വലിച്ചിഴച്ചു. സമരപ്പന്തലും സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും പൊലീസ് തകർത്തു.


രാത്രി ഒൻപതരയോടെയാണ് ഇരച്ചെത്തിയ പൊലീസ് സംഘം ഉദ്യോ​ഗാർഥികൾക്കുനേരെ തിരിഞ്ഞത്. ഈ സമയം സമരപ്പന്തലിൽ ആളും കുറവായിരുന്നു. പൊലീസിന്റെയും സർക്കാരിന്റെയും നടപടി നീചമാണെന്ന് സമരക്കാർ പറഞ്ഞു. കഷ്ടപ്പെട്ട് പഠിച്ച് ലിസ്റ്റിൽ വന്നതാണ്. പറഞ്ഞ വാക്ക് പാലിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. എന്തുവന്നാലും സമരം തുടരും. അവകാശങ്ങൾ നേടിയെടുത്തിട്ടേ മടങ്ങൂ. അല്ലെങ്കിൽ ഞങ്ങളെ കൊല്ലേണ്ടി വരും- ഉദ്യോ​ഗാർഥികൾ പറഞ്ഞു.


പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ രം​ഗത്തെത്തി. ന്യായമായ ആവശ്യമുന്നയിച്ചുള്ള സമരത്തെ അടിച്ചമർത്തുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എൽ എസ് ലിജു പറഞ്ഞു. ഉദ്യോ​ഗാർഥികൾക്കായി ഡിവൈഎഫ്ഐ സമരപ്പന്തൽ നിർമിച്ച് നൽകും. പൊലീസ് നടപടിയിൽ ശക്തമായ പ്രതിഷേധമുയരുമെന്നും ലിജു പറഞ്ഞു.


ജോലി നൽകാമെന്ന് വാക്ക് നൽകിയ യുഡിഎഫ് സർക്കാർ വഞ്ചിക്കുന്നതിനെതിരെ 128ാം ദിവസമായി എൽപിഎസ്ടി ഉദ്യോ​ഗാർഥികൾ സമരത്തിലാണ്. വളർമതിയുടെ നിരാഹാര സമരം 17 ദിവസം പിന്നിടുകയും ചെയ്തിരുന്നു. ആവശ്യങ്ങൾ അം​ഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് വളർമതി വ്യക്തമാക്കിയത്.


1:25 എന്ന അനുപാതം നടപ്പിലാക്കണമെന്നാണ് ഉദ്യോ​ഗാർഥികളുടെ പ്രധാന ആവശ്യം. എന്നാൽ ഈ ആവശ്യം അം​ഗീകരിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. ഉദ്യോ​ഗാർഥികൾ സമരം ആരംഭിച്ചതിനുപിന്നാലെ വിഷയം പഠിക്കാനെന്നുപറഞ്ഞ് സർക്കാർ 45 ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടാകാഞ്ഞ സാഹചര്യത്തിലാണ് ഉദ്യോ​ഗാർഥികൾ വീണ്ടും സമരം ആരംഭിച്ചത്. സമരം കടുപ്പിക്കുന്നതിന്റെ ഭാ​ഗമായി വളർമതി തല മുണ്ഡനം ചെയ്താണ് നിരാഹാരം ആരംഭിച്ചത്. മൂന്നുതവണ എൽപിഎസ്ടി പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ ഇടംനേടിയതാണ്‌ വളർമതി. അവസാന അവസരമായി ഒടുവിലെഴുതിയ പരീക്ഷയിൽ പാലക്കാട്‌ ജില്ലയിൽ 168–ാം റാങ്ക്‌. 2025 മെയ് 31ന് പ്രസിദ്ധീകരിച്ച പട്ടികയിലെ ഒന്നാം റാങ്കുകാരനുപോലും ജോലി ലഭിച്ചില്ല. സംസ്ഥാനത്താകെ നിയമനം ലഭിച്ചത്‌ 239 പേർക്കുമാത്രം. സംസ്ഥാനത്ത്‌ 11,000 പേരാണ്‌ എൽപിഎസ്‌ടി റാങ്ക്‌ പട്ടികയിലുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home