ad
Deshabhimani

വടക്കൻഗാഥ; കളരി സീനിയറിൽ വീറുകാട്ടി കണ്ണൂർ

kalaripayattu
avatar
ബിജോ ടോമി

Published on Oct 27, 2025, 02:58 AM | 1 min read

തിരുവനന്തപുരം: അങ്കത്തട്ടിൽ വീരാളിപ്പട്ട്‌ മുറുക്കി വടക്കൻഗാഥ. സംസ്ഥാന സ്‌കൂൾ കായികമേളയിൽ കളരിപ്പയറ്റ്‌ അരങ്ങേറ്റത്തിലൂടെ ചരിത്രമായി. സീനിയർ വിഭാഗം മത്സരങ്ങളിൽ വീറുകാട്ടിയത്‌ കണ്ണൂർ. ഗ്രൂപ്പ്‌ ഇനമായ മെയ്‌പ്പയറ്റിൽ ആൺകുട്ടികളിലും പെൺകുട്ടികളിലും കണ്ണൂർ പൊന്നണിഞ്ഞു.


ചടുലതയും വേഗവും സമ്മേളിച്ച ചൂരൽവടികൊണ്ടുള്ള അടിയും തടയും കാണികളിലും ആവേശമുണർത്തി. ആക്രമിച്ചും പ്രതിരോധിച്ചും പെൺകുട്ടികളിൽ കണ്ണൂരിനുവേണ്ടി മുണ്ടേരി ജിഎച്ച്‌എസ്‌എസിലെ പ്ലസ്‌ ടു വിദ്യാർഥികളായ പി പി ശ്രീകൃപയും സി കീർത്തനയുമാണ്‌ സ്വർണം നേടിയത്‌.


സീനിയർ ആൺകുട്ടികളുടെ നെടുവടിപ്പയറ്റിൽ കണ്ണൂരിനായി മട്ടന്നൂർ എച്ച്‌എസ്‌എസിലെ ഭഗത്‌ കെ ജനനനും അധിരത്ത്‌ സുജിത്തും സ്വർണം നേടി. പെൺകുട്ടികളുടെ മെയ്‌പ്പയറ്റിലും കണ്ണൂരാണ്‌. പാല ജിഎച്ച്‌എസ്‌എസ്‌പിയിലെ അബിന ബാബുവിനാണ്‌ സ്വർണം. ആൺകുട്ടികളിൽ പാലക്കാട്‌ കൊണ്ടുപോയി.


പാലക്കാട്‌ പിഎംജി എച്ച്‌എസ്‌എസിലെ പ്ലസ് ടു വിദ്യാർഥിയായ എൻ അതുൽരാജിനാണ്‌ ഒന്നാം സ്ഥാനം. കണ്ണൂർ സെന്റ് മൈക്കിൾസ് എഐഎച്ച്എസ്എസിലെ എം നിയാതിഷ് വെള്ളി നേടി. നിയാതിഷിന്‌ ചുവടിലും വെങ്കലമുണ്ട്‌. ചുവട്‌ ഇനത്തിൽ പെൺകുട്ടികളിൽ തിരുവനന്തപുരം കരമന ജിജിഎച്ച്‌എസ്‌എസിലെ പ്ലസ്‌ ടു വിദ്യാർഥി ഗോപിക എസ്‌ മോഹനാണ്‌ സ്വർണം.


മലപ്പുറം കൊട്ടുകര പിപിഎംഎച്ച്‌എസ്‌എസിലെ കെ ഫരീദ റഹ്‌മ വെള്ളി നേടി. സീനിയർ ആൺകുട്ടികളിൽ മലപ്പുറം പൂക്കോട്ടൂർ പി മുഹമ്മദ്‌ ഷാമിലിനാണ്‌ സ്വർണം. തൃശൂർ ഗുരുവായൂർ ശ്രീകൃഷ്‌ണ എച്ച്‌എസ്‌എസിലെ കെ പി അഭിനന്ദ്‌ വെള്ളി നേടി.തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന കളരിപ്പയറ്റ്‌ മത്സരങ്ങൾ കാണാൻ മന്ത്രി വി ശിവൻകുട്ടിയും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എത്തിയിരുന്നു. മികച്ച പ്രകടനത്തിന്‌ ആശംസ നേർന്നാണ്‌ ഇരുവരും മടങ്ങിയത്‌.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home