Deshabhimani

സെൻസസ് ഭേദഗതിയില്‍ അടിയന്തിര ഇടപെടൽ വേണം ; രാഷ്ട്രപതിക്ക് കത്തയച്ച് എം എ ബേബി

ma baby press meet.JPG
വെബ് ഡെസ്ക്

Published on Oct 20, 2026, 07:37 PM | 1 min read

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെൻസസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ പിൻവലിക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.


ഒക്ടോബർ 16ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സെൻസസ് ഭേദഗതി ചട്ടങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്നും രാജ്യത്ത് പുരോഗമിക്കുന്ന സെൻസസ് നടപടികളുടെ നിഷ്പക്ഷതയും സുതാര്യതയും രഹസ്യാത്മകതയും ഉറപ്പുവരുത്തുന്നതിന് അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കത്തിലൂടെ അഭ്യർഥിച്ചു.


'സെൻസസ് (അമെൻഡ്മെന്റ്) റൂൾസ്, 2026' അനുസരിച്ച് സെൻസസ് എന്യൂമറേറ്റർമാരായി നിയമിക്കപ്പെടാവുന്ന വ്യക്തികളുടെ പരിധി വൻതോതിൽ വിപുലീകരിച്ചിരിക്കുകയാണ്. സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയ്ക്കുപുറമേ എയ്ഡഡ്, അൺഎയ്ഡഡ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും ചുമതലപ്പെടുത്താം. പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, കമ്പനികൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ എന്നിവയിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പരിഗണിക്കാം. സംസ്ഥാന സർക്കാരോ കേന്ദ്രഭരണപ്രദേശത്തെ ഭരണകൂടമോ അനുയോജ്യരെന്ന് കരുതുന്ന മറ്റ് വ്യക്തികളെയും നിയോഗിക്കാൻ വ്യവസ്ഥയുണ്ട്.


വ്യക്തമായ മാനദണ്ഡങ്ങളോ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാതെ അധികാരം നൽകുന്നത് ഏകപക്ഷീയവും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതുമായ നിയമനങ്ങൾക്ക് വഴിതുറക്കുമെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി. വീടുകളിൽ നിന്ന് നിർണായകമായ വ്യക്തിഗത വിവരങ്ങളാണ് സെൻസസിന്റെ ഭാഗമായി ശേഖരിക്കുന്നത്. സ്വകാര്യ വ്യക്തികളെയും ഭരണകക്ഷിയുമായി ബന്ധമുള്ളവരെയും വിവരശേഖരണത്തിന് നിയോഗിക്കുന്നതിലൂടെ രാജ്യത്തെ പൗരന്മാരുടെ സ്വകാര്യവിവരങ്ങളിലേക്ക് സംഘപരിവാർ പ്രവർത്തകർക്ക് പ്രവേശനം ലഭിക്കാനുള്ള വഴിയൊരുക്കും. ഇത് ജനങ്ങളുെട അവകാശങ്ങൾ കവരുന്നതിന് ഉപയോ​ഗിക്കുമെന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.

സെൻസസിന്റെ രണ്ടാംഘട്ട ചോദ്യാവലിയിൽ ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട്, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മാതാപിതാക്കളുടെ മതവും ജനനസ്ഥലവും തുടങ്ങിയ വിവരങ്ങൾ ശേഖരിക്കരുതെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 24ന് സിപിഐ എം രജിസ്ട്രാർ ജനറലിനും സെൻസസ് കമീഷണർക്കും നിവേദനം നൽകിയിരുന്നു. എന്നാൽ പുതിയ ഭേദഗതി വന്നതോടെ ഈ ആശങ്കകൾ കൂടുതൽ ശക്തമായിരിക്കുകയാണ്.


എസ്ഐആർ വഴി സാധാരാണക്കാരായ പൗരന്മാർ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്. ഇതിനിടെ രാജ്യവ്യാപകമായി ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ നിരീക്ഷണത്തിനോ പൗരത്വ നിർണയത്തിനോ രാഷ്ട്രീയ നേട്ടങ്ങൾക്കോ ഉള്ള ഉപകരണമാക്കരുതെന്ന് എം എ ബേബി കത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home