Deshabhimani

ഇന്ത്യൻ ജനാധിപത്യം ​ഗുരുതര പ്രതിസന്ധിയിൽ: ഒക്ടോബർ 23ന് രാജ്യവ്യാപക ജനകീയ മാർച്ച്

prakash raj
വെബ് ഡെസ്ക്

Published on Oct 20, 2026, 07:54 PM | 1 min read

ന്യൂഡൽഹി: ജനാധിപത്യത്തിന് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ഓരോ പൗരന്മാരും ശബ്ദമുയർത്തി മുന്നോട്ട് വരണമെന്ന് പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ സമിതി. തെരഞ്ഞെടുപ്പ് കമീഷനെതിരെയും എസ്ഐആറിനെതിരെയും ഒക്ടോബർ 23ന് രാജ്യവ്യാപക ജനകീയ മാർച്ച് സംഘടിപ്പിക്കാൻ സമിതി ആഹ്വാനം ചെയ്തു. പ്രകാശ് രാജ്, പ്രശാന്ത് ഭൂഷൺ, പരകാല പ്രഭാകർ, രാകേഷ് ടിക്കായത്ത്, അഞ്ജലി ഭരദ്വാജ്, ഗണേഷ് ദേവി, തുഷാർ ഗാന്ധി, അഭിജിത് ദിപ്കെ, നേഹ ബോറ, ഐഷി ഘോഷ്, വിരാജ് ദേവാംഗ് എന്നിവരടങ്ങുന്ന അഖിലേന്ത്യാ ഏകോപന സമിതിയാണ് പ്രസ്താവന പുറത്തുവിട്ടത്.


ജന്തർ മന്തർ മാതൃകയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് തീരുമാനം."ഓരോ കൈയിലും ത്രിവർണ്ണ പതാക, ഓരോ തെരുവിലും ഒരു ജന്തർ മന്തർ" എന്ന മുദ്രാവാക്യമുയർത്തിയാകും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നതാണ് പ്രധാന ആവശ്യം.


വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) റദ്ദാക്കുകയും പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടവരെ തിരിച്ചുചേർക്കുകയും വേണം. തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമം 2023ലെ വിവാദ വ്യവസ്ഥകൾ റദ്ദാക്കി നിഷ്പക്ഷ നടപടിക്രമത്തിലൂടെ പുതിയ കമ്മീഷനെ നിയമിക്കണം. പേപ്പർ ബാലറ്റ് സംവിധാനം പുനഃസ്ഥാപിക്കണം. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളിലൂടെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.


ഒക്ടോബർ 23ലെ ജനകീയ മാർച്ചിലും രാജ്യവ്യാപക പ്രതിഷേധങ്ങളിലും പങ്കുചേരാൻ ഇന്ത്യ സഖ്യത്തിലെ രാഷ്ട്രീയ പാർട്ടികളോട് സമിതി അഭ്യർഥിച്ചു. ഒക്ടോബർ 14നാണ് വിദ്യാർഥികൾ, യുവജനങ്ങൾ, കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളുടെ സംഘടനകൾ ചേർന്ന് 'പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ' രൂപീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home