ദേശീയ സ്കൂൾ മീറ്റ് കേരളത്തിന് വെങ്കലം

റാഞ്ചി > ദേശീയ സീനിയർ (അണ്ടർ 19) സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് വെങ്കല തുടക്കം. പെൺകുട്ടികളുടെ ഹാമർത്രോയിൽ സുഹെയ്മ നിലോഫറാണ് 48.34 മീറ്റർ എറിഞ്ഞ് വെങ്കലം സ്വന്തമാക്കിയത്. മലപ്പുറം ജില്ലയിലെ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്. റിയാസും ഷാജിലുമാണ് പരിശീലകർ.
റാഞ്ചിയിലെ ബിർസമുണ്ട സ്‌റ്റേഡിയത്തിൽ നടന്ന മീറ്റിന്റെ ആദ്യദിനം ഒരു ഫൈനലാണ് ഉണ്ടായിരുന്നത്. ഇന്ന് 13 ഫൈനലുണ്ട്. വേഗക്കാരെ നിശ്ചയിക്കുന്ന 100 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ, ലോങ്ജമ്പ് ഫൈനലുകൾ ഇതിൽ ഉൾപ്പെടും. നിലവിലെ ചാമ്പ്യൻമാരായ കേരളം 72 അംഗ സംഘത്തെയാണ് അണിനിരത്തുന്നത്. ഉദ്ഘാടന ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ക്യാപ്റ്റൻ കെ സി സെർവാൻ ടീമിനെ നയിച്ചു.









0 comments