Deshabhimani

തിരിഞ്ഞുകൊത്തുന്ന സൈബർ അണികളെ കൊണ്ട്‌ പൊറുതിമുട്ടി കോൺഗ്രസ്‌

congressflag
വെബ് ഡെസ്ക്

Published on Oct 08, 2026, 07:45 PM | 2 min read

തിരുവനന്തപുരം: സ്വന്തം പ്രതിഛായ വളർത്താനും രാഷ്‌ട്രീയ എതിരാളികളെ ആക്രമിക്കാനും പാലു കൊടുത്തു വളർത്തിയ സൈബർ സേനാംഗങ്ങൾ തിരിഞ്ഞുകൊത്തുന്നത്‌ കോൺഗ്രസ്‌ നേതാക്കളുടെ ഉറക്കംകെടുത്തുന്നു. ഭരണം കിട്ടുന്നതിനു മുമ്പ് ഒറ്റപ്പെട്ട ആക്രമണങ്ങളായിരുന്നുവെങ്കിൽ ഇപ്പോൾ കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ സൈബർ അനുകൂലികൾ പരസ്‌പരം ചെളിവാരിയെറിയുകയാണ്‌. പാളയത്തിലെ നെറികെട്ട സൈബർപോരിൽ പരസ്‌പരം മുറിവേൽപ്പിക്കുന്നത്‌ കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലേക്ക്‌ തള്ളിയിട്ടു. നേതാക്കൾക്കിടയിൽ പരസ്‌പരം ആരെയും വിശ്വാസമില്ലാത്ത നിലയിലേക്കാണ്‌ കാര്യങ്ങൾ നീങ്ങിയിരിക്കുന്നത്‌.


കെ സി വേണുഗോപാലിനും അടൂർപ്രകാശിനും ജെബി മേത്തർക്കുമെതിരെ അടുത്തിടെ നടന്ന രൂക്ഷമായ ആക്രമണങ്ങൾ കോൺഗ്രസിനുള്ളിലെ സൈബർ പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്നു. വേണുഗോപാലിനെതിരെ സൈബർ ആക്രമണം നടത്തിയതിന്‌ പിടിയിലായ അഞ്ച്‌ പേരും കോൺഗ്രസ്‌ പ്രവർത്തകരായിരുന്നു. ഇ‍ൗ അഞ്ചുപേരും വി ഡി സതീശനൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇവർക്കെതിരെ കേസ്‌ വേണ്ടെന്ന്‌ വേണുഗോപാൽ പറഞ്ഞുവെങ്കിലും പരാതി നൽകിയ കോൺഗ്രസ്‌ നേതാവ്‌ ജോൺസൺ എബ്രഹാം പിന്മാറാൻ ഒരുക്കമല്ല.


വി ഡി സതീശന്റെ എകാധിപത്യ പ്രവണതക്കെതിരെ വാർത്താസമ്മേളനം നടത്തി പ്രതിഷേധം അറിയിച്ച അടൂർ പ്രകാശിനും ആ പ്രതിഷേധത്തെ പിന്തുണച്ച ജെബി മേത്തറിനും നേരെ കോൺഗ്രസ്‌ സൈബർ അനുഭാവികളുടെ വെട്ടുകിളി ആക്രമണമായിരുന്നു. കോൺഗ്രസിലെ വനിതാ നേതാക്കൾക്കെതിരെ അതിരൂക്ഷമായതും അശ്ലീലം നിറഞ്ഞതുമായ വാക്കുകളിലാണ്‌ സൈബർ അധിക്ഷേപം. പീഢനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ പ്രതികരിച്ച ഉമാതോമസിന്‌ സ്വന്തം അണികളിൽ നിന്ന്‌ നേരിടേണ്ടി വന്ന ആക്രമണം ഉദാഹരണമാണ്‌.


മുഖ്യമന്ത്രി തർക്കത്തിനിടെ സതീശനും വേണുഗോപാലും ചെന്നിത്തലയും സൈബർ അണികളെ ഇളക്കിവിട്ട്‌ നടത്തിയ തമ്മിലടി കേരളത്തിനാകെ നാണക്കേടായിരുന്നു. എംഡിഎംഎ കേസിൽ സതീന്റെ അടുത്ത അനുയായി പിടിയാലായ അവസരത്തിൽ ചെന്നിത്തലയ്‌ക്കും വേണുഗോപാലിനുമെതിരെ സതീശൻ പക്ഷവും സതീശനു നേരെ എതിർപക്ഷങ്ങളും സൈബർ ആക്രമണത്തിലൂടെ ചെളിവാരിയെറിയുന്നതും കണ്ടു. തനിക്കെതിരെ കോൺഗ്രസ് പ്രൊഫൈലുകളിൽ നിന്ന്‌ കടുത്ത ആക്രമണം ഉണ്ടാകുന്നുവെന്ന്‌ 2025 സെപ്‌തംബറിൽ വി ഡി സതീശൻ ഹൈക്കാമാണ്ടിനു പരാതി നൽകിയിരുന്നു.


സ്വന്തം അണികളിൽ നിന്നുണ്ടാകുന്ന സൈബർവേട്ടയെ എങ്ങനെ നേരിടണമെന്ന്‌ അറിയാതെ പല നേതാക്കളും കുഴങ്ങുകയാണ്‌. ചിലർ ആദ്യം കേസ്‌ കൊടുക്കുമെങ്കിലും നാണക്കേട്‌ ഭയന്ന്‌ അതുമായി മുന്നോട്ടുപോകാത്ത സ്ഥിതിയാണ്‌. കെപിസിസിയ്‌ക്ക്‌ നാഥനില്ലാത്ത അവസ്ഥയായതിനാൽ പാർട്ടിക്കുള്ളിൽ പരാതി നൽകാനും കഴിയുന്നില്ല. കെപിസിസി സൈബർ വിഭാഗവും ഇപ്പോൾ മരവിച്ച അവസ്ഥയിലാണ്‌.


സ്വന്തം കാര്യം മാത്രം നോക്കുന്ന അധികാരമോഹികളായ നേതാക്കളാണ്‌ സൈബറിടത്തിലെ കോൺഗ്രസിന്റെ ദുരവസ്ഥയ്‌ക്ക്‌ വഴിവെച്ചത്‌. ഒരു നിയന്ത്രണവുമില്ലാതെ, അടിസ്ഥാന നിലവാരമോ ശരാശരി മാന്യതയോ കാണിക്കാത്ത സൈബർ അനുകൂലികളെ വളർത്തിയത്‌ ഇ‍ൗ നേതാക്കൾ തന്നെയാണ്‌. താൽപ്പര്യങ്ങൾ സാധിക്കാനും സ്വന്തം പാർട്ടിയിലുള്ളവരെ തന്നെ മോശമായി ചിത്രീകരിക്കാനും അവർ തന്നെയാണ്‌ സൈബർ ടീമുകളെ പഠിപ്പിച്ചത്‌. ഇ‍ൗ അബദ്ധം പാർട്ടിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായ അവസ്ഥയാണ്‌ സംജാതമാക്കിയിരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home