കേന്ദ്ര സർവകലാശാല ആർഎസ്എസ് വിസിയുടെ വകയല്ല; വിദ്യാർഥികളെ തിരിച്ചെടുക്കും വരെ സമരമെന്ന് എസ്എഫ്ഐ

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിലെ ആർഎസ്‌എസ് അനുകൂല സെമിനാറിനെതിരെ പ്രതിഷേധിച്ച എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ സ്‌പെൻഡുചെയ്‌ത അഞ്ച് വിദ്യാർഥി പ്രതിനിധികളെ തിരിച്ചെടുക്കും വരെ സമരം ചെയ്യുമെന്ന് എസ്എഫ്ഐ. ആർഎസ്എസ് വിസിയുടെ വകയല്ല യൂണിവേഴ്സിറ്റിയെന്നും വിദ്യാർഥികളെ പുറത്തിരുത്തി എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.
ജനാധിപത്യപരമായി പ്രതിഷേധിച്ചതിന്റെ പേരിൽ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളി രാവിലെ 10.30ന് പെരിയ കേരള കേന്ദ്ര സർവകലാശാലയിലേക്ക് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് നടത്തും.
എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും വിദ്യാർഥി പ്രക്ഷോഭത്തിന്റെ നേതാവും രണ്ടാംവർഷ എംഎസ്‌ഡബ്ല്യു വിദ്യാർഥിയുമായ എസ് സെയ്‌ദ് അലി, എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയറ്റ് അംഗം വി ബി ആവേദ് (ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം വിദ്യാർഥി), എൻഎസ്‌യു ഭാരവാഹിയും ഇംഗ്ലീഷ് വിഭാഗം വിദ്യാർഥിയുമായ യാസിൻ, എംഎസ്‌എഫ് ഭാരവാഹികളായ തക്കുദീൻ (കംപ്യൂട്ടർ സയൻസ്), ഷെബീർ (ഇന്റഗ്രേറ്റഡ് ടീച്ചിങ് എഡ്യൂക്കേഷൻ) എന്നിവരെയാണ് സസ്‌പെൻഡ്‌ചെയ്‌തത്.
സംഘപരിവാർ അനുകൂലിയായ പ്രോക്ടർ പി ശ്രീകുമാറാണ് ഉത്തരവിറക്കിയത്. വകുപ്പ് മേധാവി മുഖേന ഉത്തരവ് കൈമാറി. സർവകലാശാല കാമ്പസിൽനിന്ന് പുറത്താക്കുന്നതായാണ് ഉത്തരവ്. ഹോസ്റ്റലിലും കാമ്പസിലും പ്രവേശിക്കരുതെന്നും വ്യക്തമാക്കി. അന്വേഷണവിധേയമായാണ് നടപടി. രണ്ടാഴ്ചത്തേക്കോ അല്ലെങ്കിൽ തുടർ ഉത്തരവുകൾ ഉണ്ടാകുന്നത് വരെയോ (ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ) ആണ് വിലക്ക് എന്നും പറയുന്നു.
എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നിയതിതാര, സെക്രട്ടറിയറ്റ് അംഗം മുരളികൃഷ്‌ണൻ എന്നിവർക്കും ഭീഷണിയുണ്ട്. വിദ്യാർഥികളെ ഒറ്റതിരിച്ച് കാമ്പസിൽനിന്ന് പുറത്താക്കാനാണ് നീക്കം. സമരത്തിൽ പങ്കെടുത്ത 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കഴിഞ്ഞദിവസം സ്വമേധയാ കേസെടുത്തിരുന്നു.








0 comments