മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഐഎഎസുകാർ തമ്മിലും പോര് മുറുകി; സംസ്ഥാനത്ത് ഭരണ പ്രതിസന്ധി

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ് അഞ്ച് മാസം പിന്നിടുംമുമ്പ് കേരളം കടുത്ത ഭരണ പ്രതിസന്ധിയിൽ. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഫയലുകൾ പോലും നീങ്ങാതെ ഓഫീസുകൾ നിശ്ചലമായി. ഐഎഎസുകാർ തമ്മിലുള്ള പോര് കൂടി മുറുകിയതോടെ സ്ഥിതി വഷളാക്കി.
മന്ത്രിമാർ സ്പോൺസർ വിദേശയാത്രകളിലും ആർഭാടങ്ങളിലും അഭിരമിക്കുമ്പോൾ സാധാരണക്കാരന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും കാണാനും കേൾക്കാനും ആരുമില്ലാത്ത അവസ്ഥയാണ്. മന്ത്രി കെ മുരളീധരനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതകളാണുള്ളത്. തദ്ദേശ വകുപ്പിൽ ഐഎഎസ് ഉദ്യോഗസ്ഥരായ ടി വി അനുപമയും ദിവ്യ എസ് അയ്യരും തമ്മിൽ അടിതുടരുകയാണ്. കേവലം രണ്ടു വകുപ്പിലെ മാത്രം ഒതുങ്ങുന്നതല്ല പ്രശ്നങ്ങൾ.
പ്രിൻസിപ്പൽ സെക്രട്ടറിമാർ പോലും അറിയാതെ മന്ത്രിമാരും മന്ത്രി ഓഫീസുകളും തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയുമാണ്. ഒരു കാര്യവും തങ്ങളോട് കൂടിയാലോചിക്കാത്തത് മുതിർന്ന സെക്രട്ടറിമാർക്ക് വലിയ അപമാനമാവുകയാണ്. നിലവിലെ ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാതെ മുന്നോട്ട് പോകാനുള്ള മന്ത്രിമാരുടെ നീക്കത്തിൽ ഉന്നത ഉദ്യോഗസ്ഥർ കടുത്ത അതൃപ്തിയിലാണ്.
ലക്ഷങ്ങൾ കോഴ വാങ്ങിയുള്ള സ്ഥലംമാറ്റങ്ങൾ മാത്രമാണ് ഇപ്പോൾ വകുപ്പുകുളിൽ നടക്കുന്നത്. തദ്ദേശ വകുപ്പിൽ മാത്രം 1500 ലേറെ പേരെയാണ് ഇതുവരെ തലങ്ങും വിലങ്ങും മാറ്റിയത്. സംഘടനാ വിരോധത്തിന്റെ പേരിലും പണം വാങ്ങിയുമാണ് പല മാറ്റങ്ങൾ. ഇതിനെല്ലാമെതിരെ ഉദ്യോഗസ്ഥ തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിരന്തരമായി ചുമതലകളിൽ നിന്ന് മാറ്റുന്നതും കൃത്യമായി നിർദേശങ്ങളില്ലാത്തതും ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിദ്യാഭ്യാസ, തദ്ദേശ സ്വയംഭരണ, ദേവസ്വം തുടങ്ങിയ വകുപ്പുകളിലെ പ്രതിസന്ധികൾക്ക് പ്രധാനകാരണം മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള ഏകോപനമില്ലായ്മയാണ്.
വൻകിട ഫാർമസ്യൂട്ടിക്കൽസ് കമ്പനികൾക്കായി കെഎംഎസ്‌സിഎൽ വഴിയുള്ള മരുന്നുവിതരണ സംവിധാനത്തെ തകർക്കാനുള്ള നീക്കത്തെ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് എതിർത്തതാണ് മന്ത്രി കെ മുരളീധരനെ ചൊടിപ്പിച്ചത്. കെഎംഎസ്‌സിഎൽ തലപ്പത്തുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ടെൻഡർ നടപടികൾ വൈകിപ്പിച്ചതാണ് സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷമാകാനുള്ള കാരണം. ഭിന്നത രൂക്ഷമായതോടെ ആരോഗ്യവകുപ്പിൽ ഉദ്ദേശകാര്യങ്ങൾ നടക്കുന്നില്ലെന്ന് പറഞ്ഞ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് കെ മുരളീധരൻ ആവശ്യപ്പെടുകയായിരുന്നു. എതിർപ്പറിയിക്കുന്നവർക്കെതിരെ മന്ത്രി സ്വീകരിക്കുന്ന പ്രതികാര നടപടികൾക്കെതിരെ ഉദ്യോഗസ്ഥ തലത്തിൽ അതൃപ്തി ശക്തമാണ്.
മാലിന്യ സംസ്കരണത്തിനായി രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചതോടെയാണ് തദ്ദേശ വകുപ്പ് സെക്രട്ടറി ടി വി അനുപമയും ഡയറക്ടർ ദിവ്യ എസ് അയ്യരും തമ്മിലുള്ള പോര് മറനീക്കി പുറത്ത് വന്നത്. രണ്ട് ഉന്നത ഉദ്യോഗസ്ഥർ തമ്മിലടിച്ചിട്ടും ഇതൊന്നും കണ്ടില്ല എന്ന മട്ടിലാണ് മന്ത്രി കെ എം ഷാജി. രണ്ട് ഉത്തരവുകൾ ഇറങ്ങിയതിൽ അസ്വാഭാവികതയില്ലെന്നും ഇനിയും ഉത്തരവുകൾ ഇറങ്ങാനുണ്ടെന്നുമാണ് മന്ത്രി പ്രതികരിച്ചത്.








0 comments