ad
Deshabhimani

ഇന്ത്യയുടെ ആദ്യ ഒളിമ്പിക് അമ്പെയ്ത്ത് താരം ശ്യാം ലാൽ മീണ അന്തരിച്ചു

archer Shyam Lal Meena dies at 61

ശ്യാം ലാൽ മീണ

വെബ് ഡെസ്ക്

Published on May 26, 2026, 05:50 PM | 1 min read

ബൻസ്‌വാര: ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക് അമ്പെയ്ത്ത് സംഘത്തിലെ അംഗവും പ്രമുഖ കായിക താരവുമായിരുന്ന ശ്യാം ലാൽ മീണ (61) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്.


കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ചു വർഷങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. 1965 മാർച്ച് നാലിന് രാജസ്ഥാനിലെ ബൻസ്‌വാര ജില്ലയിലുള്ള കെവാഡിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.


സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മുളകൊണ്ടുള്ള പരമ്പരാഗത വില്ലുപയോഗിച്ചാണ് അദ്ദേഹം കായിക ജീവിതം ആരംഭിച്ചത്. പിന്നീട് സർക്കാരിന്റെ 'സ്പെഷ്യൽ ഏരിയ ഗെയിംസ്' പദ്ധതിയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതിഭ പുറംലോകമറിയുന്നത്.


1987-ൽ കൊൽക്കത്തയിൽ നടന്ന ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ലിംബ റാം, രജത് ഹൽദാർ എന്നിവരോടൊപ്പം വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ റിക്കർവ് ടീമിൽ ശ്യാം ലാൽ മീണ അംഗമായിരുന്നു. അമ്പെയ്ത്തിൽ ഇന്ത്യയുടെ ആദ്യത്തെ വലിയ അന്താരാഷ്ട്ര മെഡൽ നേട്ടമായിരുന്നു ഇത്.


ഈ മെഡൽ നേട്ടത്തോടെ 1988-ലെ സിയോൾ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ഇന്ത്യൻ ടീമിൽ അദ്ദേഹം ഇടംപിടിച്ചു. ഇന്ത്യയുടെ ആദ്യ ഒളിമ്പിക് അമ്പെയ്ത്ത് സംഘത്തിൽ അംഗമാകാൻ സാധിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നാഴികക്കല്ലായി.


കായിക രംഗത്തെ അദ്ദേഹത്തിന്റെ മികച്ച സംഭാവനകൾ പരിഗണിച്ച് 1989-ൽ രാജ്യം അദ്ദേഹത്തിന് അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു.


മത്സരരംഗത്ത് നിന്ന് വിരമിച്ച ശേഷവും അമ്പെയ്ത്ത് പരിശീലകനായി അദ്ദേഹം സജീവമായിരുന്നു. ബൻസ്‌വാരയിലെ ഡിസ്ട്രിക്റ്റ് സ്പോർട്സ് ട്രെയിനിങ് സെന്ററിൽ പരിശീലകനായി പ്രവർത്തിച്ച അദ്ദേഹം, നിരവധി യുവതാരങ്ങളെ അമ്പെയ്ത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിക്കുകയും രാജസ്ഥാനിലും പരിസരങ്ങളിലും ഈ കായിക ഇനത്തെ ജനപ്രിയമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home