ഹോക്കി ലോകകപ്പ്: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇന്ന്, സെമി ഉറപ്പിക്കാൻ ഇന്ത്യ

ഇന്ത്യൻ ഹോക്കി ടീം | Photo: Social Media
ആംസ്റ്റർഡാം : ആരാധകർ കാത്തിരുന്ന ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം ഇന്ന്. വാഗനർ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. വൈകിട്ട് 6.30നാണ് മത്സരം. സെമി പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യക്ക് സമനില മാത്രം മതിയാകും. ആദ്യ മത്സരത്തിൽ വെയിൽസിനെ 3-1 ന് പരാജയപ്പെടുത്തിയ ടീം, രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനോട് 2-4 ന് തോറ്റിരുന്നു.
രണ്ടു മത്സരങ്ങളിൽ നിന്ന് 3 പോയിന്റോടെ പൂൾ ഡിയിൽ നിലവിൽ രണ്ടാമതാണ് ഇന്ത്യ. രണ്ട് മത്സരങ്ങളിൽ ഒരു തോൽവിയും ഒരു സമനിലയും വഴങ്ങിയ പാകിസ്ഥാന് (1 പോയിന്റ്) ടൂർണമെന്റിൽ പ്രതീക്ഷ നിലനിർത്താൻ ഇന്ന് ജയം അനിവാര്യമാണ്. പൂളിലെ രണ്ടു മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി.
കഴിഞ്ഞ 10 വർഷമായി പാകിസ്ഥാനെതിരെ ജയത്തുടർച്ച നൽകുന്ന ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് സിങും സംഘവും കളത്തിലിറങ്ങുന്നത്. 2016 മുതൽ ഇരുടീമുകളും ഏറ്റുമുട്ടിയ 19 മത്സരങ്ങളിൽ 17 എണ്ണത്തിലും ഇന്ത്യ വിജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിൽ കലാശിച്ചു. കഴിഞ്ഞ പ്രൊ ലീഗ് മത്സരങ്ങളിൽ 4-3, 7-1 എന്നീ മാർജിനുകളിലായിരുന്നു ഇന്ത്യയുടെ ജയം.
പെനാൽറ്റി കോർണറുകളിൽ നിന്ന് മൂന്ന് ഗോളുകൾ ഹർമൻപ്രീത് നേടി. ടീമിന്റെ ഫിറ്റ്നസിലും അവസാന മിനിറ്റുകളിലെ പ്രകടനത്തിലും വന്നിട്ടുള്ള വൻ മുന്നേറ്റം മത്സരത്തിൽ ഇന്ത്യക്ക് അനുകൂലമാകുമെന്ന് മുൻ ഇന്ത്യൻ നായകനും മലയാളി ഗോളിയുമായ പിആർ ശ്രീജേഷ് അഭിപ്രായപ്പെട്ടു.
സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലും ജിയോസ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും മത്സരം തത്സമയം കാണാം.









0 comments