Deshabhimani

കവർസ്‌റ്റോറി

നാന പടേക്കറും എന്റെ ക്യാമറയും

പടം
avatar
കെ ആർ വിനയൻ

Published on Oct 24, 2026, 01:04 PM | 5 min read


2005 നവംബർ മാസമായിരുന്നു ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽവച്ച് ബംഗാളി ചലച്ചിത്ര സംവിധായകൻ ഗൗതം ഘോഷ് അദ്ദേഹത്തിന്റെ ‘യാത്ര’ എന്ന സിനിമ ചിത്രീകരിക്കാൻ തെരഞ്ഞെടുത്തത്. ഷൂട്ടിങ്‌ തുടങ്ങുന്നതിനും ഏതാണ്ട് ആറുമാസം മുമ്പേ അദ്ദേഹം ഹൈദരാബാദിലും പരിസരത്തും അതിനുവേണ്ട ലൊക്കേഷനുകൾ കണ്ടെത്താനായി വന്നിരുന്നു. ആ സമയത്തായിരുന്നു ഒരു പത്രപ്രവർത്തക സുഹൃത്തിനോടൊപ്പം റീഡിഫ് മാഗസിനു വേണ്ടി അദ്ദേഹത്തെ കാണാനും ചിത്രങ്ങളെടുക്കാനും എനിക്ക്‌ അവസരം ലഭിച്ചത്. ഭാഗ്യവശാൽ പത്രപ്രവർത്തക സുഹൃത്തിനേക്കാൾ ഗൗതം ഘോഷിന്റെ സിനിമകൾ ഗൗരവമായി കണ്ടു പഠിച്ചിട്ടുള്ളത് ഞാനായിരുന്നു. അതെനിക്ക്‌ ഈ ചെറിയ സന്ദർശന സന്ദർഭത്തിൽ നേരിയ ഒരു തിളക്കം കൂടുതൽ കിട്ടാൻ നിമിത്തമായി.

അദ്ദേഹം സൃഷ്ടിച്ച സത്യജിത് റായിയെപ്പറ്റിയുള്ള സിനിമയുടെ ആദ്യ ഷോട്ടുമുതൽ അവസാനംവരെയുള്ള രംഗങ്ങൾ ഞാനെന്റെ ക്യാമറയിലൂടെ പകർത്തിയതുപോലെ വിശദീകരിച്ചുകൊണ്ടിരുന്നു. എന്റെ അപ്പോഴത്തെ ആവശ്യം എന്റെ തന്നെ ഓർമകളെ പരീക്ഷിക്കലായിരുന്നില്ല. മറിച്ച് ശാന്തതയോടെ ഗൗതം ഘോഷിന്റെ തിരക്കുപിടിച്ച ജോലികൾക്കിടയിൽ എനിക്ക്‌ വേണ്ട കുറച്ച് ചിത്രങ്ങൾ പകർത്തിയെടുക്കലായിരുന്നു...

ലൊക്കേഷനുകൾ കണ്ടു കാറിൽ മടക്കയാത്ര ചെയ്യുന്നതിനിടയിൽ എന്റെ ക്യാമറാ സ്‌ക്രീനിലൂടെ ഞാനെന്റെ ചില ചിത്രങ്ങൾ അദ്ദേഹത്തിന് കാണിച്ചു കൊടുക്കുകയുണ്ടായി. പിറ്റേന്നു കാലത്ത് ഫോണിൽ വിളിച്ച്, തലേന്ന് കണ്ട ചില ചിത്രങ്ങൾ ഇഷ്ടമായെന്നു പറഞ്ഞ്‌, സമയം കിട്ടുമ്പോൾ മെയിലിൽ ഷെയർ ചെയ്യാനായി ഇ മെയിൽ ഐഡി തന്നു. ഷൂട്ടിങ് തുടങ്ങാറാവുമ്പോൾ വീണ്ടും വിളിക്കാമെന്നും പറഞ്ഞു. ഷൂട്ടിനായി ഹൈദരാബാദിലെത്തിയ ദിവസംതന്നെ ഗൗതം ഘോഷ് ഫോണിൽ വിളിച്ചു. ചെറിയ ഒരു സന്ദേഹത്തോടെ ഞാൻ ചോദിച്ചു, താങ്കൾ ഷൂട്ടിങ് ലൊക്കേഷനിലേക്ക്‌ സാധാരണ പുറമേയുള്ള ആരേയും പ്രവേശിപ്പിക്കാറില്ല എന്ന് കേട്ടിട്ടുണ്ടല്ലോ? അതെ ശരിയാണ്. എന്റെ ജോലികൾ വളരെ സ്വകാര്യമായി ചെയ്‌ത്‌ തീർക്കണമെന്ന നിർബന്ധബുദ്ധിക്കാരനാണ് ഞാൻ. പലപ്പോഴും ജേർണലിസ്റ്റുകളെപ്പോലും വിലക്കാറുണ്ട്. പക്ഷെ... ഇവിടെ എന്റെ ഈ ഷൂട്ടിലേക്ക്‌ താങ്കൾക്ക് സ്വാഗതം. പിന്നെ ശ്രീമതി രേഖയും നാന പടേക്കറുമാണ് അഭിനയിക്കുന്നത്. ഉടനെ അൽപ്പം ആവേശത്തോടെ തന്നെ ഞാൻ ആവശ്യപ്പെട്ടു. സർ, എനിക്ക്‌ അവരുടെ ചിത്രങ്ങൾ എടുക്കാൻ അവസരം ഉണ്ടാക്കി തരാമോ? രേഖ ഒരു രീതിയിലും സമ്മതിക്കാൻ ഇടയില്ല. പുറമേനിന്നുള്ള ആരെയെങ്കിലും സെറ്റിൽ കണ്ടാൽ അവർ സെറ്റിൽനിന്നും പ്രതിഷേധിച്ചു ഇറങ്ങിപ്പോയിട്ടുള്ള അനുഭവങ്ങൾ കൂടി ഉണ്ടായിട്ടുണ്ട്. പിന്നെ നാനയും ചിലപ്പോൾ സഹകരിച്ചോളണമെന്നില്ല. പലപ്പോഴും അദ്ദേഹം മൂഡ്‌ പോലെ പെരുമാറിയെന്ന് വരാം. പക്ഷെ ഈ രണ്ടു പേരും സിനിമാ ക്യാമറയ്‌ക്കു മുമ്പിൽ സംവിധായകനേയും സിനിമാട്ടോഗ്രാഫറെയും അമ്പരിപ്പിക്കുന്ന അത്ഭുതങ്ങൾ പ്രകടിപ്പിക്കാറുണ്ട്. കഥാപാത്രത്തിനു വേണ്ടി ഏതറ്റംവരെ, എത്ര നേരംവരെ വേണമെങ്കിലും പകർന്നാടുന്നതിൽ വിമുഖതയില്ലാത്തവരാണ്. ഏതായാലും താങ്കൾ വരൂ...

പടംനാന പടേക്കറും ശാശ്വതി സെന്നും ഫോട്ടോ: കെ ആർ വിനയൻ

രാമോജി ഫിലിം സിറ്റിയിലേക്ക്‌ പോകുമ്പോൾ സഭാകമ്പം മറികടക്കാനായി സ്റ്റുഡിയോ പരിസരങ്ങൾ എന്നേക്കാൾ കൂടുതൽ അടുത്തറിയുന്ന തെലുഗു സിനിമകളിൽ കലാസംവിധാനം ചെയ്യുന്ന പ്രസിദ്ധ ആർട്ട് ഡയറക്ടർ രാജീവ് നായരേയും കൂടെ കൂട്ടി. രാജീവിന്റെ പത്നി ബംഗാളി സ്വദേശിയായ സുമനയ്‌ക്കും ലൊക്കേഷനിൽ വരാനാഗ്രഹമുണ്ടെന്ന് പറഞ്ഞു. അവർ രാജീവിനോടൊപ്പം ശാന്തിനികേതനിൽ നിന്നും പഠിച്ചിറങ്ങിയ ചിത്രകാരി കൂടിയാണ്. ഞങ്ങൾ ഷൂട്ടിങ് ലൊക്കേഷനിലെത്തുമ്പോൾ ഗൗതം ഘോഷ് സ്റ്റുഡിയോയുടെ അകത്തെ ഫ്ളോറിൽ നിർമിച്ച സെറ്റിൽ ഷൂട്ടിങ് തുടങ്ങിയിരുന്നു. പതുക്കെ അകത്ത് കടന്ന് അനുവാദം വാങ്ങി നിശ്ശബ്ദമായി കുറച്ചു ചിത്രങ്ങളെടുത്തു.

അപ്പോഴാണ് സെറ്റിനകത്തേക്ക്‌ നാന പടേക്കർ കടന്ന് വരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ അകത്ത് ഷൂട്ടിങ് സംബന്ധമായി എന്തെല്ലാമോ ചെറിയ ചെറിയ സംഘർഷങ്ങൾ നടക്കുന്നതായി കണ്ടു. ഇപ്പോഴത്തെ രംഗത്ത് അഭിനയിക്കേണ്ട രേഖ ഒരു മണിക്കൂർ കഴിഞ്ഞിട്ടും കാരവാനിൽനിന്നും പുറത്തുവരുന്നില്ലത്രെ... ഗൗതം ഘോഷിന്റെ മുഖഭാവവും ഗൗരവമേറി വരുന്നതുപോലെ തോന്നി. ഞങ്ങൾ കുറച്ചുനേരംകൂടി അകത്ത് നിന്നതിനുശേഷം നിശ്ശബ്ദമായി പുറത്തേക്ക്‌ കടന്നു.

പുറത്ത് കസേരയിലിരുന്ന് സംസാരിക്കുമ്പോൾ സെറ്റിനുള്ളിൽനിന്നും ഗൗതം ഘോഷും നാന പടേക്കറും പുറത്തു വരുന്നതു കണ്ടു. ഗൗതം ഘോഷ് നാന പടേക്കറെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നിട്ട് രേഖ ഇരിക്കുന്ന കാരവാനിനടുത്തേക്ക്‌ പോയി. സുമനയും രാജീവും നാനയോട് സംസാരിച്ചു തുടങ്ങിയപ്പോൾ എനിക്ക്‌ കാര്യമായി ഒന്നുംതന്നെ ചോദിക്കാനുണ്ടായില്ല. നാന പടേക്കർ ചെറുപ്പത്തിൽ ചിത്രകല പഠിച്ചിരുന്നുവത്രെ. ചിത്രകലയിൽ ഇപ്പോഴും വലിയ ആഭിമുഖ്യമുള്ളതുകൊണ്ട് ചെന്നെത്താനാവുന്ന ആർട്ട് ഗ്യാലറികളെല്ലാം സന്ദർശിച്ച് ചിത്രപ്രദർശനങ്ങൾ കാണാറുണ്ടത്രെ. അവർ മൂവരുംകൂടി പെട്ടെന്ന് തന്നെ പൂർവപരിചിതരെപ്പോലെ ഫൈൻ ആർട്സിനെപ്പറ്റിയും ശാന്തിനികേതനെപ്പറ്റിയും സംസാരിക്കുന്നതു കണ്ടു. കുറച്ചു സമയം കാത്തുനിന്നതിനു ശേഷം ചെറിയ ഒരു പഴുതു കിട്ടിയപ്പോൾ ഞാൻ നാന പടേക്കറോട് കുറച്ചു ചിത്രങ്ങളെടുത്തോട്ടെ എന്ന് ചോദിച്ചു. ഉടനെ പറഞ്ഞു, ഇപ്പോൾ വേണ്ട, പിന്നീടൊരിക്കലാവാം. ഞാനൊരു പ്ലസന്റ് മൂഡിലല്ല. ഷൂട്ടിങ്ങും ആ രാജ്ഞി അഭിനേത്രി കാരണം നിർത്തി വച്ചിരിക്കുകയാണ്. ചിത്രങ്ങളെടുക്കൽ മറ്റൊരവസരത്തിലാവാം. അതുവരെ ഞാൻ ഒതുക്കി നിർത്തിയിരുന്ന ഊർജം പാടെ ഉതിർന്നു പോയതായി തോന്നി. എന്റെ മൂഡും തലകീഴായി തൂങ്ങി. ഒരുപക്ഷെ ആ നിരാശ നിറഞ്ഞ തരിപ്പിൽ നിന്നാകാം ഞാൻ അദ്ദേഹത്തോട്‌ പറഞ്ഞു: സർ, താങ്കളുടെ ഒരു ചിത്രവും എന്നെ ആനന്ദിപ്പിച്ചിട്ടില്ല. വെരി അൺപ്ലസന്റ് ആൻഡ്‌ ഹോണ്ടിങ്. അതുകൊണ്ടുതന്നെ ഇപ്പോഴൊന്നും കാണണമെന്ന് ആഗ്രഹിക്കുന്നില്ല. സിനിമ കണ്ട് കഴിഞ്ഞാൽ രണ്ടു മൂന്ന് ദിവസം എനിക്ക്‌ ഉറങ്ങാനാകാറില്ല... എല്ലാം ഒറ്റ ശ്വാസത്തിൽ തന്നെ പറഞ്ഞവസാനിപ്പിച്ചു. നാനയുടെ മുഖഭാവം കൂടുതൽ രൂക്ഷമാകുന്നതു കണ്ടു. അദ്ദേഹം ഞങ്ങളെ മൂന്ന് പേരെയും തിളയ്‌ക്കുന്ന ഉരുണ്ട കണ്ണുകളോടെ നോക്കി തിരിഞ്ഞ് സെറ്റിനുള്ളിലേക്ക്‌ കയറിപ്പോയി. രാജീവും സുമനയും എന്റെ നേർക്കെത്തി. നിങ്ങൾ ഈ ചെയ്‌തതും പറഞ്ഞതും വളരെ മോശമായിപ്പോയി. അദ്ദേഹം ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിലവാരമുള്ള ഒരു അഭിനേതാവാണ്. നിങ്ങൾ ഫോട്ടോ എടുക്കുകയോ എടുക്കാതിരിക്കുകയോ എന്തുമാകട്ടെ... പക്ഷെ സംസാരിക്കുമ്പോൾ വളരെ നിയന്ത്രണം നിർബന്ധമാണ്. വളരെയേറെ മിതത്വവും പക്വതയും സൂക്ഷിക്കണം. ഇത് ഏതാണ്ട് കൂടെ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച ചങ്ങാതിയോട് പറയുന്ന മട്ടായി. പണ്ട് ഉസ്‌താദ് സക്കീർ ഹുസൈന്റെ അടുത്തും ഇതേ രീതിയിൽ എന്തോ പറഞ്ഞതിന് അമ്പുകളേറ്റു വീണ കഥ ഞാനോർക്കുന്നുണ്ട്. ഏതായാലും വിനയേട്ടാ, ഇവിടെ ഇദ്ദേഹത്തിനോട് ഇത് വേണ്ടിയിരുന്നില്ലാ... എന്നെ ഉപദേശിച്ചു തീരുന്നതിനൊപ്പം തന്നെ രാജീവിന്റേയും സുമനയുടേയും കണ്ണുകൾ കൂടുതൽ തിളങ്ങുന്നതു ഞാൻ ശ്രദ്ധിച്ചു. രണ്ടുപേരുംകൂടി എന്റെ രണ്ടു കൈകളും മുറുകെ പിടിച്ചു. നിങ്ങളിനി ഞങ്ങളെ മാത്രം നോക്കി നിന്നാൽ മതി. മറ്റൊരിടത്തേക്കും തിരിയണ്ട.എന്തുപറ്റി എന്ന് ചോദിക്കുന്നതിനുമുമ്പേ രണ്ടു കൈകൾ എന്റെ ഷർട്ടിനു പിന്നിലൂടെ അരക്കെട്ടിലേക്ക്‌ മുറുകെ ചുറ്റി വന്നതറിഞ്ഞു... സിഗരറ്റ് മണമുള്ള കനത്ത ശബ്ദത്തിൽ ചെകിട്ടിൽ പറഞ്ഞു... dear photographer... now only I realised it is real a warm sparking compliment for me from an unknown photo journalist... my performance blocking and spoiling your sleep... yes I consider it as an award... Thank you.

‘യാത്ര’യിൽ നാന പടേക്കറും രേഖയും‘യാത്ര’യിൽ നാന പടേക്കറും രേഖയും

എന്റെ സിരകളിൽനിന്നും കുറച്ചുമുമ്പ് ഒഴുകിപ്പോയിരുന്ന ഊർജം പഴയതിനേക്കാൾ കരുത്തോടെ പൂർവസ്ഥിതിയിലേക്ക്‌ തിരിച്ചെത്തി. രാജീവും സുമനയും ഞങ്ങൾക്ക് രണ്ടുപേർക്കും കൈ തന്നു. അടുത്തടുത്ത കസേരയിലിരുന്ന് ഏതാണ്ട് അരമണിക്കൂറോളം സിനിമയെപ്പറ്റിയും കേരളത്തെപ്പറ്റിയും കളരിപ്പയറ്റിനെപ്പറ്റിയും സംവിധായകൻ അരവിന്ദനെപ്പറ്റിയും അവർ സംസാരിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ ഞാനെന്റെ ചിത്രങ്ങളും പകർത്തിക്കൊണ്ടിരുന്നു. ഒരിക്കൽ ഹൈദരാബാദിലെ സിനിമാ സൗഹൃദ സദസ്സിൽ നാന പടേക്കറുടെ "ക്രാന്തിവീർ’ സിനിമ പ്രദർശിപ്പിക്കുമ്പോൾ അപ്രതീക്ഷിതമായി സംവിധായകൻ ശ്യാം ബനഗൽ ആ പ്രദർശനം കാണാനെത്തിയിരുന്നു. സിനിമ കഴിഞ്ഞുള്ള ചായസൽക്കാരത്തിനിടയിൽ എനിക്ക്‌ ശ്യാം ബനഗലുമായി സംസാരിക്കാനും ചിത്രങ്ങളെടുക്കാനും സന്ദർഭം കിട്ടി. സംസാരിക്കുന്നതിനിടയിൽ അദ്ദേഹം നാന പടേക്കറെപ്പറ്റി പറഞ്ഞു. ഇന്ത്യൻ സിനിമയിലെ അഭിനയത്തിന്റെ അഗ്നിപർവതമാണ് ഈ നടൻ... ഒരു പക്ഷെ ആദ്യ കാഴ്‌ചകളിൽ കാണികളിലത് തറച്ചുകയറിയെന്ന് വരില്ല... പക്ഷെ ശ്രദ്ധയോടെ അദ്ദേഹം കയ്യാളുന്ന കഥാപാത്രത്തെ പിന്തുടർന്ന് നോക്കൂ... തുടക്കം മുതലേ ശാന്തമായ പ്രതലത്തിൽനിന്നും പതിഞ്ഞ കാലത്തിലേക്ക്‌ ഉണർന്ന് വരുന്ന കഥാപാത്രം നമ്മുടെ കാഴ്‌ചയിലൂടെ തന്നെ പതുക്കെ പതുക്കെ പുകഞ്ഞ് പുകഞ്ഞ് വളർന്ന്, സംഭാഷണങ്ങൾ പകുത്ത്, എതിരേ നിൽക്കുന്ന സഹ കഥാപാത്രത്തിന്റെ കണ്ണുകളിലേക്ക്‌ നോക്കി തുടരുമ്പോൾ അദ്ദേഹംപോലും അറിയാതെ കഴുത്തിനിരുവശത്തേയും ഞരമ്പുകൾ പിടഞ്ഞെഴുന്നേറ്റ് രംഗത്തിന് കൂടുതൽ ഭാവവും ഭാരവും ചാരുതയും പകർന്ന് ഒരഗ്നിപർവതം കണക്കെ പൊട്ടിത്തെറിച്ച് ചൂടും ഭീതിയും സൃഷ്ടിക്കുന്ന കഥാപാത്രമായി പകർന്നാടും. ഇതുപോലെയൊരു അഭിനേതാവ് ഇന്ത്യൻ സിനിമയിലുണ്ടാകുമെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. അതുകൊണ്ട് തന്നെ മറ്റു പലരേയുംപോലെ ധനത്തിന് വേണ്ടി കഥാപാത്രമാകാൻ അദ്ദേഹം തയ്യാറെടുക്കാറില്ല എന്നതാണ് ഏറ്റവും വിശിഷ്ടമായ രീതിയും ബുദ്ധിയും! പലപ്പോഴും സംവിധായകൻ ആഗ്രഹിച്ചതിനും എത്രയോ മുകളിലേക്കും ആഴങ്ങളിലേക്കുമാണ് നാന പടേക്കർ തന്റെ അഭിനയ രഥത്തെ ഓടിച്ചെത്തിക്കുന്നത്. സ്വന്തം വിശ്വാസങ്ങളിലേക്ക്‌ എടുക്കാൻ പറ്റാത്ത, കഥാപാത്രത്തിന്റെ കുപ്പായം അണിയാൻ ആ അഭിനേതാവ് തയ്യാറാവാത്തതു തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത്..



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home