കുട്ടികൾക്ക് 'ക്ലിനിക്കല്‍ ട്രയല്‍' മരുന്ന് നൽകിയത് ഗുരുതര വീഴ്ച; ജെനറിക്ക് മരുന്നുകള്‍ക്കെതിരല്ല: പ്രതിപക്ഷനേതാവ്

പിണറായി വിജയൻ
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികള്‍ക്ക് 'ക്ലിനിക്കല്‍ ട്രയല്‍' ലേബലുള്ള മരുന്ന് നല്‍കിയത് സര്‍ക്കാര്‍ തലത്തിലെ ഗുരുതര വീഴ്ചയും സുതാര്യത ഇല്ലാത്ത നടപടികളും മൂലമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ പ്രശ്നത്തിന്റെ ഗൗരവം സര്‍ക്കാര്‍ വേണ്ടത്ര ഉള്‍ക്കൊള്ളുകയോ രോഗികളുടെയും കുടുംബങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകള്‍ പരിഹരിക്കാന്‍ രംഗത്തുവരികയോ ചെയ്തിട്ടില്ല. എന്നാൽ വിഷയത്തെ വഴിതിരിച്ചു വിട്ട്, ജെനറിക്ക് മരുന്നുകള്‍ക്കെതിരായ നീക്കമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. വന്‍കിട മരുന്ന് കമ്പനികളുടെ കുത്തകയും ചൂഷണവും തടയാന്‍ ജനറിക് മരുന്നുകള്‍ ആവശ്യമാണെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പേറ്റന്‍റ് വിഷയത്തിലും ജെനറിക്ക് മരുന്നുകളുടെ കാര്യത്തിലും സിപിഐ എമ്മിന് ഈ മന്ത്രിക്കും കോൺഗ്രസിനും യുഡിഎഫിനും ഉള്ളതിനേക്കാൾ വ്യക്തമായ പ്രഖ്യാപിത നിലപാടുണ്ടെന്നും പിണറായി പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യന്‍ പേറ്റന്റ് നിയമഭേദഗതിയിലും (2005) നൊവാര്‍ട്ടിസ് കേസിലും ജീവന്‍രക്ഷാ മരുന്നുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിലും സിപിഐ എമ്മിന്‍റെ പങ്ക് നിര്‍ണായകമാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് മരുന്നുകളുടെ 'എവര്‍ഗ്രീനിങ്' തടയുന്ന സെക്ഷന്‍ 3(ഡി) ഇന്ത്യന്‍ പേറ്റന്‍റ് നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. രക്താര്‍ബുദ മരുന്നായ 'ഗ്ലിവെക്' ന് പേറ്റന്‍റ് തേടി നൊവാര്‍ട്ടിസ് നടത്തിയ നീക്കം കോടതിയിലെത്തിയപ്പോള്‍ സെക്ഷന്‍ 3(ഡി) യുടെ സാധുത സുപ്രീം കോടതി 2013ല്‍ ശരിവെക്കുകയുണ്ടായി. കോര്‍പറേറ്റ് ലാഭത്തേക്കാള്‍ രോഗികളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ വിധി ഇന്ത്യന്‍ ജനറിക് ഔഷധമേഖലയെ സംരക്ഷിക്കുന്നതില്‍ ചരിത്രപ്രധാനമായ നേട്ടമായി. മരുന്ന് കച്ചവടച്ചരക്കല്ല, മറിച്ച് മനുഷ്യന്റെ അടിസ്ഥാന അവകാശമാണെന്ന നിലപാടാണ് പാര്‍ടി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ വിഷയത്തെ വഴിതിരിച്ചു വിട്ട്, അത് ജെനറിക്ക് മരുന്നുകള്‍ക്കെതിരായ നീക്കമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.
ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും മരുന്ന് സംഭരണ നടപടിക്രമങ്ങളും പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഇടതുപക്ഷ നേതാക്കള്‍ രംഗത്തുവന്നിട്ടുള്ളത്. 2026 ജൂലൈയിലാണ് ഈ മരുന്ന് വാങ്ങാനുള്ള അംഗീകാരം സര്‍ക്കാര്‍ നല്‍കിയതായി കാണുന്നത്. അതിന് മുന്നോടിയായി ഒരു പുതിയ മരുന്ന് വാങ്ങുന്നതില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന വ്യക്തത വരുത്തേണ്ടത് സര്‍ക്കാരാണ്. എന്നുമാത്രമല്ല, സെപ്തംബറിൽ ധൃതിപിടിച്ച് ഒരു ഷോര്‍ട്ട് ടെണ്ടര്‍ വിളിച്ച് നാറ്റ്കോ കമ്പനിയ്ക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതായാണ് പുറത്തുവന്ന വിവരങ്ങള്‍.
മരുന്ന് വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ചും മന്ത്രിയുടെ ഇടപെടലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കുട്ടികളുടെ തുടര്‍ചികിത്സയും സുരക്ഷയും ഉറപ്പാക്കണം. ക്ലിനിക്കല്‍ ട്രയല്‍ ഇന്ത്യയില്‍ ആവശ്യമില്ല എന്ന വിശദീകരണം മുഖവിലക്കെടുത്താല്‍ തന്നെ, പിന്നെന്തിന് ക്ലിനിക്കല്‍ ട്രയലിന് എന്ന് രേഖപ്പെടുത്തിയ മരുന്ന് സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിതരണം ചെയ്തു എന്ന് പറയണം. ഇവിടത്തേക്കല്ലെങ്കില്‍ ഏതു രാജ്യത്തിന് വേണ്ടിയാണ്, എന്തിനു വേണ്ടിയാണ് അങ്ങനെ ഒരു 'ട്രയല്‍'? ക്ലിനിക്കല്‍ ട്രയലിന് എന്ന് വ്യക്തമായി രേഖപ്പെടുത്തിയ മരുന്ന് എങ്ങനെ വിതരണം ചെയ്യപ്പെട്ടു? അത് ഇവിടത്തെ രോഗികളില്‍ പരീക്ഷണം നടത്താനുള്ള കുറുക്കുവഴി ആയിരുന്നോ? എന്തുകൊണ്ട്, അത്തരം 'പരീക്ഷണ മരുന്ന്' എന്ന് പ്രകടമായി രേഖപ്പെടുത്തിയ മരുന്ന് കൊടുക്കാനുള്ള സാഹചര്യം രോഗികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തിയില്ല? എങ്ങനെ അത്തരം മരുന്ന് സര്‍ക്കാര്‍ സംവിധാനത്തിലെത്തി? ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടോ? ഇങ്ങനെയുള്ള അനേകം സംശയങ്ങള്‍ പൊതു സമൂഹത്തിനു മുന്നിലുണ്ട്.
ഈ വിഷയത്തില്‍ ഇതുവരെ നടത്തിയ എല്ലാ നടപടികളും പൊതുജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അറിഞ്ഞോ അറിയാതെയൊ നമ്മുടെ ഇളംതലമുറ ഒരു പരീക്ഷണ വസ്തുവായി മാറരുത്. സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവതരമായി സമീപിക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.









0 comments