ഹിമാചലില്‍ നിന്നും കൊള്ളവിലയ്‌ക്ക് വൈദ്യുതി; വാങ്ങിയത് റഗുലേറ്ററി കമീഷന്റെ അനുമതിയില്ലാതെ

തിരുവനന്തപുരം: ആസൂത്രണം നടത്താതെ അനങ്ങാതിരുന്ന് ലോഡ്‌ഷെഡിങ് വിളിച്ചുവരുത്തിയ സർക്കാർ, പ്രതിസന്ധി മറികടക്കാൻ കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽനിന്നും കൊള്ളവിലയ്‌ക്ക് വൈദ്യുതി വാങ്ങിയത് റഗുലേറ്ററി കമീഷന്റെ അനുമതിയില്ലാതെ. യൂണിറ്റിന് പരമാവധി 10 രൂപ വരെ നൽകി വാങ്ങാൻ അനുമതിയുള്ളപ്പോൾ യൂണിറ്റിന് 14.5 രൂപയ്‌ക്കാണ് സർക്കാർ വൈദ്യുതി വാങ്ങിയത്.
അടിയന്തരഘട്ടങ്ങളിൽ മുൻകൂർ അനുമതിയില്ലാതെയും വാങ്ങാമെങ്കിലും 15 ദിവസത്തിനകം കമീഷന്റെ അംഗീകാരത്തിന് അപേക്ഷിക്കണമെന്നാണ് നിയമം. കെഎസ്ഇബി ഇതുവരെ അപേക്ഷപോലും നൽകിയിട്ടില്ല. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇടപെട്ട് കമീഷന്റെ അനുമതി പോലും തേടാതെയുള്ള ഇടപാട് ദുരൂഹമാണ്.
അമിതവിലയ്‌ക്ക് തുടർച്ചയായി വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ കഴിഞ്ഞ ദിവസം റഗുലേറ്ററി കമീഷൻ വിമർശിച്ചിരുന്നു. 2027 ഏപ്രിൽവരെ ഹ്രസ്വകാല കരാറുകളിലൂടെ യൂണിറ്റിന് 20 രൂപവരെ നൽകി വൈദ്യുതിവാങ്ങാനുള്ള അനുമതിക്കാണ് റെഗുലേറ്ററി കമീഷന് കെഎസ്ഇബി അപേക്ഷ നൽകിയത്. യൂണിറ്റിന് 14.89 മുതൽ 6.99 രൂപ വരെയാണ് മറ്റ് കരാറുകൾ. 336.246 കോടി രൂപ ചെലവാണ് കണക്കാക്കുന്നത്. ടാറ്റാ പവർ, ജിൻഡാൽ, പിടിസി ഇന്ത്യ, മണികരൺ, ആർപിജി പവർ, ശ്രീ സിമന്റ്‌സ് തുടങ്ങിയ കമ്പനികളുമായാണ് കരാർ. കൂടിയ വിലയ്‌ക്ക് വൈദ്യുതിവാങ്ങാനുള്ള ഈ നീക്കത്തെയാണ് റെഗുലേറ്ററി കമീഷൻ രൂക്ഷമായി വിമർശിച്ചത്.
അതേസമയം കേരളത്തിന് വൈദ്യുതി വിൽക്കുന്നതിനെതിരെ ഹിമാചൽപ്രദേശിൽ പ്രതിഷേധമുയർന്നിരുന്നു. ഹിമാചലിലെ ഒൗഷധ നിർമാണ വ്യവസായ മേഖലയിൽ അപ്രഖ്യാപിത വൈദ്യുതി മുടക്കവും നിയന്ത്രണവും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന പരാതിക്കിടെയാണ് കേരളത്തിന് വൈദ്യുതി കൈമാറിയത്.









0 comments