17 വയസ്സുള്ളവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാം

തിരുവനന്തപുരം: പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക പ്രചാരണയത്നത്തിന്റെ ഭാഗമായി 17 വയസ്സുകാർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡി സജിത് കുമാർ അറിയിച്ചു. അടുത്ത വർഷം ഒക്ടോബർ ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്കുവരെ പട്ടികയിൽ ഇപ്പോൾ പേര് ചേർക്കാനാകും. ഈ പ്രായപരിധിയിലുള്ള വിദ്യാർഥികളെ കണ്ടെത്തുന്നതിനായി നവംബർ രണ്ടുമുതൽ 'കാമ്പസ് ടു ബൂത്ത്' പ്രചാരണപരിപാടി നടത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡി സജിത് കുമാർ അറിയിച്ചു.
നവംബർ 12ന് സംയോജിത കരടുപട്ടിക പ്രസിദ്ധീകരിക്കും. ഇതുവരെ വോട്ടർപട്ടികയിൽ പേരു ചേർക്കാവർക്കും ഫോം 6 ഉപയോഗിച്ചു പേരു ചേർക്കാം. വില്ലേജ് ഓഫിസുകളിൽ നടക്കുന്ന പേരു ചേർക്കാനുള്ള നടപടിക്രമം അടുത്ത മാസവും തുടരും. ഓണ്‍ലൈനായും തെരഞ്ഞെടുപ്പ് കമീഷന്റെ ആപ്പ് വഴിയും വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകാം.
നവംബർ രണ്ടിന് മുൻപ് പോളിങ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഒരേ കുടുംബത്തിലുള്ളവരുടെ പേരുകൾ പല പോളിങ് സ്റ്റേഷനുകളിലുണ്ട്. പേര് മാറിക്കിടക്കുന്നത് മാറ്റാൻ അപേക്ഷ നൽകാം. അല്ലെങ്കിൽ കമീഷൻ സ്വമേധയാ പരിഹരിക്കും. എസ്എസ്ആറിന്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍പട്ടിക അടുത്തവർഷം ജനുവരി നാലിന് പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.









0 comments