കവർസ്റ്റോറി
വിരസതയെ ദഹിപ്പിക്കുന്ന പെരുമ്പാമ്പ്

വി മുസഫർ അഹമ്മദ്
Published on Oct 24, 2026, 12:35 PM | 3 min read
ആൻ കാഴ്സൺ ഏതൊരു മനുഷ്യനേയും പോലെ വിരസതകളെ വെറുക്കുന്നു. അവരുടെ എഴുത്തും ചിന്തയും വിരസതയോടുള്ള പോരാട്ടമാണ്. ആ പോരാട്ടം അടയാളപ്പെടുത്തപ്പെട്ട കഥയാണ് "we have only just Begun.’ ഇവിടെ ആൻ വിരസതയെ ദഹിപ്പിക്കുന്നത്് റോക്കറ്റ്്് എന്ന വളർത്ത്്് പെരുമ്പാമ്പിലൂടെയാണ്. ആ നിലയിൽ റോക്കറ്റാണ് ഈ കഥയിലെ നായകൻ/നായിക. പത്ത്്് വർഷം മുമ്പ്്് 2016 ജനുവരിയിൽ ഹാർപേഴ്സ് മാഗസിനിലാണ് ഈ കഥ ആദ്യം പ്രസിദ്ധീകരിച്ചത്്്. അന്നത് വായിക്കുമ്പോൾ എന്തൊരു കഥ! എന്ന തോന്നൽ എന്നിലുണ്ടായി. നിരവധി റഫറൻസുകളിലൂടെ ഒരാഖ്യാനം സൃഷ്ടിക്കുകയാണ് ആൻ. അവരുടെ എല്ലാ രചനകൾക്കുമുള്ള "സങ്കീർണ ലാളിത്യം’ ഈ കഥയെ കൂടുതലായി അനുഗ്രഹിച്ചിട്ടുണ്ട്്്. വിരസത ഒരു സാധാരണ മനുഷ്യാവസ്ഥയാണ്. അതെല്ലാവരേയും പിന്തുടരുന്നു, വേട്ടയാടുന്നു. അതിനെ കീഴ്്പ്പെടുത്തി എന്ന തോന്നലിൽ ഒരു വഴുക്കലുണ്ടാവുന്നു. അൽപ്പനേരംകൊണ്ട്്് പുതിയൊരു വിരസത പ്രത്യക്ഷപ്പെടുന്നു. മനുഷ്യരാശിയെ സംബന്ധിച്ച് വിരസത ഒരു "ഇൻബിൽറ്റ്്’ പ്രശ്്്നമാണ്. ഈ കഥയെക്കുറിച്ച് ഇന്റർനെറ്റ്്്് ഡാറ്റാ ബേസിൽ ഒരു നിരീക്ഷണമുണ്ട്്്: "ആത്മാവിനെക്കുറിച്ചുള്ള ഒരു ഉപന്യാസം’ എന്നും ഈ കൃതിയെ വിളിക്കാം. ഈ കഥ ഒരു സങ്കര ഗദ്യ കൃതിയാണ്. ഭീകരമായ ഭവന അധിനിവേശത്തെ വിവരിക്കുന്നതിന് ഓർമക്കുറിപ്പുകളും വ്യക്തമായ സാക്ഷ്യങ്ങളും ഇവിടെ സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു. തീവ്രമായ അക്രമവും ബലപ്രയോഗവും മനുഷ്യബോധത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും അഗാധമായ ഭീകരതയെ മരവിപ്പിക്കുന്ന വിരസതയിലേക്ക് എങ്ങനെ താഴ്ത്തിക്കെട്ടുന്നുവെന്നും പരിശോധിക്കാനുള്ള ശ്രമമാണ് കഥയിൽ നടക്കുന്നത്. കവിതയ്ക്കും ആഖ്യാനത്തിനും ഇടയിലുള്ള വരികൾ മങ്ങിച്ചുകൊണ്ട് ശാരീരിക ആക്രമണത്തിനിരയായ മനസ്സിന്റെ ഉടമയുടെ ജീവിതത്തിന് എന്ത് സംഭവിക്കുമെന്ന് ചോദ്യം ചെയ്യാൻ കാഴ്സൺ മെലോഡ്രാമയുടെ രീതി ഉപയോഗിക്കുന്നുവെങ്കിലും അതിന്റെ ആഘാതം പരമാവധി കുറച്ചുകൊണ്ട്്് മനുഷ്യരാശിയെക്കുറിച്ച് വായനക്കാരോട് സംസാരിക്കുന്നു: സത്യത്തിൽ ഈ രചന ഒരു പ്രണയ കഥയാണ്. രണ്ടു പേരുടെ പ്രണയങ്ങൾ, അവരുടെ യാത്രകൾ (യാത്രകൾ ഗ്രീസിലേക്ക്്് തന്നെ. ഗ്രീക്ക് മിഥോളജിയിൽ നിന്നും രക്ഷയില്ലാത്ത എഴുത്തുകാരിയാണല്ലോ അവർ.) അതിനിടയിൽ കാറിന്റെ പിൻസീറ്റ്് അടയ്ക്കാൻ മറക്കുകയും അതു വഴി രണ്ടു പേർ കയറി പിന്നീട് വീട്ടിൽ വന്ന് കമിതാക്കളെ ആക്രമിക്കുകയും ചെയ്യുന്നു. അതുണ്ടാക്കുന്ന മാരകമായ വിരസതയിൽ നിന്നും രക്ഷകനാകുന്നത്്് റോക്കറ്റ്് എന്ന പെരുമ്പാമ്പും.
ആൻ കാഴ്സൺ
വീട്ടിൽ കയറിയുള്ള ആക്രമണം അക്ഷരാർഥത്തിലല്ലാതെ എടുക്കുമ്പോൾ അധിനിവേശത്തിന്റെ വിവിധ കരാളതകളിലേക്ക്് കഥ വായനക്കാരെ കൊണ്ടുപോകുന്നു. കഥയുടെ ഏറ്റവും വലിയ ശക്തിയാണത്. പെരുമ്പാമ്പുകൾക്ക്് മാത്രം രക്ഷിക്കാൻ കഴിയുന്ന ലോകക്രമത്തിന്റെ സ്ഫടിക കർട്ടനിലൂടെയാണ് കഥയുടെ ആഖ്യാനങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാനാവുക. അതു വേണ്ട എന്നുണ്ടെങ്കിൽ ഇതിനെ പെട്ടെന്നൊരു മധ്യവർഗ കഥയാക്കി മാറ്റാനും കഴിയും. പക്ഷെ ഈ രചനയിലെ സൂചനകൾ അതിന് സമ്മതിക്കുന്നില്ല. ഇരിക്കപ്പൊറുതിയില്ലാത്ത വായനക്കാരെ കഥ സൃഷ്ടിക്കുന്നു. അതുകൊണ്ട്് റോക്കറ്റ്് വിരസതയെ മാത്രമല്ല, ഹിംസയേയും ദഹിപ്പിക്കുന്നു. ഗ്രിമാൽഡി എന്ന കഥാപാത്രം പറയുന്നു: ആ സാധനത്തെ വെട്ടിമാറ്റ്, അതിനെ എന്റെ ശരീരത്തിൽനിന്ന് വെട്ടിമാറ്റ്: വെട്ടിമാറ്റാൻ കഴിയാത്ത വിധത്തിലുള്ള മാറ്റമാണ് വേണ്ടത്, റോക്കറ്റ് ഹിംസയെ ഇല്ലാതാക്കുന്ന തരത്തിലുള്ള ഒന്ന്. മനുഷ്യന് സാധിക്കാത്തത് ഉരഗങ്ങൾക്കോ മൃഗങ്ങൾക്കോ പറ്റുമെന്നുള്ള പുതിയ മനുഷ്യമൊഴി കൂടിയാണ് ‘we have only just Begun’ ഈലോകത്തെ കേൾപ്പിക്കുന്നത്. ഉരഗത്താരയിൽ നിന്നും മനുഷ്യത്താര പകർത്തേണ്ടുന്ന ഈ പാഠം അസഹനീയമായ മനുഷ്യ ഹിംസയോടുള്ള പ്രതികരണം കൂടിയാണ്. അതിനാൽ ഈ കഥയെ അക്ഷരാർഥത്തിൽ മാത്രമായി എടുക്കനാവില്ല (ഒരു സാഹിത്യകൃതിയേയും അങ്ങനെ സാധ്യവുമല്ല). അതുകൊണ്ട് കഥയിലെ പുടിൻ മലത്തിന്റെ ശബ്ദമുള്ളയാളായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. സോംബികളെ അടിമകളാക്കിയ ചരിത്രത്തെക്കുറിച്ച് ഓർക്കേണ്ടി വരുന്നു.
സാഹിത്യ രൂപങ്ങളുടെ അതിർത്തികൾ നിരന്തരമായി ഭേദിക്കുന്ന ആൻ കാഴ്സൺ കഥ കവിതയായും കഥ ലേഖനമായും നോവൽ കാവ്യാഖ്യാനമായും അവതരിപ്പിക്കുന്നു. മനുഷ്യജീവിതത്തിലെ അതിർത്തികൾ സാഹിത്യത്തിൽ അവർ ഇങ്ങനെ ഭേദിക്കുന്നു. വിസയും ടിക്കറ്റും പണവുമില്ലാതെയുള്ള ഭാവനയുടെ അതിർത്തി കടക്കൽ കൂടി ഈ കഥയിൽ സംഭവിക്കുന്നു. രൂപം‐സാഹിത്യരൂപം എന്നതിനെക്കുറിച്ച് മാറിച്ചിന്തിക്കാൻ ഈ ആഖ്യാനം സാഹിത്യപ്രേമികളെ നിർബന്ധിക്കുന്നു എന്നതും വസ്തുത തന്നെ. ഫോമിനെക്കുറിച്ചുള്ള ഒരു മാറിച്ചിന്തയ്ക്ക് ആൻ എപ്പോഴും കളമൊരുക്കുന്നു. ഇവിടെയും അതു തന്നെ. കഥയായി, സംസ്കാരത്തെക്കുറിച്ചുള്ള ലേഖനമായി, ചിലപ്പോൾ ഒരു പ്രേമ കാവ്യം പോലുമാകുന്ന ആഖ്യാനമാണ് ആൻ കാഴ്സണിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്്.
ആൻ കാഴ്സന്റെ രചനാലോകം എപ്പോഴും ഭാഷ അപൂർണമാവുകയാണോ എന്ന സംശയം ഉന്നയിക്കുന്നു. അഭയാർഥികൾ ഭാഷയ്ക്കായി ദാഹിക്കുന്നു, അതിന്റെ സംഘർഷങ്ങളിൽ എരിയുന്നു എന്നവർ "ഓട്ടോബയോഗ്രഫി ഓഫ് റെഡ്’ എന്ന മാസ്റ്റർപീസ് രചനയുടെ തുടക്കത്തിൽ എഴുതുന്നുണ്ട്. 1998‐ൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമാണ് ഭാഷയെക്കുറിച്ചുള്ള ഈ നിരീക്ഷണം അവർ എഴുതുന്നത്. 2016‐ൽ "we have only just Begun' എഴുതുമ്പോൾ ഉരഗങ്ങളുടെ ഭാഷയിൽക്കൂടി സഞ്ചരിക്കാൻ ആൻ ശ്രമിക്കുന്നു. സംസ്കാരത്തിന്റെ നിരവധിയായ തുരുമ്പിടങ്ങൾ വളരുമ്പോൾ നാം കേൾക്കാത്ത, മ്യൂട്ട് ചെയ്യപ്പെട്ട ശബ്ദങ്ങളിലേക്ക്, ഭാഷകളിലേക്ക് പോവുകയാണ് വലിയ എഴുത്തുകാർ എന്നും ചെയ്തിട്ടുള്ളത്. അങ്ങനെ സ്വന്തം സംസ്കാരത്തിന്റെ ദുഷിപ്പുകൾ സഹിക്കവയ്യാതെ അപൂർണമായ തന്റെ ഭാഷയിൽ നിന്നുകൊണ്ട് ചെവി വട്ടം പിടിക്കുമ്പോൾ ആൻ ഒരു പാമ്പിന്റെ ഊത്ത് കേൾക്കുന്നു. അതൊരു മാറിയ സന്ദർഭമായിരുന്നു. അങ്ങനെ ഉരഗങ്ങളുടെ ലിപിമാലകൾ കൂടി ഉപയോഗിച്ചാണ് അവർ ഈ കഥ എഴുതിയത്. സത്യത്തിൽ അത്് പുതിയൊരു ഭാഷ തന്നെയാണ്. ആ ഭാഷയുടെ, അങ്ങനെയൊന്ന് കണ്ടെത്തിയ ഭാവനയുടെ തിളക്കത്തിലാണ് ഈ കഥ നിരന്തരമായ സ്ഫോടനങ്ങളുണ്ടാക്കുന്നത്. ഉരഗങ്ങൾക്ക് ചിലപ്പോൾ മനുഷ്യനെ അഹിംസയുടെ പുതിയ അർഥത്തിലേക്ക് നയിക്കാൻ കഴിയുമോ? അതൊരു ചോദ്യമാണ്. ഈ കഥ അതിനുള്ള ഉത്തരംകൂടി തേടുന്നു.








0 comments