Deshabhimani

കഥ

നമ്മൾ ആരംഭിച്ചിട്ടേയുള്ളൂ

പടം

ഒരു ട്രാഫിക് സിഗ്നലിൽ ഞങ്ങളുടെ കാർ നിർത്തിയപ്പോൾ അവർ അതിനുള്ളിലേക്ക് കയറി. നല്ല തണുപ്പായിരുന്നു. കാറിന്റെ പിൻവശത്തെ വാതിലുകൾ ഞങ്ങൾ ഒരിക്കലും പൂട്ടാറില്ല. അവർ രണ്ടുപേരുണ്ടായിരുന്നു. അപ്പാർട്ട്മെന്റിൽ എത്തിയപ്പോൾ ഇരുവരും ഞങ്ങളെ ഭീതിയിലാഴ്ത്തി. ഒരു ദിവസം മുഴുവനും രാത്രിയുടെ ഭൂരിഭാഗവും അതു നീണ്ടുനിന്നു. മർദനവും പിടിച്ചുവലിക്കലും പരിഹാസവും നാശനഷ്ടങ്ങളും ഭയവും... അത് ആവർത്തിക്കപ്പെട്ടു. ഭയംകൊണ്ട് ഞങ്ങളുടെ ഉള്ളിൽനിന്ന് അത്തരം ശബ്ദങ്ങൾ പുറപ്പെടുമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ അന്നത് സംഭവിച്ചു. എല്ലാറ്റിനുമുപരി അതെല്ലാം വിരസമായിരുന്നു. വിരസമായിരുന്നു എന്നു പറയുമ്പോൾ ഉദ്ദേശിക്കുന്നത്, അവിടെ നടന്നതെല്ലാം മോശമായ പിടിവലികൾ മാത്രമായിരുന്നു എന്ന അർഥത്തിലാണ്. മർദനവും പിടിച്ചുവലിക്കലും പരിഹാസവും നാശനഷ്ടങ്ങളും ഭയവും നിറഞ്ഞ ഒരു സാഹചര്യത്തിൽ മനസ്സിൽ ആലോചനകൾക്കൊന്നും ഇടമുണ്ടാകില്ല. മറ്റെന്തെങ്കിലും ചിന്തിക്കാൻ സ്വന്തം ഉള്ളിന്റെ പിന്നാമ്പുറത്തേക്ക് ഒന്ന് മാറിനിൽക്കാം എന്നു കരുതിയാൽ അതിനൊരു ഇടമോ അവസരമോ ലഭിക്കില്ല.

വിരസതയുടെ നീണ്ട ഇടവേളകൾ. അവയിൽ ചിന്തിക്കുന്നതുപോലെയുള്ള എന്തോ ഒന്ന് നിറയാറുണ്ട്. എന്നാൽ ചിന്തിക്കാൻ കഴിയുന്നത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യം മാത്രമാണ്. ഇതെന്താണ്, ഇതിന്റെ നടുവിൽ ആയിരിക്കുക എന്നത് എന്താണ് എന്നൊക്കെ. എന്നാൽ ഇതിന്റെ നടുവിൽ ആയിരിക്കുക എന്നത് ലളിതമായും പൂർണമായും സംഭവിക്കുന്നത് എന്താണോ അതുമാത്രമായിരിക്കുന്നു. അതിനുചുറ്റും മറ്റൊന്നുമില്ല; അതിനെ ഉൾക്കൊള്ളുന്ന വിശാലമായ ഇടമില്ല. കടൽത്തീരമില്ല. സ്വപ്‌നസഞ്ചാരമില്ല.

ഒരു ഘട്ടത്തിൽ വാഷിങ്ടൺ എന്റെ നേരെ കൈകൾ ഉയർത്തി. രണ്ടു കൈകളിലൂടെയും രക്തം താഴേക്ക് ഒഴുകി തറയിൽ വീണു. അത് ടൈലുകളിൽ വീഴുന്നത് ഞാൻ നോക്കിനിന്നു. ടൈലുകളിൽനിന്ന് രക്തം വൃത്തിയാക്കുന്നതിനെക്കുറിച്ച് അപ്പോൾ ഞാൻ ചിന്തിച്ചു. വൃത്തിയാക്കുന്നതിനേക്കാൾ നല്ലത് അവ മാറ്റുന്നതാണെന്നും തോന്നി. ഒടുവിൽ ഞങ്ങൾ അങ്ങനെത്തന്നെ ചെയ്തു. വെള്ള ടൈലുകൾ മാറ്റി. കറുത്ത ടൈലുകൾ നിലനിർത്തി. അവയിൽ നേരത്തേതന്നെ ഒരുതരം പുള്ളികളുണ്ടായിരുന്നു. "ഒടുവിൽ’ എന്നത് മർദനവും പിടിച്ചുവലിക്കലും പരിഹാസവും നാശനഷ്ടങ്ങളും ഭയവും നിറഞ്ഞ ഒരു സാഹചര്യത്തിൽ മനസ്സിന് സങ്കൽപ്പിക്കാൻ കഴിയുന്ന ആശയമല്ല. അവർ വാഷിങ്ടണിനെ ചുവന്നുതിളച്ച ചെരിപ്പുകൾ ധരിപ്പിച്ച് നൃത്തം ചെയ്യിച്ചപ്പോഴും ഞാൻ അതിൽ ഉപമകൾ തേടുകയായിരുന്നില്ല. "സ്നോ വൈറ്റ്’ എന്ന കഥയുമായി അതിനെ ബന്ധപ്പെടുത്തുകയുമായിരുന്നില്ല. ഞാൻ വാഷിങ്ടണിന്റെ ഭീതിയിൽ പൂർണമായി മുങ്ങിപ്പോയിരുന്നു. ആ ഭീതിക്ക് അതിരുകളില്ലായിരുന്നു. അതുതന്നെയാണ് വിരസത. അതിരുകളില്ലാത്ത ഒരു നിമിഷം. അതിജീവിക്കാൻ നിങ്ങൾക്ക് ഒരു അതിര് വേണം.

പടം

അവരിലൊരാളുടെ പേര് ഗ്രിമാൽഡി എന്നാണെന്ന് തോന്നി. "ഞാൻ വഴുതിപ്പോകുകയാണ്, ഗ്രിമാൽഡി ഇടയ്‌ക്കിടെ പറയുമായിരുന്നു. ശബ്ദം തകർന്നുവീഴുന്നതുപോലെയായിരുന്നു. അപ്പോൾ മറ്റേയാൾ മുറി കടന്ന് അയാളുടെ അടുത്തെത്തി, അരികിൽനിന്ന് പതുക്കെ എന്തോ മന്ത്രിക്കും. പിന്നെ അവർ മുമ്പ് ചെയ്‌തുകൊണ്ടിരുന്ന കാര്യങ്ങളിലേക്ക് മടങ്ങിപ്പോകും. ചില്ലുകൾ തകർക്കുക, സാൻഡ്‌വിച്ചുകൾ ഉണ്ടാക്കുക, അല്ലെങ്കിൽ മറ്റെന്തെങ്കിലുമാകാം. അപ്പോഴേക്കും വാഷിങ്ടൺ ബോധരഹിതനായിരുന്നു. അയാൾക്ക് അതൊന്നും കേൾക്കാനോ കാണാനോ കഴിഞ്ഞില്ല. ഞാൻ തറയിൽ കിടക്കുകയായിരുന്നു. എന്റെ ശരീരത്തിൽ ചെറിയ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു; മറ്റെല്ലാ കാര്യങ്ങളിലും ഞാൻ കുഴപ്പമില്ലാത്തതുപോലെ നടിച്ചു. കൈകൾ കെട്ടിയിട്ടുണ്ടെന്ന ഭാവം കാണിച്ചു, യഥാർഥത്തിൽ അവ അഴിച്ചിരുന്നെങ്കിലും. ഞാൻ ആ അതിരിനായി കാത്തിരിക്കുകയായിരുന്നു.

"ഞാൻ വഴുതിപ്പോകുകയാണ്’ എന്നാണ് അയാൾ പറയുന്നതെന്ന് ഞാൻ കരുതി. എന്നാൽ വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല. ഒരുപക്ഷേ "ഞാൻ ചോർന്നുപോകുകയാണ്’ എന്നോ

"ഓ, ഇത് നീണ്ട് പോവുകയാണ്’ എന്നോ ആയിരിക്കാം. അവിടെയായിരുന്നു ആ അതിര്.

"അയാൾ മരിച്ചിട്ടും മരിക്കാത്ത ഒരാളെപ്പോലെയാണ്’– ഞാൻ എന്നോടുതന്നെ പറഞ്ഞു. ഇപ്പോൾ, മരിച്ചിട്ടും മരിക്കാത്തവർ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാനൊരു ശാസ്ത്രജ്ഞനാണ്. എന്നാൽ അങ്ങനെ വിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട്. അത്തരക്കാരിൽ തങ്ങൾ മരിച്ചിട്ടും മരിക്കാത്തവരാണെന്ന് അവകാശപ്പെടുന്നവരും ഉണ്ടാകാമെന്നത് യുക്തിസഹമാണ്. അങ്ങനെ കരുതുന്നതിനാൽ ചോർന്നുപോകുമോ, നീണ്ടുപോകുമോ, വഴുതിപ്പോകുമോ എന്നൊക്കെ അവർ ഭയപ്പെട്ടേക്കാം. അവർ സ്വന്തം ഉള്ളിലേക്ക് സ്വയം അടച്ചുപൂട്ടപ്പെട്ട മനുഷ്യരാണ്.

"ഇനിയും ഉറങ്ങരുത്.’ അവരുടെ ശബ്ദങ്ങൾ മരത്തിൽനിന്നോ, ദ്രവിച്ച മരത്തിന്മേൽ ചവിട്ടടികൾ പതിക്കുന്നതിൽനിന്നോ ഉണ്ടാകുന്നതുപോലെയായിരുന്നു. ഞാൻ അനങ്ങിയാൽ, ഗ്രിമാൽഡി എന്നയാൾ തന്റെ ചാട്ടവാർകൊണ്ട് എന്നെ അടിക്കുമായിരുന്നു. കഴുത്തിൽ ചുറ്റിയിട്ടിരുന്ന പ്ലാസ്റ്റിക് ചാട്ട ഒരു നീണ്ട കയറിന്റെ കഷ്‌ണമായിരുന്നു. ഒരു കയ്യിൽ ചാട്ടവാർ, മറുകയ്യിൽ സാൻഡ്‌വിച്ച്. അങ്ങനെയാണ് അയാളുടെ രൂപം എനിക്കു മുന്നിൽ നിന്നത്്, ചിലപ്പോൾ ഇരുന്നതും. അയാളുടെ കൂട്ടാളി ഞങ്ങളുടെ ചായപ്പൊടി ഭരണികൾ സൂക്ഷിക്കുന്ന അലമാര പരിശോധിക്കുകയായിരുന്നു. ഗ്രിമാൽഡി അടുത്തേക്ക് വന്നു. അവർ മുരണ്ടുകൊണ്ടും കൈകാലുകൾ വീശിക്കൊണ്ടും നിന്നു. ചാട്ടവാറിന്റെ അറ്റംകൊണ്ട് ഗ്രിമാൽഡി കൗണ്ടറിലിരുന്ന ഒരു ടിൻ തട്ടിത്താഴെയിട്ടു. ഫോർമോസ ഊലോങ് ചായയുടെ ടിൻ തറയിൽ വീണ് വലിയ ശബ്ദത്തോടെ തെറിച്ചുചാടി.

അയാൾ ശപിച്ചു. വാഷിങ്ടണിന്റെ കണ്ണുകൾ പെട്ടെന്ന് തുറന്നു. തുണിയലക്കാൻ കെട്ടിയ കയറിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ആത്മാവ് ചിറകടിക്കുന്നതുപോലെ. വാഷിങ്ടണിന്റെ കണ്ണുകൾക്ക് എന്തൊരു നീലനിറമാണ്! ആ കണ്ണുകൾ അങ്ങനെയായിരിക്കുന്നത് എത്ര നല്ല കാര്യമാണ്! പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന സമുദ്രങ്ങൾപോലെ. ഓരോ തിരയും തകർന്നുവീണതിനുശേഷം അതിന്റെ പിന്നിൽ അവശേഷിക്കുന്ന നിഴൽപോലെ. നീലനിറത്തിലുള്ള നീന്തൽക്കുളത്തിന്റെ അടിയിലെ നീല വരകൾപോലെ. മുപ്പതിനായിരം അടി ഉയരത്തിൽനിന്നു കാണുന്ന അറ്റ്‌ലാന്റിക് സമുദ്രം പോലെ. ചൈനയിലെ ശൈത്യകാല പ്രഭാതത്തിന്റെ നീലനിറംപോലെ, ഒഹായോയിലെ വേനൽക്കാല സന്ധ്യയുടെ നീലനിറംപോലെ, സൂര്യപ്രകാശത്തിൽ കാക്കകൾക്കുള്ള നീലനിറംപോലെ. ദൂരത്തിന്റെ നീലനിറംപോലെ. ഗേറ്ററേഡിന്റെ നീലനിറം, ആലിസ് ബ്ലൂ എന്ന ഇളം നീലനിറം, ഉപ്പുകല്ലിൽനിന്നുള്ള നീലനിറം, ഉപഗ്രഹങ്ങളുടെ നീലനിറം. ഉപഗ്രഹങ്ങൾ നീലയല്ല. ഞാൻ ഉപമകളുടെ കാര്യത്തിൽ അതിരുകടക്കാറുണ്ട്. വാഷിങ്ടൺ ഇടയ്‌ക്കിടെ ഇക്കാര്യം ചൂണ്ടിക്കാണിക്കാറുണ്ട്.

ഞാൻ എന്തും വിളിച്ചുപറയുന്നവളാണ്. എടുത്തുചാടുന്നവളാണ്. മുൻകൂട്ടി ധരിച്ചുവയ്‌ക്കുന്നവളാണ്. ഞാൻ മുന്നോട്ടുവരും, അയാൾ പിന്നോട്ടുമാറും.

പടം

ഓരോ ദമ്പതികൾക്കും അവരുടേതായ ഒരു സ്കോർ ഉണ്ടല്ലോ, അല്ലേ? ഞാൻ ഉദ്ദേശിക്കുന്നത് ഒരു ഓർക്കസ്ട്രയുടെ സംഗീതലിപിപോലെയുള്ള ഒന്നാണ്. വാഷിങ്ടൺ കുറച്ചുകൂടി അന്തർമുഖനും ഞാൻ വിലകുറഞ്ഞ ഒരു മോട്ടലിന്റെ പരസ്യബോർഡുപോലെ ഒട്ടും സൂക്ഷ്മതയില്ലാത്തവളുമായതിനാൽ ഞങ്ങളുടെ സംഗീതത്തിന് ഒരുതരം ചടുലവും ഇടറുന്നതുമായ സ്വഭാവമുണ്ട്. വടക്കൻ ഗ്രീസിലേക്കുള്ള ഒരു ബസ് യാത്രയിലാണ് വാഷിങ്ടണും ഞാനും കണ്ടുമുട്ടിയത്. ഒരു വിനോദയാത്രയായിരുന്നു അത്. ബസിലുണ്ടായിരുന്ന മറ്റെല്ലാവരും ചൈനക്കാരായിരുന്നു. ഞാൻ എന്തിനാണ് ആ ചൈനീസ് വിനോദയാത്ര തെരഞ്ഞെടുത്തതെന്ന് എനിക്ക് ഓർമയില്ല. വാഷിങ്ടൺ എന്തിനാണ് അതിൽ ചേർന്നതെന്നും ഞാൻ ഒരിക്കലും ചോദിച്ചിട്ടില്ല. ഞങ്ങളുടെ ടൂർ ഗൈഡ് ആശയക്കുഴപ്പത്തിലായിരുന്നെങ്കിലും ധൈര്യം കൈവിടാത്തവളായിരുന്നു. അവൾ പറയുന്ന നീണ്ട വിവരണങ്ങളെല്ലാം അസാധാരണമായ, നേർത്തതും കാതുതുളയ്‌ക്കുന്നതുമായ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമായിരുന്നു. അവളുടെ പേര് ലിങ് എന്നായിരുന്നു.

ലിങ്ങിന് ഇംഗ്ലീഷ് എവിടെനിന്നാണ് ലഭിച്ചതെന്ന് ഞാൻ വെറുതെ ചിന്തിക്കാറുണ്ടായിരുന്നു. എന്നാൽ ഒരു ദിവസം അതിനുള്ള ഉത്തരം കിട്ടി. മലമ്പാതകളിലെ വളവുതിരിവുകളിലൂടെയും പൊള്ളയായ മേഘങ്ങൾക്കിടയിലൂടെയും നീണ്ട നിർവികാരമായ യാത്ര നടത്തിയ ആ ദിവസം വൈകിയുള്ള അത്താഴത്തിനായി ഞങ്ങൾ ഒരു ഒലിവ് എണ്ണ ഫാക്ടറിയിലെത്തി. ലിങ്ങിന്റെ ഒരു ബന്ധുവായിരുന്നു ആ ഫാക്ടറി നടത്തിയിരുന്നത്. അവൾ മൈക്രോഫോൺ പുറത്തെടുത്ത്, നേരത്തേതന്നെ വളരെ ഉയർന്നിരുന്ന ശബ്ദത്തിന്റെ അളവ് വീണ്ടും കൂട്ടി. എന്നിട്ട് കരൺ കാർപെന്ററിന്റെ പാട്ടുകളുടെ മുഴുവൻ ശേഖരവും ഞങ്ങൾക്കായി അവതരിപ്പിച്ചു. പാടുമ്പോൾ അവൾ പുഞ്ചിരിച്ചുകൊണ്ടിരുന്നു. അടുത്ത തവണ ദമ്പതികൾക്കായുള്ള കൗൺസിലറെ കാണുമ്പോൾ പറയാൻ കഴിയുന്ന ഈ വൈകാരികമായ ഓർമകളെല്ലാം എന്റെ മനസ്സിന്റെ മുൻവശത്തുകൂടി ഒഴുകിക്കൊണ്ടിരുന്നു. അതേസമയം, മനസ്സിന്റെ പിന്നാമ്പുറത്ത് ഞാൻ മരിച്ചിട്ടും മരിക്കാത്തവരെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾ പരതുകയായിരുന്നു. അവർ ശരിയായി നടക്കാത്തവരാണോ? തലച്ചോർ തിന്നുന്നവരാണോ? മറ്റെന്താണ്? എന്നാൽ അപ്പോഴേക്കും അയാൾ എന്നെ നോക്കി നെറ്റി ചുളിക്കുകയായിരുന്നു.


"നിങ്ങൾക്ക് എന്തോ പ്രശ്നമുണ്ടല്ലോ,’ ഞാൻ പറഞ്ഞു. "മൂത്രമൊഴിക്കണം,’ ഗ്രിമാൽഡി പറഞ്ഞു. ഞാൻ നെറ്റികൊണ്ട് ഇടനാഴിയുടെ ദിശയിലേക്ക് ആംഗ്യം കാണിച്ചു. അയാൾ വശംചേർന്നും കുനിഞ്ഞും നടന്നുപോയി. തന്റെ ചാട്ടവാർ മറന്നുവച്ചു. വാഷിങ്ടൺ ചാട്ടവാർ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു. ഞാൻ ചിന്തയിലാണ്ടിരിക്കുന്നതുപോലെ തറയിൽ മലർന്നുകിടന്നു. എനിക്ക് ശരീരം കടഞ്ഞ് വേദനിക്കുന്നുണ്ടായിരുന്നു. ആ വേദനയിൽനിന്ന് ഉത്കണ്ഠ എല്ലായിടത്തേക്കും ഇഴഞ്ഞുപടർന്നു. ഒരേസമയം ചൂടും തണുപ്പും അനുഭവപ്പെടുന്ന ഒരുതരം ഉത്കണ്ഠ. ബാല്യകാലത്തിന്റെ ചെറുധാരകളിലൂടെ അത് ശരീരത്തിലും മനസ്സിലും എല്ലായിടത്തും ആരംഭിച്ചു. ഓരോ രോമകൂപത്തിലും ഇക്കിളിയുണർത്തിക്കൊണ്ട്. ഇത്തരം പ്രതികരണങ്ങളെ നിയന്ത്രിക്കുന്നതിൽ വാഗസ് നാഡിക്ക് പ്രധാന പങ്കുണ്ട്. എന്റെ ശരീരത്തിലൂടെ വാഗസ് നാഡി കടന്നുപോകുന്ന വഴിയെക്കുറിച്ച് ഞാൻ മനസ്സിൽ പിന്തുടരുകയും അതിനെ ശാന്തമാക്കാൻ ശ്രമിക്കുകയും ചെയ്‌തു. അപ്പോഴാണ് എന്റെ ചിന്തകളെ തുളച്ചുകയറി ഒരു നിലവിളി കേട്ടത്.

കുളിമുറിയുടെ ഭാഗത്തുനിന്നായിരുന്നു അത്. ഗ്രിമാൽഡി റോക്കറ്റിനെ കണ്ടുമുട്ടിയിരിക്കുന്നു. ഞങ്ങൾ റോക്കറ്റിനെ കുളിമുറിയിലാണ് വളർത്തുന്നത്. തൂവാലകളുടെ ഒരു കൂമ്പാരത്തിൽ കൂടുകൂട്ടിക്കിടക്കാനും വെള്ളം നിറച്ച കുളിമുറിയിലെ ബാത്ത് ടബ്ബിലേക്ക് എളുപ്പത്തിൽ എത്താനും അവന് ഇഷ്ടമാണ്. ഉറങ്ങുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ അല്ലാത്ത സമയങ്ങളിൽ ഒരു പെരുമ്പാമ്പ് ദിവസത്തിന്റെ ഭൂരിഭാഗവും വെള്ളത്തിൽ കുളിച്ചുകൊണ്ടാണ് ചെലവഴിക്കുന്നത്. പൊതുവേ റോക്കറ്റിന് ശാന്തവും സർവം സഹിയായ സ്വഭാവവുമാണ്. എന്നാൽ പാമ്പുകൾക്ക് കാഴ്ചശക്തി കുറവാണ്. അവയ്‌ക്ക് ചെവി കനാലുകളുമില്ല. പ്രധാനമായും ഗന്ധത്തിന്റെ സഹായത്തോടെയാണ് അവ സഞ്ചരിക്കുന്നത്. അതുകൊണ്ട് ഒരു മണം ഇരയെ ഭക്ഷിക്കാനുള്ള പ്രേരണയ്‌ക്ക് തുടക്കമിട്ടാൽ ചലിക്കുന്ന വസ്തു ഭക്ഷണമായിത്തീരും. അതൊരു പ്രകൃതിനിയമം കൂടിയാണല്ലോ. ഒരു കയ്യിൽ സാൻഡ്വിച്ചുമായി ഗ്രിമാൽഡി റോക്കറ്റിന്റെ വാസസ്ഥലത്തേക്ക് കയറിച്ചെല്ലരുതായിരുന്നു. അവർ പരസ്പരം വളരെ വളരെ അടുത്തായിരിക്കുമ്പോഴാണ് കുളിമുറിയിൽനിന്ന് പുറത്തേക്ക് മറിഞ്ഞുവീണത്. ഗ്രിമാൽഡിയുടെ നിലവിളികൾ അന്തരീക്ഷത്തെ കീറിമുറിച്ചു. അയാളുടെ ശരീരത്തിൽനിന്ന് ഭയാനകമായ ഒരു ദുർഗന്ധവും ഉയർന്നു. ഇരയുടെ ശരീരത്തിന്റെ മുകൾഭാഗത്ത് ചുറ്റിപ്പിടിച്ച് ശരീരവളയങ്ങൾ ക്രമേണ മുറുക്കിയാണ് പെരുമ്പാമ്പുകൾ ഇരയെ കീഴടക്കുന്നത്. ഇരയുടെ ശരീരം ഇടുങ്ങിയതും നീണ്ടതുമായ ഒരു പൊതിപോലെയാക്കി മാറ്റുകയാണ് ഈ ഞെരുക്കലിന്റെ പ്രധാന ലക്ഷ്യം. അതുവഴി അതിനെ വിഴുങ്ങാൻ കഴിയും. കഴിയുമെങ്കിൽ ജീവനോടെത്തന്നെ. ഒരു ചെറിയ മാൻകിടാവിന്റെ വലുപ്പംവരെയുള്ള ഇരകളെപ്പോലും ഈ രീതിയിൽ കൈകാര്യം ചെയ്യാൻ പാമ്പിന് കഴിയും. എന്നാൽ യാദൃച്ഛികമായി, ഗ്രിമാൽഡി റോക്കറ്റിന് വിഴുങ്ങാൻ കഴിയുന്നതിലും വലുതായിരുന്നു. പക്ഷേ ഗ്രിമാൽഡിക്ക് അത് അറിയില്ലായിരുന്നു. റോക്കറ്റാകട്ടെ, വലിയ ആവേശത്തോടെ തന്റെ പ്രവൃത്തി തുടർന്നുകൊണ്ടിരുന്നു. അതുകൊണ്ടാണ് ഗ്രിമാൽഡി വീണ്ടും വീണ്ടും നിലവിളിച്ചത്:

"ആ സാധനത്തെ വെട്ടിമാറ്റ്! അതിനെ എന്റെ ശരീരത്തിൽനിന്ന് വെട്ടിമാറ്റ്!’ അതേസമയം, ഈ രണ്ടുപേരും തമ്മിലുള്ള പിടിവലിയിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.

മറ്റേയാൾ അപ്പോഴും തന്റെ വലിയ കെജിബി സൺഗ്ലാസ് ധരിച്ചുതന്നെയിരുന്നു. മണിക്കൂറുകൾക്കുമുമ്പ് കാറിൽ കയറിയപ്പോൾ അയാൾ പുടിനെപ്പോലെയുണ്ടെന്ന് ഞാൻ ചിന്തിച്ചത് ഓർത്തു. ഈ ഘട്ടത്തിൽ ഗ്രിമാൽഡിയെ രക്ഷിക്കുക എന്നത് പുടിന്റെ മുൻഗണനകളിൽ പ്രധാനപ്പെട്ടതേയല്ലെന്നത് വളരെ വ്യക്തമായിരുന്നു. അയാൾ ലാ‐സെഡ്‐ബോയ് ചാരുകസേരയിൽ ഇരുന്നുകൊണ്ട് മുറിയുടെ മറുവശത്തേക്ക് ഒരു ആജ്ഞ എറിഞ്ഞു. "മെഷീൻ താഴെയിട്, ഗ്രിമാൽഡി! മെഷീൻ താഴെയിട്!’ അയാളുടെ ശബ്ദം മലത്തെപ്പോലെയായിരുന്നു. മലത്തിന് ശബ്ദമുണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ മലമെന്നത് തന്നെ ഒരു ശബ്ദമായിരുന്നെങ്കിൽ, അതിന്റെ ശബ്ദം എങ്ങനെയായിരിക്കുമോ അങ്ങനെയായിരുന്നു അത്. അന്നുമുതൽ എനിക്കുണ്ടാകുന്ന സ്വപ്നങ്ങളിൽനിന്ന് ആ ശബ്ദം എങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം. ആ സ്വപ്നങ്ങളിൽ അയാളുടെ മലക്കൂമ്പാരത്തിന്റെ അടിത്തട്ടിൽനിന്നുയരുന്നതുപോലെയുള്ള ശബ്ദം ഇരുണ്ട പശ്ചാത്തലസംഗീതമായി മുഴങ്ങുന്നു.

പടം

അതേസമയം ഞാൻ നേരത്തേ ശ്രദ്ധിച്ച മറ്റൊരു കാര്യമുണ്ടായിരുന്നു. പുടിന് യാതൊരു ഗന്ധവുമില്ലായിരുന്നു. ഒരുതരം വർണത്തിളക്കം അയാളിൽനിന്ന് പുറപ്പെട്ട് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. വലിയ കെജിബി സൺഗ്ലാസ് എന്റെ ദിശയിലേക്ക് തിരിഞ്ഞു. "അവനെ അതിൽനിന്ന് മോചിപ്പിക്ക്.’ സാധാരണഗതിയിൽ ഇത് എളുപ്പമായിരിക്കില്ല. കാരണം, ഒരു പെരുമ്പാമ്പിന്റെ ശരീരച്ചുറ്റുകൾ അഴിച്ചുമാറ്റണമെങ്കിൽ ഒരാൾ അതിന്റെ തലയിൽ പിടിച്ചുനിൽക്കുകയും മറ്റൊരാൾ ശരീരച്ചുറ്റുകൾ ഓരോന്നായി അഴിച്ച് തറയിൽ ചുരുട്ടിവയ്‌ക്കുകയും വേണം. എന്നാൽ മറ്റേയാളുടെ ശബ്ദം കേട്ടതോടെ ഗ്രിമാൽഡിയുടെ ശരീരം മുഴുവനും തളർന്നുപോയി. പെട്ടെന്ന് ചുരുങ്ങിയതുപോലെയും തോന്നി. അതോടെ റോക്കറ്റിന്റെ പിടി അയഞ്ഞു. പാമ്പ് ഒരു നിമിഷം നിശ്ചലമായി നിന്നു. പിന്നെ തറയിലൂടെ ഇഴഞ്ഞ് അടുപ്പിനു മുന്നിലെ തീപ്പൊരി തടയുന്ന ലോഹവലയത്തിലൂടെ മുകളിലേക്ക് കയറി അടുപ്പിന്റെ മേൽത്തട്ടിലെത്തി. ഗ്രിമാൽഡി നിശ്ശബ്ദനായി കിടന്നു. അയാളുടെ ശരീരം ചെറുതായി വിറയ്‌ക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും മറ്റേയാളുമായുള്ള ഗ്രിമാൽഡിയുടെ ബന്ധം ഒരു വ്യക്തിഗത അടിമയുടേതാണെന്ന് എനിക്ക് ഉറപ്പായി. സോംബി പാരമ്പര്യത്തിൽ പറയുന്നതുപോലെ, പുടിൻ അയാളെ കണ്ണറ്റംവരെ മയക്കുമരുന്ന് നൽകി ലഹരിയിലാഴ്ത്തി മനസ്സിനെ നിയന്ത്രിക്കുകയായിരുന്നുവെന്ന് ഞാൻ കരുതി.

റോക്കറ്റുമായുള്ള ഏറ്റുമുട്ടലിൽ ഗ്രിമാൽഡിക്ക് ഒരു ചെരുപ്പും ഒരു സോക്സും നഷ്ടപ്പെട്ടിരുന്നു. അയാളുടെ കാൽ നീണ്ടതും വെളുത്തതുമായിരുന്നു. മുയലിന്റെ കാലുപോലെ. പാദത്തിന്റെ അടിഭാഗം മുഴുവൻ വിചിത്രമായ ചെറിയ മുറിവുകൾകൊണ്ട് നിറഞ്ഞിരുന്നു. പൊട്ടിയ ചില്ലുകൾ നിറഞ്ഞ നിലത്തുകൂടെയോ വളരെ മുള്ളുകളുള്ള മുൾച്ചെടികൾക്കിടയിലൂടെയോ നടന്നതുപോലെ. സോംബികളെ അടിമകളാക്കുന്നതിനുള്ള സാധാരണ നടപടിക്രമം എനിക്ക് മനസ്സിലായി. അല്ലെങ്കിൽ, വർഷങ്ങൾക്കുമുമ്പ് ഞാൻ ഔഷധശാസ്ത്രം പഠിച്ചിരുന്ന കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന സിദ്ധാന്തമെങ്കിലും.

ചില്ലുപോലെയുള്ള ഒരു പരുക്കൻ അവശിഷ്ടം ഉമ്മം എന്ന ചെടിയോടും വുക മത്സ്യത്തിന്റെ സത്തയോടും കലർത്തി ഇരയുടെ ചെരിപ്പിനുള്ളിൽ വയ്‌ക്കുന്നു. കാലിന്റെ തൊലി ഉരഞ്ഞ് മുറിവുകളുണ്ടാകുമ്പോൾ ആ വിഷം രക്തത്തിലേക്ക് കടന്നുചെന്ന് ആ പാവം മനുഷ്യന്റെ ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങൾ സ്തംഭിക്കുന്നു. അങ്ങനെ അയാളുടെ ഉള്ളിലെ മനുഷ്യരൂപം നിലവിളിച്ചുകൊണ്ട് സ്വന്തം ആത്മാവിന്റെ പിന്നിലെ മൂലയിലേക്ക് ഓടിച്ചെല്ലുന്നു. അവിടെ അത് കുനിഞ്ഞിരുന്ന് അടുത്ത ആജ്ഞയ്‌ക്കായി കാത്തിരിക്കുന്നു. പാദത്തിന്റെ അടിത്തട്ടിൽനിന്ന് ആത്മാവിന്റെ ആഴങ്ങളിലേക്ക്‐ അങ്ങനെ പറയാമല്ലോ! ക്ഷമിക്കണം, എന്റെ വാക്കുകളിലെ കളികൾക്കും എന്റെ ഉപമകളെക്കാൾ വലിയ മേൻമയൊന്നുമില്ല. വാഷിങ്ടൺ പലപ്പോഴും ഇക്കാര്യം ചൂണ്ടിക്കാണിക്കാറുണ്ട്.

ഞാൻ മേൽക്കൂരയിലേക്ക് നോക്കിക്കൊണ്ട് ടഛഡഘട എന്ന അക്ഷരങ്ങളെക്കുറിച്ച് ചിന്തിച്ചു. "ഗ്രീസിന്റെ ആത്മാവ്’ എന്ന വിഷയം ഞാനും വാഷിങ്ടണും ചൈന വിനോദയാത്രയിലായിരുന്നപ്പോൾ ഭക്ഷണശാലകളിൽവച്ച് പ്രായമായ മാന്യന്മാരുമായുള്ള സംഭാഷണങ്ങളിൽ പലപ്പോഴും ഉയർന്നുവന്നിരുന്നു. ആ മാന്യന്മാർ ഉദ്ദേശിച്ചിരുന്നത് മഹത്തായതും ചരിത്രാതീതമായ കാലങ്ങളിലേക്ക് നീളുന്നതുമായ എന്തോ ഒന്നായിരുന്നു. നമ്മളിൽ ഭൂരിഭാഗവും മനസ്സിൽ കാണുന്ന ക്രമരഹിതമായ ഒരു ഖരവസ്തുവിനെപ്പോലെയുള്ള "അത്’ മാത്രമായിരുന്നില്ല അവരുടെ സങ്കൽപ്പത്തിലെ ആത്മാവ്. ഗ്രീസിലെ ഞങ്ങളുടെ ജീവിതം അവസാനിക്കാറാകുന്നതുവരെ വാഷിങ്ടണിന്റെ ആത്മാവിന്റെ ഒരു മിന്നൽ പോലും എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. ബസിൽനിന്നിറങ്ങി അവസാനത്തെ രണ്ടു ദിവസങ്ങൾക്കായി ഞങ്ങൾ ഏഥൻസിലേക്ക് യാത്ര ചെയ്‌തിരുന്നു. അന്ന് ഏഥൻസിൽ താപനില 42 ഡിഗ്രി സെൽഷ്യസായിരുന്നു. ചെറിയതും വിഡ്ഡിത്തം നിറഞ്ഞതുമായ കാര്യങ്ങളെച്ചൊല്ലി ഞങ്ങൾ വീണ്ടും വീണ്ടും ഹ്രസ്വമെങ്കിലും രൂക്ഷമായ വഴക്കുകളിലേർപ്പെട്ടു. അവയെക്കുറിച്ച് വിവരിക്കാൻ തുടങ്ങിയാൽ ഞാൻ അമർത്തിപ്പിടിച്ച ഒരു പിയാനോ കീ പോലെയായി എന്ന് ഉടൻതന്നെ തോന്നിപ്പോകും. അതിനാൽ ഒരു കാര്യം മാത്രം പറയാം: വാഷിങ്ടൺ ഞങ്ങളുടെ ഹോട്ടൽമുറിയിൽ പ്രവേശിക്കുമ്പോഴെല്ലാം അയാൾ വാതിൽ പൂട്ടുമായിരുന്നു. പിന്നെ ജനലുകൾ അടച്ച് പൂട്ടും. അതിനുശേഷം അലമാരകൾ പരിശോധിക്കും.


ഈ പ്രവൃത്തികളുടെ യുക്തിരാഹിത്യം മാത്രമായിരുന്നില്ല എന്നെ അലട്ടിയത്. വാതിൽ പൂട്ടിയശേഷം അലമാരകൾ പരിശോധിക്കുന്നതുകൊണ്ട് എന്തു പ്രയോജനം? അതിനേക്കാൾ അവയുടെ വിരസമായ സാധാരണത്വമാണ് എന്നെ അസ്വസ്ഥയാക്കിയത്. വലിയ ദാർശനികമായ ഭീതികളെക്കുറിച്ച് ചർച്ച ചെയ്യുന്നത് രസകരമാണ്. എന്നാൽ ഭൂമിയിലെ നിത്യജീവിതത്തിൽനിന്ന് ഉയരുന്ന കൊച്ചുകൊച്ചു ഭീതികൾ എന്നെ വിഷാദത്തിലാഴ്ത്തുകയേയുള്ളൂ. ഞാൻ അയാളോട് ഇതേക്കുറിച്ച് ചോദിച്ചാൽ അയാൾ പറയും: "ഞാൻ വളർന്നത് ന്യൂയോർക്ക് നഗരത്തിലാണ്. എനിക്ക് ഇത്തരം ഭയങ്ങളുണ്ട്.’ പിന്നെ ഒരു കൃത്രിമ ഗുണ്ടച്ചിരിയും ചിരിക്കും. അങ്ങനെ ഗ്രീസിലെ ഞങ്ങളുടെ അവസാന സായാഹ്നം വന്നെത്തി. ഞങ്ങൾ പരസ്പരം സംസാരിക്കാതെ, ഒരു ഇംഗ്ലീഷ് വിനോദസഞ്ചാരസംഘത്തിന്റെ പിന്നാലെ ഏഥൻസിലെ പുതിയ അക്രോപൊളിസ് മ്യൂസിയത്തിലൂടെ അലഞ്ഞുനടന്നു. പുരാതനകാലത്തെ ശിൽപ്പങ്ങൾ സൂക്ഷിച്ചിരുന്ന ഗാലറിയിലെ മാർബിൾ ഇടനാഴികളിൽ അതിമനോഹരമായ തണുപ്പായിരുന്നു. എല്ലാം കഷ്‌ണങ്ങളായി ഓരോന്നും അവ്യക്തമായ സ്വന്തം പ്രകാശത്തിൽ ഒഴുകിനിൽക്കുന്നതുപോലെ തോന്നി. ഇതാ ശിൽപ്പങ്ങളിൽനിന്ന് അടർന്നുപോയ നിതംബത്തിന്റെയോ ഉടലിന്റെയോ തോളിന്റെയോ ഭാഗങ്ങൾ. അന്തരീക്ഷത്തിൽ ഒഴുകിനിൽക്കുന്നതുപോലെ തോന്നുന്ന വസ്ത്രങ്ങളുടെ മടക്കുകൾ. കൂടാതെ, ബ്രിട്ടീഷ് മ്യൂസിയത്തിലേക്ക് നീക്കം ചെയ്തിരിക്കുന്നു എന്ന കുറിപ്പ് അടിഭാഗത്ത് നിശ്ശബ്ദമായി കൊത്തിവച്ചിരിക്കുന്ന അനേകം ഒഴിഞ്ഞ പീഠങ്ങൾ.

ക്രിസ്തുവിന് മുമ്പ് ഏഴാം നൂറ്റാണ്ടിൽ ആരോ ഒരു മൺപാത്രക്കഷ്‌ണത്തിൽ ഒരേയൊരു പേര് വീണ്ടും വീണ്ടും കൊത്തിവച്ചിരുന്നു. ഞാൻ ആ കഷ്‌ണം പരിശോധിക്കുകയായിരുന്നു.

ഒരാൾ അങ്ങനെ ഒരു പേര് ആവർത്തിച്ച് എഴുതുന്നത് അനുഗ്രഹിക്കാനായിരിക്കുമോ, അതോ ശപിക്കാനായിരിക്കുമോ എന്ന് ഞാൻ ചിന്തിച്ചു. അല്ലെങ്കിൽ, നിസ്സഹായമായ ദുഃഖം കൊണ്ടായിരിക്കുമോ? എന്റെ സഹോദരൻ മയക്കുമരുന്നിന്റെയും മരണത്തിന്റെയും വഴിയിലേക്ക് തെന്നിവീഴുകയായിരുന്ന കാലത്ത് ഒരിക്കൽ അമ്മയ്ക്ക് അയച്ച പോസ്റ്റ്കാർഡ് എന്നെ ഓർമിപ്പിച്ചു. ആ കാർഡിന്റെ പിറകിൽ അവൻ എഴുതിയിരുന്നത് ഇത്രമാത്രമായിരുന്നു:

മൈക്കൽ മൈക്കൽ മൈക്കൽ. സ്വന്തം പേര്, മൂന്നു തവണ. അപ്പോഴാണ് മ്യൂസിയം അടയ്ക്കുന്നതിനുള്ള മണി മുഴങ്ങിയത്. ഞാൻ ചുറ്റും നോക്കി. വാഷിങ്ടൺ എവിടെയാണെന്ന കാര്യം ഞാൻ പൂർണമായും മറന്നുപോയിരുന്നു. ഞാൻ പ്രധാന കവാടത്തിലേക്ക് നടന്നു. അവിടെ അയാളെ കണ്ടില്ല. ജനക്കൂട്ടത്തിനിടയിലൂടെ തിരികെ നടന്ന് പാർഥിനോൺ ക്ഷേത്രത്തിന്റെ ശിൽപ്പഭാഗങ്ങൾ പ്രദർശിപ്പിച്ചിരുന്ന സ്ഥലത്തെത്തി. അവിടെയും അയാളെ കണ്ടില്ല. സുവനീറുകൾ വിൽക്കുന്ന കടയിലേക്ക് ഓടിച്ചെന്നു. അവിടെയും ആളില്ല. വീണ്ടും പ്രധാന കവാടത്തിലെത്തി, അവിടെത്തന്നെ കാത്തുനിന്നു. ഒടുവിൽ ഒരു കാവൽക്കാരൻ എന്നെ അവിടെനിന്ന് നിർബന്ധപൂർവം പുറത്താക്കി.

പുറത്ത് ഇരുട്ട് പരന്നുതുടങ്ങിയിരുന്നു. ഞാൻ കൊളോനാക്കി ചത്വരത്തിലേക്ക് നടന്ന് ഒരു കൽബെഞ്ചിൽ ഇരുന്നു. വീഥിയുടെ ഇരുവശത്തുമുള്ള ചെറിയ വെളിച്ചമുള്ള കിയോസ്‌കുകളിൽനിന്ന് ആളുകൾക്ക് ജെലാറ്റോയും ഐസ്‌ക്രീമും നൽകിക്കൊണ്ട് പുരുഷന്മാർ നിന്നിരുന്നു. ചൂട് കീറിപ്പറിഞ്ഞ തുണിക്കഷ്‌ണങ്ങൾപോലെ അന്തരീക്ഷത്തിൽ തൂങ്ങിനിന്നു.

ആളുകൾ തിരക്കിട്ട് സംസാരിച്ചുകൊണ്ട് കടന്നുപോകുന്നത് ഞാൻ നോക്കി. എല്ലാവരും ജോഡികളോ കൂട്ടങ്ങളോ ആയിരുന്നു. വൃത്തികെട്ടവളായും വിയർത്തൊലിക്കുന്നവളായും ഏകാകിയായും അവഗണിക്കപ്പെട്ടവളായും എനിക്കു തോന്നി. ഞാൻ കണ്ണുകൾ അടച്ചു. അപകടം, മരണം, അയാളുടെ ശവപ്പെട്ടിയുമായി വിമാനത്തിൽ വീട്ടിലേക്ക് മടങ്ങിവരുന്നത്– ഇത്തരം ദൃശ്യങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞു.


ഞങ്ങളുടെ പാസ്‌പോർട്ടുകൾ അയാൾ എവിടെയാണ് വച്ചത്? എത്ര പണം ബാക്കിയുണ്ട്? വിമാനത്താവളത്തിലേക്ക് പോകാൻ ആരെ സമീപിക്കും? പൊലീസിനെ വിളിക്കണോ?

അവർ എന്നെ വിശ്വസിക്കുമോ? "പൊലീസ്' എന്നതിന് ഗ്രീക്ക് ഭാഷയിൽ എന്താണ് പറയുക? ചൂടും നിരാശയും കാരണം ആകെ കറപിടിച്ചുപോയ കണ്ണട ഊരിവച്ച്, അത് തുടയ്ക്കാൻ എന്തെങ്കിലും തുണിക്കഷ്‌ണം കിട്ടുമോ എന്ന് ഞാൻ പോക്കറ്റുകൾ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഒരാൾ എന്റെ ബെഞ്ചിൽ വന്നിരുന്നത്. അയാൾ എന്റെ കൈയിൽനിന്ന് കണ്ണട വാങ്ങി. നെഞ്ചിലെ പോക്കറ്റിൽനിന്ന് ഒരു തൂവാലയെടുത്ത് ആദ്യം ഒരു ലെൻസും പിന്നീട് മറ്റേ ലെൻസും ശ്രദ്ധയോടെ തുടച്ചു മിനുക്കി. വാഷിങ്ടണിന്റെ വൃത്തിയുള്ള ലിനൻ വസ്‌ത്രങ്ങളുടെ പരിചിതമായ ഗന്ധം എന്റെ ചുറ്റും പരന്നു. അത് എന്റെ ശരീരത്തിൽനിന്നുയരുന്ന ഗന്ധവുമായി കലർന്നു. മറ്റുള്ള മനുഷ്യരെല്ലാം പരസ്പരം പകരം വയ്‌ക്കാവുന്നവരല്ലെന്ന് തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്.

""ഞാൻ നിങ്ങളെ തിരഞ്ഞുനടന്നു!'' ഞാൻ പറഞ്ഞു. പെട്ടെന്ന് ഞാൻ പൊട്ടിക്കരഞ്ഞു. അയാളും കരഞ്ഞു. അന്ന് രാത്രി കുറച്ചുകഴിഞ്ഞ്, അക്രോപൊളിസ് മ്യൂസിയത്തിലെ കഫേയിൽവച്ച് താൻ എഴുതിയ ഒരു കവിത അയാൾ എനിക്കു നൽകി. അതൊരു "കണ്ടെത്തിയ കവിത'യാണെന്ന് അയാൾ പറഞ്ഞു. ""നന്നായി. കാരണം, ഞാനും കണ്ടെത്തപ്പെട്ട ഒരാളാണ്,'' ഞാൻ മറുപടി പറഞ്ഞു.

അക്രോപൊളിസ് മ്യൂസിയത്തിന്റെ ഔദ്യോഗിക ഗൈഡ്ബുക്കിൽനിന്ന്

എല്ലാ ഭൂതകാല കൃത്യനിഷ്ഠരൂപങ്ങളും

അയാൾ ചുവന്ന പെൻസിൽകൊണ്ട് വട്ടമിട്ടിരുന്നു.

അതിലെ വാക്കുകൾ ഇങ്ങനെയായിരുന്നു:

പൊരുത്തപ്പെടുത്തിയെടുത്തത്

സന്തുലിതമാക്കിയത് പൊട്ടിത്തെറിപ്പിച്ചത്

ബോംബാക്രമണത്തിന് വിധേയമാക്കിയത്

കയറിയത്

തർക്കവിധേയമാക്കിയത്

മാറ്റിമറിച്ചത്

തകർത്തുകളഞ്ഞത്

തുളച്ചുകയറിയത്

അതിക്രമിച്ചുകയറിയത്

ഖനനം ചെയ്തെടുത്തത്

കോട്ടകെട്ടി സുരക്ഷിതമാക്കിയത്

വേട്ടയാടിയത്

രഹസ്യമാക്കി വച്ചത്

ആസൂത്രണം ചെയ്യാതിരുന്നത്

കൈവശപ്പെടുത്തിയിരുന്നത്

ചിത്രം വരച്ചത്

ഭാഗികമായി ആസൂത്രണം ചെയ്തത്

ആസൂത്രണം ചെയ്തെങ്കിലും ഒരിക്കലും നിർമിക്കാത്തത്

മലിനമാക്കിയത്

നിരോധിച്ചത്

പുനരുദ്ധരിച്ചത്

ആദരിച്ചത്

പാറ തുരന്നുണ്ടാക്കിയത്

രേഖാചിത്രം വരച്ചത്

വിറ്റത്

പൂർണായുധസജ്ജരായി പ്രത്യക്ഷപ്പെട്ടത്

അസാധാരണ മികവോടെ പരീക്ഷിച്ചത്

തുടരാൻ...

കവിതയ്ക്ക് അയാൾ നൽകിയ തലക്കെട്ട് എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാമെന്ന് ഞാൻ കരുതുന്നു. വാക്കുകൾ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചത് ഞാനായിരുന്നു.

ഇപ്പോൾ ആ കവിത ഞങ്ങളുടെ അടുക്കളയിലെ സ്റ്റൗവിന് മുകളിൽ ഫ്രെയിം ചെയ്ത് തൂക്കിയിരിക്കുന്നു. എന്നാൽ ഞാൻ വിഷയത്തിൽനിന്ന് വ്യതിചലിച്ചുപോയി.

"ഗ്രിമാൽഡി, എന്നെ ചുംബിക്കൂ.’ ആ ശബ്ദം മുറിയിലൂടെ ചൂടോടെ ഒഴുകി. ഗ്രിമാൽഡിയുടെ തളർന്നുകിടന്ന കൈകാലുകളിലേക്ക് പടർന്നു. ഒരു വസ്ത്രത്തെ ക്രമത്തിൽ നിർത്തുന്ന ഹാങ്ങർപോലെ, അത് അയാളുടെ ശരീരത്തെ തൽക്ഷണം ക്രമപ്പെടുത്തി. ഗ്രിമാൽഡി തറയിലൂടെ ഇഴഞ്ഞുനീങ്ങി പുടിന്റെ ബൂട്ടിന്റെ അഗ്രത്തിൽ ചുംബിക്കാൻ തുടങ്ങി. ചെറിയ കണ്ണാടിക്കഷ്‌ണങ്ങൾ തുന്നിച്ചേർത്ത ഇരുണ്ട തുകൽ ബൂട്ടായിരുന്നു അത്. ആ ബൂട്ടിൽനിന്നുതന്നെ ശബ്ദം ഉയരുന്നതുപോലെ തോന്നി.

""എന്തിനാണ് ഈ ചുംബനം, ഗ്രിമാൽഡി?''

""സ്നേഹം വാങ്ങാൻ,'' ഗ്രിമാൽഡി മറുപടി പറഞ്ഞു.

പുടിൻ ചോദിച്ചു: ""ഈ കണ്ണാടികൾ എന്തിനാണ്?''

ഗ്രിമാൽഡി: ""തിന്മയെ തിരിച്ചുവിടാൻ.''

""കത്രിക എന്തിനാണ്?''

""ഞാൻ അതിരുകടന്നാൽ എന്നെ മുറിക്കാൻ.''

സത്യത്തിൽ, അവിടെ കത്രികയൊന്നും ഞാൻ കണ്ടിരുന്നില്ല. അതുപോലെ, അടുക്കളയുടെ തറയിൽ വെള്ളവും ഉണ്ടായിരുന്നില്ല. അതിനാൽ പുടിന്റെ അടുത്ത ആജ്ഞയായ വെള്ളത്തിലൂടെ നടക്കൂ, ഗ്രിമാൽഡി' എന്നത് അവരുടെ സ്വകാര്യ അടിമത്തത്തിന്റെ രഹസ്യഭാഷയിലെ ഒരു സൂചനയാണെന്ന് എനിക്ക് മനസ്സിലായി.

ഗ്രിമാൽഡി എഴുന്നേറ്റുനിന്നു. അയാൾ പരിഭ്രാന്തിയോടെ ചുറ്റും നോക്കി. അയാൾ വളരെ ചെറുപ്പമായിരുന്നു. അതുവരെ ഞാൻ അത് ശ്രദ്ധിച്ചിരുന്നില്ല. അയാളുടെ കണ്ണുകൾ തലയിൽ കുഴികളായിരിക്കുന്നതുപോലെയായിരുന്നു. എന്നാൽ ഗ്രിമാൽഡി പുറത്തേക്കുള്ള കാഴ്ച കാണുകയായിരുന്നില്ല. എന്തോ ഒന്ന് ആ പ്രവർത്തനത്തെ തിരിച്ചുമറിച്ചിരിക്കുന്നു. തന്നെ ആരാണ് നോക്കുന്നതെന്നോ എന്താണ് തന്നെ നോക്കുന്നതെന്നോ മാത്രമാണ് അയാളുടെ കണ്ണുകൾ തിരിച്ചറിഞ്ഞിരുന്നത്. ലജ്ജയുടെ കണ്ണുകൾ. ""ഇനി ചാ‐ചാ നൃത്തം ചെയ്യാം,'' പുടിൻ പറഞ്ഞു. പെട്ടെന്ന് എനിക്ക് ഭയം തോന്നി. എന്തോ ഒരു അന്തിമനീക്കം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതുപോലെയുണ്ടായി.

""എത്രതരം ചുംബനങ്ങളുണ്ട്, ഗ്രിമാൽഡി?'' പുടിൻ ചോദിച്ചു.

""ഒമ്പത് തരം,'' ഗ്രിമാൽഡി മറുപടി പറഞ്ഞു. എന്തുകൊണ്ടോ അയാൾ മന്ത്രിക്കുന്നതുപോലെയാണ് സംസാരിച്ചത്.

""ആറാമത്തേത് ഉപയോഗിക്കൂ.''

ഗ്രിമാൽഡി ചലിക്കാൻ തുടങ്ങി.

കരുണ ചിലപ്പോൾ നശിപ്പിക്കുന്ന ഒരു പദാർഥമാണ്. എന്റെ ജോലിയിൽനിന്ന് അതിനെ ഒഴിവാക്കാൻ ഞാൻ പഠിച്ചിട്ടുണ്ട്. ഞാൻ ഒരു ലബോറട്ടറിയിലാണ് ജോലി ചെയ്യുന്നത്.

എനിക്ക് എല്ലാവരെയും സ്നേഹിക്കാൻ കഴിയില്ല. മറ്റുള്ളവരുടെ പ്രാർഥനകൾക്ക് മറുപടി നൽകാനും എനിക്കാവില്ല. ഗ്രിമാൽഡി ചലിക്കാൻ തുടങ്ങിയപ്പോൾ, തന്റെ ഒരു കാൽ നഗ്നമാണെന്നും രണ്ടു കാലുകൾക്കും ഒരേപോലെ പിടിത്തമില്ലെന്നും അയാൾ മറന്നുപോയി. ഇടതുകാൽ തറയിലൂടെ വേഗത്തിൽ തെന്നിമാറി. അയാൾ മുന്നോട്ടു തപ്പിത്തടഞ്ഞുവീഴാൻ തുടങ്ങി. വളരെ കനത്തൊരു വീഴ്ചയായിരുന്നു അത്. അയാൾ വിഡ്ഡിയെപ്പോലെ തോന്നിച്ചു. താൻ വിഡ്ഡിയെപ്പോലെ തോന്നിക്കുന്നുണ്ടെന്ന് അയാൾക്ക് അറിയാമെന്നപോലെയും തോന്നി. അയാൾ എന്റെ സഹോദരനെപ്പോലെയായിരുന്നു. കരുണയുടെ ഒരു വലിയ തിരമാല എന്നിലൂടെ കടന്നുപോയി. എന്റെ സഹോദരനെക്കുറിച്ച് അധികമൊന്നും പറയാനില്ല. അയാൾ ജീവിച്ചിരുന്ന കാലത്ത് ഞങ്ങൾക്കിടയിൽ വാക്കുകളില്ലാത്ത, എന്നാൽ തീവ്രമായ ഒരു ബന്ധമുണ്ടായിരുന്നു. ഒരു വാക്വം ട്യൂബിനെപ്പോലെയുള്ള ബന്ധം. ഞാൻ അവനെക്കാൾ ഇളയവളായിരുന്നു. അവന്റെ ജീവിതം എപ്പോഴും തകർന്നുവീഴുകയാണെന്ന് എനിക്ക് തോന്നിയിരുന്ന വാടകമുറികൾ, റെയിൽവേ പാലങ്ങൾ, മെലിഞ്ഞ പെൺകുട്ടികൾ, വൃത്തികെട്ട ഇടപാടുകൾ. എല്ലാം അവനെ വഞ്ചിച്ചു. പക്ഷേ അതിൽ അവന്റെ തെറ്റൊന്നുമുണ്ടായിരുന്നില്ല. ഒരിക്കലും അവന്റെ തെറ്റായിരുന്നില്ല. വഞ്ചിക്കപ്പെട്ടും രക്തത്തിൽ കുളിച്ചും അവൻ വീട്ടിലേക്ക് മടങ്ങിവരുമായിരുന്നു. ഞങ്ങൾ അവനെ പരിചരിച്ച് മുറിവുകൾ കെട്ടിവയ്‌ക്കും. അമ്മയായിരുന്നു അവനെ ശുശ്രൂഷിച്ചിരുന്നത്. ഞാൻ കോണിപ്പടികളിൽനിന്ന് അതെല്ലാം നോക്കിനിൽക്കും. അത് കാണുന്നത് എനിക്ക് വെറുപ്പായിരുന്നു. എങ്കിലും നോക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. അവന്റെ തകർന്ന മുഖം, ലജ്ജകൊണ്ട് തുടിക്കുന്ന അവന്റെ ശരീരം ‐ അതെന്നെ ഉള്ളിൽനിന്ന് ഇല്ലാതാക്കുന്നതുപോലെയായിരുന്നു.


ഗ്രിമാൽഡി തപ്പിത്തടഞ്ഞുവീഴുകയും അയാളുടെ ലജ്ജ നിറഞ്ഞ കണ്ണുകൾ മുറിയെ എല്ലാ ദിശകളിലേക്കും വിഴുങ്ങുകയും ചെയ്‌തപ്പോൾ, എന്റെ കൈകൾ അയാളുടെ നേരെ നീണ്ടു.

ഞാൻ എന്താണ് ചിന്തിച്ചിരുന്നത്? ഞാനും എന്റെ സഹോദരനും ഒരിക്കലും പരസ്പരം ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്തിരുന്നില്ല. അത്തരത്തിലുള്ള ഒരു കുടുംബമായിരുന്നില്ല ഞങ്ങളുടേത്. എന്നാലന്ന് മഴയുള്ള ശനിയാഴ്‌ചയായിരുന്നുവെന്ന് ഞാനിന്നും ഓർക്കുന്നു. അവൻ അടുക്കളയിൽ എന്റെ മുന്നിൽ കണ്ണീരോടെ നിന്നു. അവന്റെ കാമുകി ഗർഭിണിയായെന്നും അവൾക്ക് പണം ആവശ്യമുണ്ടെന്നും അവൻ പറഞ്ഞു. എനിക്ക് അവനോട് സഹതാപം തോന്നി. ഞാൻ അവന് പണം കൊടുത്തു. ഞങ്ങൾക്ക് പരസ്പരം പങ്കുവയ്‌ക്കാൻ കഴിഞ്ഞ ഏറ്റവും ആഴമുള്ള വികാരങ്ങൾ അത്രയുമായിരുന്നു. വർഷങ്ങൾക്കുശേഷം, യൂറോപ്പിലെ ഒരു കുളിമുറിയിൽ മദ്യലഹരിയിൽ മരിച്ചുകിടന്ന അവനെക്കുറിച്ച് അറിഞ്ഞപ്പോൾ, അവനോട് എനിക്ക് യഥാർഥ താൽപ്പര്യമോ അനുകമ്പയോ ഉണ്ടായിരുന്നില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്റെ വ്യക്തിത്വം അവന്റേതുമായി സന്ധിക്കുന്ന അതിർത്തിയിൽ സംഭവിച്ചിരുന്ന വിചിത്രമായൊരു സഹോദരബന്ധത്തിന്റെ ലയനം മാത്രമായിരുന്നു അത്. രണ്ടു വ്യക്തിത്വങ്ങൾ പരസ്പരം മങ്ങിമാഞ്ഞ് ഒന്നായിത്തീരുന്നതുപോലെയുള്ള ഒരു അവസ്ഥ.

എന്റെ കാഴ്ചയുടെ ഇടതുവശത്തുകൂടി ഒരു ഇരുണ്ട രൂപം മിന്നിമറഞ്ഞു. റോക്കറ്റും ചലിച്ചുതുടങ്ങിയിരുന്നു. പാമ്പിന്റെ നാവ് പുറത്തേക്കും അകത്തേക്കും വേഗത്തിൽ ചലിക്കുന്നത് എനിക്ക് കാണാമായിരുന്നു. ഞാൻ നേരത്തേ പറഞ്ഞതുപോലെ, ഗന്ധത്തിലൂടെയാണ് പാമ്പുകൾ ലോകത്തെ അറിയുന്നത്. അതായത്, നാവിലൂടെയാണ് അവ ഗന്ധവിവരങ്ങൾ ശേഖരിക്കുന്നത്. നാവിൽ സൂക്ഷ്മമായ സംവേദനകോശങ്ങളുണ്ട്. അവയ്ക്ക് വിവരങ്ങളുടെ ഏറ്റവും ചെറിയ അംശംപോലും ശേഖരിച്ച് വായുടെ മേൽഭാഗത്തേക്ക് എത്തിക്കാനും അവിടെനിന്ന് തലച്ചോറിലേക്ക് കൈമാറാനും കഴിയും. എന്നാൽ റോക്കറ്റ് അടുപ്പിന്റെ മേൽത്തട്ടിൽനിന്ന് താഴെയിറങ്ങി നിശ്ചലമായി നിന്നു. അവന് കൂടുതൽ വിവരങ്ങൾ ആവശ്യമായിരുന്നു. താഴത്തെ താടിയെല്ല് തറയിൽ അമർത്തിവച്ച് ഭൂമിയിലൂടെ സഞ്ചരിക്കുന്ന കമ്പനങ്ങൾ തിരിച്ചറിഞ്ഞ് തന്റെ യാത്രാമാർഗം കൃത്യമായി നിർണയിക്കാൻ അവന് കഴിയുമായിരുന്നു. അവൻ പുടിനെ ലക്ഷ്യമിട്ടായിരുന്നു നീങ്ങിക്കൊണ്ടിരുന്നത്. പുടിൻ അതുവരെ ബാൽക്കണിയുടെ വാതിലിനരികിൽ നിന്നിരുന്നു. ഇപ്പോൾ അയാൾ ബാൽക്കണിയിലേക്ക് ഇറങ്ങുകയായിരുന്നു. സ്വയം മൂളിപ്പാട്ടുപാടിക്കൊണ്ട് ചാ‐ചാ നൃത്തത്തിന്റെ ചില ചുവടുകളും വച്ചു.

അൽപ്പം ഈ വശത്തേക്ക്, അൽപ്പം ആ വശത്തേക്ക്, സ്വന്തം മയക്കാവസ്ഥയിൽ അനായാസം മുഴുകിക്കൊണ്ട്. വായുവിലൂടെ താഴേക്ക് വീണ് വെള്ളത്തിനുമുകളിൽ ഒഴുക്കിനൊപ്പം തിരിയുന്ന ഒരു പട്ടുനാടപോലെയായിരുന്നു അയാളുടെ ശരീരത്തിന്റെ ചലനം. ശാന്തമായി, തണുത്ത ഭാവത്തിൽ അയാൾ തിരിഞ്ഞുകൊണ്ടിരുന്നു. അയാൾ അതിമനോഹരമായി നൃത്തം ചെയ്യുന്നവനായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ കഴിയുന്നതിനുമുമ്പ് റോക്കറ്റ് അയാളുടെ കാലിലൂടെ മുകളിലേക്ക് കയറി. ശരീരത്തിലൂടെ കടന്ന് കഴുത്തിൽ ചുറ്റിപ്പിടിച്ചു.

ഒരു സ്റ്റാൻഡ്‐അപ്പ് കൊമേഡിയന്റെ തമാശ കേൾക്കാൻ വേണ്ട സമയംപോലും അതിന് എടുത്തില്ല. അന്ന് പിന്നീടൊരിക്കലും പുടിൻ ചാ‐ചാ നൃത്തം ചെയ്തില്ല. ഗ്രിമാൽഡി തറയിലേക്ക് തളർന്നിരുന്നു. അയാൾ ആശയക്കുഴപ്പത്തിലായിരുന്നു. സ്വന്തം ശരീരംതന്നെ അയാളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നുവെന്ന് എനിക്ക് തോന്നുന്നു.

വായുവും അയാളെ ആശയക്കുഴപ്പത്തിലാക്കി. അയാളുടെ ശരീരത്തിൽനിന്നും അന്തരീക്ഷത്തിൽനിന്നും പെട്ടെന്ന് മറ്റേയാളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരുന്ന ആ ചൂടേറിയ, ഭയാനകമായ സമ്മർദം പൂർണമായും അപ്രത്യക്ഷമായി. ബാൽക്കണിയിൽ വീണുകിടക്കുന്ന പുടിന്റെ ശരീരവും ഈ അഭാവവും തമ്മിലുള്ള ബന്ധം ഗ്രിമാൽഡി തിരിച്ചറിഞ്ഞിരുന്നോ?

അയാൾ മറിഞ്ഞുകിടന്ന് മലർന്നു. ചെറിയ ശബ്ദങ്ങൾ പുറപ്പെടുവിച്ചു. എനിക്ക് ആ ശബ്ദങ്ങൾ കോണിപ്പടികൾ തൂത്തുവാരുന്ന ചൂലിന്റെ ശബ്ദംപോലെയായിരുന്നു. ശാന്തമായ ഒരു ശബ്ദം. എന്റെ സഹോദരൻ മരിച്ചപ്പോൾ അന്ന് ഉച്ചതിരിഞ്ഞ് മുഴുവൻ ഞാൻ വീടിന്റെ പൂമുഖവും കോണിപ്പടികളും തൂത്തുവാരുകയായിരുന്നു. തൂത്തുവാരലും മരണവും തമ്മിൽ എന്തോ ബന്ധമുണ്ട്. അവ രണ്ടും പലപ്പോഴും ഒന്നിച്ചുവരുന്നു. അപ്പോഴേക്കും റോക്കറ്റ് മറ്റൊരു ദിശയിലേക്ക് ഇഴഞ്ഞുനീങ്ങുന്നത് കണ്ടു. അവന്റെ മുഖഭാവത്തിൽ എന്തോ പ്രകടമായിരുന്നു.

ഉരഗങ്ങൾക്ക് ധാർമികബോധമില്ലെന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ അവയുടെ തീരുമാനങ്ങളെ നാം അടുത്തുനിന്ന് നിരീക്ഷിക്കാത്തതുകൊണ്ടാണ് അങ്ങനെ കരുതുന്നത്.

മനുഷ്യരുടെ ക്രൂരതയെക്കുറിച്ച് റോക്കറ്റിന് ആഴത്തിലുള്ള ധാരണയുണ്ട്. എന്നാൽ അപൂർവമായ ചില സന്ദർഭങ്ങളിൽ ആ ക്രൂരത കുറഞ്ഞുവരുമ്പോൾ, അവനിൽ അത്ഭുതവും സഹാനുഭൂതിയും ഉണരുന്നു.

അവൻ ഗ്രിമാൽഡിയുടെ കാലിലൂടെ ഇഴഞ്ഞുകയറി. അയാളുടെ ടി ഷർട്ടിനുമുകളിലൂടെ നീങ്ങി. വളച്ചുവച്ച കൈയും ശരീരവും ചേർന്ന് രൂപപ്പെട്ട "വി’ ആകൃതിയിലുള്ള പൊള്ളയായ ഇടത്തിലേക്ക് കടന്നു. അവിടെ അവൻ ശ്രദ്ധയോടെ തന്റെ ശരീരം ചുറ്റിവച്ച് നിശ്ചലനായി. ഒരു ചെറിയ നെടുവീർപ്പോടെ ഗ്രിമാൽഡിയുടെ നെഞ്ചിന്റെ അരികിൽ തലവച്ചു. ഗ്രിമാൽഡി തല ഉയർത്തി പെരുമ്പാമ്പിനെ മയക്കത്തോടെ നോക്കി. ‘പാമ്പിന് എന്നെ ഇഷ്ടമാണ്’. അയാൾ ലജ്ജയോടെയും സന്തോഷത്തോടെയും തിളങ്ങി. പിന്നീട്, ചന്ദ്രപ്രകാശത്തിൽ കുളിച്ച ഒരു വഴിയുടെ തെളിച്ചം മങ്ങുന്നതുപോലെ, അയാളുടെ മുഖത്തെ പ്രകാശവും വീണ്ടും മങ്ങിപ്പോയി. പ്രേതങ്ങൾ അയാളുടെ ശരീരത്തിലൂടെ വീശിയടിച്ചുപോയി.


ഒരേ ശബ്ദമുള്ളതും എന്നാൽ വ്യത്യസ്ത അർഥങ്ങളുള്ളതുമായ വാക്കുകൾ എന്നെ എപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. ടീഹല എന്ന വാക്കിന് "പാദത്തിന്റെ അടിഭാഗം' എന്നും െീൗഹ എന്ന വാക്കിന് "ജീവൻ, ചിന്ത അല്ലെങ്കിൽ ആത്മാവ്' എന്നും അർഥമുണ്ട്. ശബ്ദം ഒരുപോലെയാണെങ്കിലും അർഥങ്ങൾ വ്യത്യസ്തമാണ്.

നമ്മുടെ ഭാഷയിൽ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന അർഥങ്ങളുടെ എണ്ണം വളരെ വലുതാണെന്നും, അതേസമയം നമ്മുടെ വായിലൂടെ പുറപ്പെടുവിക്കാൻ കഴിയുന്ന ശബ്ദങ്ങളുടെ എണ്ണം പരിമിതമാണെന്നും ഭാഷാശാസ്ത്രജ്ഞർ പറയുന്നു. അതിനാൽ ഇതിൽ അമ്പരക്കാൻ ഒന്നുമില്ല. ഒരേ ശബ്ദമുള്ള വ്യത്യസ്ത അർഥങ്ങളുള്ള വാക്കുകൾ അനിവാര്യമാണ്. എന്നിരുന്നാലും, ലോകത്തിലൂടെ നടക്കാൻ നമ്മുടെ പാദങ്ങൾക്കടിയിൽ കട്ടിയുള്ള മാംസത്തിന്റെ ചെറിയ തറകളുണ്ടെന്നതും, മറുവശത്ത് നമ്മുടെ ശരീരത്തിനുള്ളിൽ ബോധമോ വിവേകമോ ആത്മീയമായ മറ്റൊരു അസ്തിത്വമോ ഉയർന്നുനിൽക്കുന്നുവെന്നതും തമ്മിൽ ഏതോ ആദിമബന്ധം കണ്ടെത്താനുള്ള ഒരു നിർബന്ധിതമായ ആഗ്രഹം നിങ്ങൾക്കും എന്നെപ്പോലെ ഉണ്ടാകാം.

പാദത്തിന്റെ അടിഭാഗമായ െീഹലഉം ആത്മാവായ െീൗഹഉം തമ്മിൽ ആദിമമായ ഒരു ബന്ധമുണ്ടെന്ന സങ്കൽപ്പം ഭാഷയുടെ ചരിത്രപരമായ ഉത്ഭവത്തിന്റെ അടിസ്ഥാനത്തിൽ തീർച്ചയായും തെറ്റാണ്. ഈ രണ്ടു വാക്കുകളും വ്യത്യസ്തമായ ചരിത്രപരമായ വഴികളിലൂടെയാണ് രൂപപ്പെട്ടത്. പാദത്തിന്റെ അടിഭാഗം എന്നർഥമുള്ള െീഹല എന്ന വാക്ക് ലാറ്റിൻ ഭാഷയിലെ െീഹലമ എന്ന വാക്കിൽനിന്നാണ് ഉണ്ടായത്. അതിന്റെ അർഥം "ചെരുപ്പ് അല്ലെങ്കിൽ പാദുകം’ എന്നാണ്. എന്നാൽ ആത്മീയമായ സത്തയെ സൂചിപ്പിക്കുന്ന െീൗഹ എന്ന വാക്കിന്റെ യഥാർഥ ഉത്ഭവം ഇന്നും അജ്ഞാതമാണ്. അതിനാൽ ശാസ്ത്രീയമായി പറഞ്ഞാൽ, ഈ രണ്ടു വാക്കുകൾക്കും ഒരേ ശബ്ദം തോന്നുന്നത് തികച്ചും യാദൃച്ഛികമാണ്.

എന്നിട്ടും, എന്നിട്ടും... മറ്റു ചില രീതികളിലും അവ തമ്മിൽ ബന്ധപ്പെടുന്നില്ലേ?

എന്റെ മനസ്സിലേക്ക് ആദ്യം വരുന്നത് ആർദ്രതയേയും ദുർബലതയേയും കുറിച്ചുള്ള ചിന്തകളാണ്. പാദത്തിന്റെ അടിഭാഗത്ത് അനുഭവപ്പെടുന്നതുപോലെ മൂർച്ചയോടെ വേദന മറ്റെവിടെയാണ് അനുഭവപ്പെടുന്നത്? ആത്മാവിലല്ലാതെ മറ്റെവിടെയാണ് അത്തരമൊരു വേദന അനുഭവപ്പെടുക? ഇതിൽ സ്ഥലപരമായ ഒരു വശവുമുണ്ട്. ഓക്സ്‌ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു പ്രകാരം, െീഹല എന്ന വാക്കിന്റെ അർഥം "ഏതൊരു വസ്തുവിന്റെയും താഴത്തെ ഭാഗം, അടിഭാഗം അല്ലെങ്കിൽ അടിവശം' എന്നാണ്. അത് കലപ്പയായാലും, കപ്പലിന്റെ ചുക്കാനായാലും, വെള്ളം ഒഴുകിപ്പോകുന്ന പൈപ്പായാലും, ഉഴവുചാലായാലും, ഹിമാനിയായാലും അങ്ങനെത്തന്നെ. അതുപോലെ, മിക്ക ആളുകളും തങ്ങളുടെ ടഛഡഘ അഥവാ ആത്മാവിനെ ഉള്ളിന്റെ ആഴങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു പാളിയായോ, ആത്മീയമായ അടിസ്ഥാനമായോ അല്ലേ സങ്കൽപ്പിക്കുന്നത്?

എന്തായാലും, ഇതെല്ലാം ഇവിടെ പറയാൻ കാരണമുണ്ട്: ഗ്രിമാൽഡിയുടെ കൈമടക്കിൽ ചുരുണ്ടുകിടന്നിരുന്ന പെരുമ്പാമ്പിനെ ഞാൻ നിരീക്ഷിക്കുകയായിരുന്നു. അതിന്റെ മിനുസമുള്ള വയർ പുറത്തുകാണാമായിരുന്നു. അപ്പോൾ ഞാൻ റോക്കറ്റിന്റെ പാദങ്ങളിലെ അതിമനോഹരമായ ചെറിയ അടിഭാഗങ്ങളിലേക്ക് തുറിച്ചുനോക്കുകയും ചെയ്‌തു. പണ്ടുകാലത്ത് പാമ്പുകൾക്ക് കാലുകളുണ്ടായിരുന്നുവെന്നും ആ കാലുകൾ പിന്നീട് നഷ്ടപ്പെട്ടുവെന്നും നിങ്ങൾക്ക് മിക്കവാറും അറിയാമായിരിക്കും. ഉൽപ്പത്തിപുസ്തകം പറയുന്നതനുസരിച്ച്, ലജ്ജാകരമായ കാരണത്താലാണ് അവയ്ക്ക് കാലുകൾ നഷ്ടപ്പെട്ടത്. എന്നാൽ പ്രകൃതിനിർധാരണത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ പ്രകാരം ചലനസൗകര്യം നേടുന്നതിനുവേണ്ടിയായിരുന്നു ആ പരിണാമം. കാലുകളില്ലാത്ത പാമ്പിന് മനുഷ്യന്റെ അതേ വേഗത്തിൽ സഞ്ചരിക്കാനും മരങ്ങളിൽ കയറാനും ഏതാണ്ട് ഏതു തിരശ്ചീന പാതയിലൂടെയും നീങ്ങാനും ഒരു മത്സ്യത്തെക്കാൾ മനോഹരമായി നീന്താനും കഴിയും. എന്നാൽ പെരുമ്പാമ്പിന്റെ ശരീരത്തിൽ പിൻകാലുകളുടെ പരിണാമപരമായ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. അതിന്റെ അടിവയറ്റിൽ കാണപ്പെടുന്ന രണ്ടു ചെറിയ മുഴകളാണവ. മറന്നുപോയ പാദങ്ങളുടെ അടിഭാഗങ്ങൾ മുകളിലേക്ക് തള്ളിനിൽക്കുന്നതുപോലെയാണ് അവ കാണപ്പെടുന്നത്. ഓരോ തവണ അവ ഞാൻ ശ്രദ്ധിക്കുമ്പോഴും എനിക്ക് വിചിത്രമായൊരു അനുഭവം ഉണ്ടാകുമായിരുന്നു. ഒരു കാറ്റ് എന്നെ കടന്നുപോകുന്നതുപോലെ.

പരിണാമത്തിൽ ദുഃഖാത്മകമായ ഒരു വികാരം കൂടി അടങ്ങിയിട്ടുണ്ടോ? ഏതാണ്ട് 13 കോടി വർഷങ്ങൾക്കുമുമ്പ് സൃഷ്ടിയെ മുന്നോട്ടുനയിച്ചുകൊണ്ടിരുന്ന ഏതോ യാദൃച്ഛിക പ്രക്രിയയിലോ ഗൗരവപൂർവം പ്രവർത്തിച്ചിരുന്ന ഏതോ ബുദ്ധിശക്തിയിലോ ഉണ്ടായ ഒരു മടിച്ചുനിൽക്കലിനെ ഓർമിപ്പിക്കുന്ന രണ്ടു അസ്ഥിമുഴകൾ. പാമ്പുകളുടെ ശരീരത്തിനുള്ളിൽ ഒരു ഇടുപ്പെല്ലിന്റെ അവശിഷ്ടവും നിലനിൽക്കുന്നുണ്ട്. ഇതുകൊണ്ട് വയറുകൊണ്ട് നിലത്ത് ഉരഞ്ഞുനീങ്ങുമ്പോൾ അവയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടാകുമോ? എന്നാൽ പാമ്പുകൾക്ക് നമ്മളെപ്പോലെ വേദന അനുഭവപ്പെടുന്നില്ലല്ലോ, അല്ലേ? ഞാൻ കേട്ടിട്ടുള്ളതനുസരിച്ച്, ഇക്കാര്യത്തിൽ പാമ്പുകൾക്ക് സോംബികളുമായി ഒരു സാമ്യമുണ്ട്. എന്നിരുന്നാലും, എന്റെ യഥാർഥ അഭിപ്രായം ഇതാണ്: ജീവന്റെ പടവുകളിൽ നമ്മൾ ഉയർന്ന സ്ഥാനത്താണ് നിൽക്കുന്നതെങ്കിലും പാമ്പുകൾക്ക് എന്താണ് അനുഭവപ്പെടുന്നതെന്നോ സോംബികൾ എന്താണ് ചിന്തിക്കുന്നതെന്നോ നമുക്ക് യഥാർഥത്തിൽ അറിയില്ല. ആർക്കാണ് ആത്മാവുള്ളതെന്നും ആർക്കില്ലെന്നും നമുക്കറിയില്ല. ആത്മാവിനെ തിരിച്ചറിയുന്നതിനുള്ള ഒരു പരിശോധനയുമില്ല. ഡോ. ഡങ്കൻ മക്ഡൂഗലിന്റെ കഥ നിങ്ങൾക്ക് പരിചിതമായിരിക്കാം. 1901‐ൽ, മരണനിമിഷത്തിൽ മനുഷ്യശരീരത്തിന് നഷ്ടപ്പെടുന്ന ഭാരം കണക്കാക്കി ആത്മാവിന്റെ ഭാരം കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്റെ പരീക്ഷണങ്ങളിൽ ശരാശരി 21 ഗ്രാം എന്ന ഫലം ലഭിച്ചു. എന്നാൽ മറ്റാർക്കും ആ പരീക്ഷണഫലങ്ങൾ ആവർത്തിച്ച് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. അതിനാൽ അവയ്ക്ക് ശാസ്ത്രീയമായ പ്രാധാന്യമില്ലെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്.

കുറച്ചുകാലം മുമ്പ്, ഒറിഗണിലെ ഒരു കന്നുകാലി വളർത്തുകാരൻ എട്ട് ആടുകളിലും മൂന്ന് ആട്ടിൻകുട്ടികളിലും ഒരു ആടിലും ഇതുപോലൊരു പരീക്ഷണം നടത്തി. എന്നാൽ അവയെല്ലാം മരിച്ചപ്പോൾ അവയുടെ ഭാരം കൂടുകയായിരുന്നു. ഈ ഫലം എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കഴിയാതെ അയാൾ ഇപ്പോഴും അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നു. പൊതുവേ, ആത്മാവിനെ കണ്ടെത്താനുള്ള ഇത്തരം പരിശോധനകൾ വ്യർഥമായ ഗവേഷണമാണെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് അത്ര ഉറപ്പില്ല. ചില സൂചനകൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഉദ്ദേശിക്കുന്നത് മുറിയിലൂടെ പറന്നുപോയി അവസാനം സ്വർഗത്തിലെത്തുന്ന ഏതെങ്കിലും നീലക്കിളിയെക്കുറിച്ചല്ല. എന്നാൽ മറുവശത്ത്, ആ ജനൽ തുറന്നുകിടന്നത് എന്തിനായിരുന്നു?

ഒടുവിൽ ആ നീണ്ട പകലും രാത്രിയും അവസാനിക്കുന്നു. മണിക്കൂറുകൾക്കുശേഷം ഞങ്ങൾ അടുക്കളയിലെ മേശയ്‌ക്കുചുറ്റും ഇരിക്കുകയാണ്. വാഷിങ്ടണിന്റെ കൈകളിൽ ചാട്ടവാറുണ്ട്. അതിന്റെ പ്ലാസ്റ്റിക് പിടിക്കു ചുറ്റും അയാൾ അത് പതുക്കെ അഴിച്ചും വീണ്ടും ചുറ്റിയും കൊണ്ടിരിക്കുന്നു. തണുപ്പുള്ള വൃത്തികെട്ട മഞ്ഞനിറത്തിലുള്ള പ്രഭാതവെളിച്ചം മുറിയിലേക്ക് കടന്നുവന്നിരിക്കുന്നു. മേശയുടെ മറുവശത്ത് ഗ്രിമാൽഡി ഏതാണ്ടൊരു ശരീരക്കൂമ്പാരമായി ഇരിക്കുന്നു. അയാളുടെ ഹൂഡി വസ്ത്രത്തിനുള്ളിൽ ശരീരം തളർന്നുകിടക്കുന്നു. മുഖത്ത് യാതൊരു ഭാവവുമില്ല.

പൊലീസ് എത്തി. അവർ പുടിന്റെ മൃതദേഹം എടുത്തുകൊണ്ടുപോകുകയും ഗ്രിമാൽഡിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്യും. അയാൾ ശാന്തനാണെന്ന് തോന്നുന്നു. ഞാൻ അയാളോട് ചില ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുന്നു. അയാൾ എന്നെ നോക്കുന്നു. അയാളുടെ കണ്ണുകൾ അന്തരീക്ഷത്തിലൂടെ കത്തിപ്പടരുന്നു. വായു തന്നെ തകർന്നുവീഴുന്നതുപോലെ തോന്നുന്നു. പിന്നീട്, കോണിപ്പടികൾ ചൂലുകൊണ്ട് തൂത്തുവാരുന്നതുപോലെയുള്ള ആ ശബ്ദം അയാൾ പുറപ്പെടുവിക്കുന്നു. ഒരുപക്ഷേ, അതൊരു ചിരിയായിരിക്കാം. ഈ ചിരി എനിക്ക് വെറുപ്പാണ്.

‘‘ഇവിടെ ഇങ്ങനെ ഇരിക്കുന്നത് എനിക്ക് വെറുപ്പാണ്.''

ഗ്രിമാൽഡി വീണ്ടും തന്റെ ഹൂഡിക്കുള്ളിലേക്ക് ചുരുണ്ടുകൂടി. ""എന്നാൽ ശരി,'' ഞാൻ പറഞ്ഞു. എന്തെങ്കിലും സംഭവിക്കേണ്ടതുണ്ട്. പക്ഷേ എന്താണ് സംഭവിക്കേണ്ടതെന്ന് എനിക്കറിയില്ല. നിലവിളിയോ? പൊട്ടിക്കരച്ചിലോ? മുറിവേൽപ്പിക്കലോ? ഒരു ഇടിമിന്നലോടുകൂടിയ മഴയോ? അല്ലെങ്കിൽ ഞാനും ഈ കാഴ്ചശക്തി നഷ്ടപ്പെട്ട് മർദനമേറ്റ മനുഷ്യനും തമ്മിൽ എന്തെങ്കിലും കൈമാറ്റം നടക്കണമോ? ഒരു ഡോക്യുമെന്ററിയിൽ പറയുന്നതുപോലെയുള്ള വിശദീകരണമോ?

""രാത്രിയിൽ അവർ എന്റെ കാൽ ഒരു തൂണിൽ കെട്ടിയിട്ടു. അവർക്ക് ഇഷ്ടമുള്ള ഏതു സമയത്തും എന്നെ ഒരു കുപ്പിക്കുള്ളിലാക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു.''

അതോ, ഒരുപക്ഷേ, ഒരു മോചനനിമിഷമോ? നമ്മളെല്ലാവരും ചേർന്ന് തീപ്പൊരി ചിതറുന്ന കമ്പിത്തിരികൾ കത്തിച്ച് ബാൽക്കണിയിലേക്ക് ഇറങ്ങുന്നു. അവിടെ തോളോടുതോൾ ചേർന്നുനിന്ന് പുലരിയിലേക്ക് നോക്കുന്നു.

പിന്നെ, എന്തുകൊണ്ട് റോക്കറ്റിനെക്കൊണ്ട് അയാളെ കൊലപ്പെടുത്തിക്കൂടാ?

എന്നാൽ റോക്കറ്റ് സ്വന്തം തീരുമാനം എടുത്തുകഴിഞ്ഞിരുന്നു.

പൊലീസ് ഉദ്യോഗസ്ഥൻ മൂത്രമൊഴിക്കാനായി കുളിമുറിയിലേക്ക് തിരക്കിട്ട് കയറുകയും റോക്കറ്റിന്റെ തൊട്ടരികിൽനിന്ന് കാര്യം സാധിച്ച് പുറത്തേക്കുപോകുകയും ചെയ്തപ്പോൾ, റോക്കറ്റ് കണ്ണുതുറന്നതുപോലുമില്ല .

കടപ്പാട്‌: ഹാർപേഴ്സ് മാഗസിൻ






















deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home