Deshabhimani

രജിസ്റ്റർ ചെയ്ത സിം ഫോണിലില്ലെങ്കിൽ വാട്‌സ് ആപ്പും ടെലിഗ്രാമും ഉപയോഗിക്കാനാകില്ല; പുതിയ നിബന്ധന വരുന്നു

WATSAP TELEGRAM

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 24, 2026, 12:48 PM | 1 min read

ന്യൂഡൽഹി: വാട്‌സ് ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ മെസേജിങ് ആപ്പുകളുടെ ഉപയോഗത്തിൽ മാറ്റം വരുത്തുന്ന പുതിയ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. ആപ്പിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച സിം കാർഡ് അതേ ഫോണിൽ സജീവമായി ഉണ്ടായിരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. 2027 ജനുവരി ഒന്നുമുതൽ വ്യവസ്ഥ നടപ്പാക്കാനാണ് തീരുമാനം. ടെലികോം വകുപ്പിന്റെ നിർദേശപ്രകാരം 2026 ഡിസംബർ 31നകം സേവനദാതാക്കൾ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കണം.


പുതിയ വ്യവസ്ഥയെ സിം ബൈൻഡിങ് എന്നാണ് വിളിക്കുന്നത്. നിലവിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരിക്കൽ സ്ഥിരീകരിച്ചാൽ സിം കാർഡ് ഫോണിൽനിന്ന് മാറ്റിയാലും പല മെസേജിങ് ആപ്പുകളും പ്രവർത്തിക്കാറുണ്ട്. എന്നാൽ പുതിയ നിർദേശം നടപ്പാകുന്നതോടെ രജിസ്റ്റർ ചെയ്ത നമ്പറുമായി ബന്ധിപ്പിച്ച സിം കാർഡ് ഫോണിൽ സജീവമായി നിലനിർത്തേണ്ടിവരും. സിം കാർഡ് നീക്കം ചെയ്യുകയോ പ്രവർത്തനരഹിതമാകുകയോ ചെയ്താൽ ആപ്പുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം.


സൈബർ തട്ടിപ്പുകൾ തടയുക, മൊബൈൽ നമ്പറുകളുടെ ദുരുപയോഗം കുറയ്ക്കുക, ഉപയോക്താക്കളുടെ തിരിച്ചറിയൽ കൂടുതൽ സുരക്ഷിതമാക്കുക എന്നിവയാണ് പുതിയ വ്യവസ്ഥയുടെ ലക്ഷ്യങ്ങൾ. വാട്‌സ് ആപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്‌നാപ്ചാറ്റ് തുടങ്ങിയ സേവനങ്ങളെ നിർദേശം ബാധിച്ചേക്കും.


വാട്‌സ് ആപ്പ് വെബ് ഉപയോഗത്തിലും മാറ്റം


കമ്പ്യൂട്ടറിൽ വാട്‌സ് ആപ്പ് വെബ് പോലുള്ള സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും പുതിയ നിയന്ത്രണങ്ങളുണ്ടാകും. ബന്ധിപ്പിച്ച വെബ് സെഷനുകളിൽനിന്ന് നിശ്ചിത ഇടവേളകളിൽ സ്വയം ലോഗ് ഔട്ട് ചെയ്യുന്ന സംവിധാനം നടപ്പാക്കണമെന്നാണ് നിർദേശം. തുടർന്ന് വീണ്ടും ഉപയോഗിക്കാൻ ഫോണിലൂടെ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ബന്ധിപ്പിക്കേണ്ടിവന്നേക്കാം. അനധികൃതമായി മറ്റുള്ളവർ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


വിദേശയാത്ര നടത്തുന്നവരും ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവരും പുതിയ വ്യവസ്ഥകൾ ശ്രദ്ധിക്കേണ്ടതുണ്ട്. രജിസ്റ്റർ ചെയ്ത സിം കാർഡ് മാറ്റുകയോ നിർജ്ജീവമാക്കുകയോ ചെയ്താൽ മെസേജിങ് ആപ്പുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം.


അതേസമയം, വിവിധ ഉപകരണങ്ങളിൽ പുതിയ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക വെല്ലുവിളികളും സേവനദാതാക്കൾക്ക് നേരിടേണ്ടിവരും. പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുന്നതോടെ ഉപയോക്താക്കൾ തങ്ങളുടെ രജിസ്റ്റർ ചെയ്ത സിം കാർഡ് സജീവമായി സൂക്ഷിക്കുകയും സേവനദാതാക്കളുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുകയും വേണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home