കേരളത്തിന് 4 സ്വർണം, 3 വെള്ളി, 3 വെങ്കലം
print edition ഭിവാനിയിൽ പൊൻകുതിപ്പ്

ഹരിയാനയിലെ ഭിവാനിയിൽ നടക്കുന്ന ദേശീയ സീനിയർ സ്-കൂൾ അത്ലറ്റിക് മീറ്റിൽ ആൺകുട്ടികളുടെ 110മീറ്റർ ഹർഡിൽസിൽ സ്വർണം നേടുന്ന കേരളത്തിന്റെ ഫസലുൽ ഹഖ് (നടുവിൽ). വെള്ളി നേടിയ കേരളത്തിന്റെ തന്നെ പി അമർജിത് (0753) തൊട്ടുപിന്നിൽ / ഫോട്ടോ: പി വി സുജിത്

AKSHAY K P
Published on Nov 28, 2025, 04:39 AM | 2 min read
ഭിവാനി
നിലവിലെ ചാന്പ്യൻമാരായ കേരളം ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം മെഡൽക്കൊയ്‌ത്ത് തുടങ്ങി. നാല് സ്വർണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമാണ് സമ്പാദ്യം. ആൺകുട്ടികളുടെ ലോങ് ജന്പിലായിരുന്നു ആദ്യ സ്വർണം. മലപ്പുറം ആലത്തിയൂർ കെഎംഎച്ച്‌എസ്‌എസിലെ കെ പി മുഹമ്മദ് അസിൽ 7.17 മീറ്റർ ചാടി ഒന്നാമതെത്തി.
തുടർന്ന് ഹരിയാനയിലെ ഭീം സ്‌റ്റേഡിയം ഹർഡിൽസിൽ കേരളത്തിന്റെ ആധിപത്യത്തിന് സാക്ഷ്യം വഹിച്ചു. 100, 110 മീറ്റർ ഹർഡിൽസിൽ മത്സരിച്ച നാല് താരങ്ങളും സ്വർണം, വെള്ളി മെഡലുകൾ നേടി. പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസിലെ ആദിത്യ അജി സ്വർണം നേടിയപ്പോൾ വെള്ളി പാലക്കാട് വടവന്നൂരിലെ വിഎംഎച്ച്‌എസിലെ എൻ എസ് വിഷ്ണുശ്രീക്കാണ്.

പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ആദിത്യ അജി സ്വർണം നേടുന്നു
ആൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ മലപ്പുറം നാവാമുകന്ദ എച്ച്‌എസ്‌എസിലെ സി കെ ഫസലുൽ ഹഖ് (13.66) ഒന്നാമതും കോഴിക്കോട് സാവിയോ ഹയർ സെക്കൻഡറിയിലെ പി അമർജിത്ത് രണ്ടാമതും (14.14) ഫിനിഷ് ചെയ്തു. പെൺകുട്ടികളുടെ ട്രിപ്പിൾ ജന്പിലാണ് മറ്റൊരു സ്വർണനേട്ടം. കോഴിക്കോട് പൂവമ്പായി എഎംഎച്ച്‌എസിലെ പി വി അഞ്ജലിയാണ് 11.8 മീറ്റർ ചാടി സ്വർണം നേടിയത്. ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിലാണ് പരിശീലനം.
പെൺകുട്ടികളുടെ ഷോട്ട്‌പുട്ടിൽ കാസർകോട് ജിഎച്ച്‌എസ്‌എസ് കുട്ടമത്തിലെ ഹെനിൻ എലിസബത്ത് 14.71 മീറ്റർ എറിഞ്ഞ് വെള്ളി നേടി. കാസർകോട് ചെറുവത്തൂർ കെ സി ത്രോസിലാണ് പരിശീലനം.

ആൺകുട്ടികളുടെ ലോങ് ജമ്പിൽ
മുഹമ്മദ് അസിൽ സ്വർണം നേടുന്നു
ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ 10.79 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പാലക്കാട് ജിഎച്ച്‌എസ്‌എസ് ചിറ്റൂരിലെ ജെ നിവേദ് കൃഷ്ണ വെങ്കലം നേടി. ആൺകുട്ടികളുടെ 400 മീറ്ററിൽ പാലക്കാട് വടവന്നൂർ വിഎംഎച്ച്‌എസിലെ എം ഐ അൽ ഷാമിൽ ഹുസൈനും (48.21 സെക്കൻഡ്) പെൺകുട്ടികളുടെ ഹൈജന്പിൽ 1.63 മീറ്റർ ചാടി ഇ ജെ സോണിയയും വെങ്കലം നേടി.
ഇന്ന് ആറിനങ്ങളിലാണ് ഫൈനൽ. ആൺകുട്ടികളുടെ വിഭാഗങ്ങളിൽ ഹൈജമ്പ്, ഹാമർ ത്രോ, ഷോട്ട്പുട്ട്, പോൾവോൾട്ട്, ട്രിപ്പിൾ ജമ്പ് എന്നീ ഇനങ്ങളിലും പെൺകുട്ടികളുടെ വിഭാഗത്തിൽ ഡിസ്‌കസ് ത്രോയിലും ഫൈനൽ നടക്കും.

പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ
പി വി അഞ്-ജലി സ്വർണത്തിലേക്ക്
ഒടുവിൽ തോക്കെത്തി
ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ ഒടുവിൽ വെടിയൊച്ച കേട്ടു. ആദ്യ ദിനം സ്‌പ്രിന്റ് ഇനങ്ങളിലെ സ്‌റ്റാർട്ടിങ് പോയിന്റുകളിൽ തോക്കിന് പകരം മരത്തിന്റെ ക്ലാപ്പറാണ് ഉപയോഗിച്ചത്. ഇതിനെതിരെ കടുത്ത വിമർശവും പരാതികളും ഉയർന്നതിനെ തുടർന്ന് മീറ്റിന്റെ രണ്ടാം ദിനം അധികൃതർ തോക്കെത്തിക്കുകയായിരുന്നു.
ദേശീയ നിലവാരത്തിൽ മീറ്റ് സംഘടിപ്പിക്കുന്നില്ലെന്നതാണ് ടീമുകളുടെ പരാതി. മത്സരാർഥികളുടെ താമസസ്ഥലം, ഭക്ഷണം, ഗ്രൗണ്ടിന് സമീപമുള്ള ശുചിമുറി, വിശ്രമസ്ഥലം എന്നിവയിലെല്ലാം പരാതിയുണ്ട്.









0 comments