ഉരുണ്ടുകളിച്ച് കോൺഗ്രസ് നേതാക്കൾ
print edition ‘ ഹൂ കെയേഴ്‌സ് ’ ? അപഹാസ്യത്തിന്റെ പരകോടി ; സഹികെട്ടപ്പോൾ പരാതി


സി കെ ദിനേശ്
Published on Nov 28, 2025, 02:18 AM | 2 min read
തിരുവനന്തപുരം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊതുസമൂഹത്തിന്റെ മുന്നിലുള്ള തെളിവുകൾക്ക് സ്ഥിരീകരണം വന്നതോടെ പ്രതിക്കൂട്ടിലായത് ഇപ്പോഴും പ്രതിയെ സംരക്ഷിക്കുന്ന കോൺഗ്രസ് നേതൃത്വം. സസ്‌പെൻഷൻ മറയാക്കി, പാർടിയുടെ പ്രചാരണത്തിലടക്കം പങ്കെടുപ്പിച്ച് രാഹുലിനെ നേതൃത്വം വെളുപ്പിച്ചെടുത്തു. നിയമനടപടി വരട്ടെയെന്ന പുതിയ നിലപാടും രാഹുലിന് സംരക്ഷണം തുടരുമെന്നതിന്റെ മറ്റൊരു വശം.
നിരന്തര പീഡനം അനുഭവിച്ച് മാനസിക വിഭ്രാന്തിയുടെ വക്കിൽകഴിഞ്ഞ പെൺകുട്ടിയെ വീണ്ടും അപമാനിക്കുന്ന സമീപനമാണ് രാഹുലും കോൺഗ്രസും സ്വീകരിച്ചത്. അതിജീവിതയെ ‘ഹു കെയേഴ്‌സ്’ എന്ന് നേരിട്ട മാങ്കൂട്ടത്തിൽ പിന്നീട് ‘കോടതിയിൽ കണ്ടോളാം’ എന്ന നിലപാടെടുത്തു. ഗർഭിണിയാകണമെന്നും അത് സാധ്യമായതോടെ ഗർഭഛിദ്രം നടത്തണമെന്നും നിർബന്ധിക്കുന്ന ചാറ്റും പെൺകുട്ടിയുടെ മറുപടിയും ഒടുവിൽ പുറത്തുവന്നു. പെൺകുട്ടിയെത്തന്നെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി, ‘ഇതൊക്കെ തന്റെ അവകാശമാണ് ’ എന്ന മറുപടിയാണ് രാഹുൽ നൽകിയത്. പീഡനത്തിന് പുറമെ അപഹസിക്കൽ കൂടി സഹിക്കാതെയാണ് ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകാൻ പെൺകുട്ടി തയ്യാറായത്.
പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും നിരന്തരമായി പീഡിപ്പിക്കുകയും ഒടുവിൽ വഞ്ചിക്കുകയും ചെയ്തെന്നാണ് ആഗസ്ത് മാസത്തിൽവന്ന ശബ്ദസന്ദേശങ്ങളുടെയും ചാറ്റുകളുടെയും ഉള്ളടക്കം. നടി റിനിയും ഉന്നത കോൺഗ്രസ് നേതാവിന്റെ ഭാര്യയും മുൻ എംപിയുടെ മകളും ഉൾപ്പെടെ രാഹുലിന്റെ സ്വഭാവദൂഷ്യത്തിനെതിരെ പ്രതികരിച്ചു.
ചില പെൺകുട്ടികളും രക്ഷിതാക്കളും വീട്ടിലെത്തി പരാതി നൽകിയതോടെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് രാഹുലിനെ പരസ്യമായി പിന്തുണയ്ക്കാൻ കഴിയാതെ വന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, ഗുരുസ്ഥാനത്തുള്ള ഷാഫി പറന്പിൽ തുുടങ്ങി വലിയ നിരതന്നെ രാഹുലിനായി നിലകൊണ്ടു. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ശബ്ദസന്ദേശങ്ങളും ചാറ്റുകളും അവയിലെ രോദനവും കോൺഗ്രസ് പരിഗണിക്കുന്നില്ലെന്ന സന്ദേശം കൂടിയാണ് ഇത് നൽകുന്നത്.
ഉരുണ്ടുകളിച്ച് കോൺഗ്രസ് നേതാക്കൾ
ലൈംഗിക പീഡനത്തിനും നിർബന്ധിത ഭ്രൂണഹത്യയ്‌ക്കും പരാതിപ്പെട്ടിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടിയെടുക്കാതെ ഉരുണ്ടുകളിച്ച് നേതാക്കൾ. ഗുരുതര പരാതിയായിട്ടും കോൺഗ്രസിൽനിന്ന് പുറത്താക്കാൻ തീരുമാനമെടുക്കാൻ കഴിയുന്നില്ല. നേതാക്കളുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാകുന്നത് അതാണ്.
നേതാക്കൾക്ക് തനിക്കെതിരെ പറയാൻ ധാർമികമായി യോഗ്യതയില്ലെന്ന് കഴിഞ്ഞദിവസം രാഹുൽ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞതും അവരെ ആശങ്കയിലാക്കുന്നു.
പരാതിയില്ലല്ലോ എന്നുപറഞ്ഞ് നേരത്തെ ആശ്വസിച്ചിരുന്ന നേതാക്കൾ പരാതി വന്നയുടൻ പലതരത്തിലാണ് അഭിപ്രായം പറഞ്ഞത്. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.
കുറേകാലമായി കേൾക്കുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കള്ളക്കേസ് എന്നാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറയുന്നത്. ‘പൊലീസ് അന്വേഷിച്ചു കണ്ടെത്തട്ടെ. എനിക്കെതിരെയും ഇതുപോലെ കേസുണ്ടായിരുന്നു’ എന്നും പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയാകട്ടെ യുവതിയെ കുറ്റപ്പെടുത്തുകയായിരുന്നു. ‘എന്തുകൊണ്ട് നേരത്തെ പരാതി നൽകിയില്ല, പൊലീസിനല്ലേ പരാതി നൽകേണ്ടത്’ എന്നായിരുന്നു ചോദ്യം.
രാഹുലിനെതിരെ പാർടി നടപടിയെടുത്തു എന്നു പറഞ്ഞ് ഒഴിവാകുകയാണ് നേതാക്കൾ. ആഗസ്‌ത് 20ന് പരാതിയുയർന്നിട്ടും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ വൈകി. നിയമസഭാ കക്ഷിയിൽനിന്ന് സസ്‌പെൻഡ്‌ചെയ്‌തെങ്കിലും പാർടിയിൽനിന്ന് പുറത്താക്കാത്തതിനാൽ പാലക്കാട് ജില്ലയിൽ സജീവ തെരഞ്ഞെടുപ്പു പ്രചാരണത്തിലായിരുന്നു.








0 comments