300 പഞ്ചായത്തിൽ ജമാഅത്തെയുമായി നേരിട്ട് സീറ്റ് വിഭജനം , സ്വതന്ത്രവേഷത്തിലടക്കം മത്സരരംഗത്ത് അഞ്ഞൂറിലേറെപ്പേർ
print edition ജമാഅത്തെ ഇസ്ലാമിക്ക് മുഖ്യപരിഗണന ; യുഡിഎഫിൽ ഘടകകക്ഷികൾക്ക് എതിർപ്പ്

പി വി ജീജോ
Published on Nov 28, 2025, 02:38 AM | 2 min read
കോഴിക്കോട്
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സഖ്യത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെക്കാൾ പരിഗണന മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയരൂപമായ വെൽഫെയർപാർടിക്ക്. ഒൗദ്യോഗിക ഘടകകക്ഷിയല്ലാതിരുന്നിട്ടും ആവശ്യപ്പെട്ട അത്രയും സീറ്റുകൾ ജമാഅത്തെ ഇസ്ലാമിക്ക് നൽകി. എന്നാൽ, കോട്ടയത്തിനും ഇടുക്കിക്കും പുറത്ത് ജോസഫ് വിഭാഗം ചോദിച്ചതിന്റെ പകുതി പോലും നൽകിയില്ല.
അവഗണനയിൽ പ്രതിഷേധിച്ച് അന്പതിലേറെ സീറ്റിൽ ജോസഫ് വിഭാഗം കോൺഗ്രസിനെതിരെ മത്സരത്തിലാണ്. തിരുവനന്തപുരം കോർപറേഷനിൽ അഞ്ച് ഡിവിഷനിൽ കോൺഗ്രസിനെതിരെ ജോസഫ് വിഭാഗം സ്വന്തം ചിഹ്‌നത്തിൽ മത്സരിക്കുന്നു. വിമതർ പുറമെയുണ്ട്. ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും ജോസഫ് വിഭാഗത്തിലെ ചില സ്ഥാനാർഥികൾ മുന്നണിക്ക് പുറത്താണ് മത്സരിക്കുന്നത്. കോൺഗ്രസ്സിന്റെ അവഗണനയിൽ മറ്റ് ഘടകകക്ഷികൾക്കും അമർഷമുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ ലീഗിനെക്കാൾ കൂടുതൽ സീറ്റ് നൽകി വെൽഫെയർ പാർടിക്ക് രണ്ടാം ഘടകകക്ഷിയുടെ സ്ഥാനം നൽകി.
ഇക്കുറി യുഡിഎഫ് 300 പഞ്ചായത്തുകളിലാണ് ജമാഅത്തെയുമായി നേരിട്ട് സഖ്യമുണ്ടാക്കിയത്. സ്വതന്ത്രവേഷത്തിലും പൊതുസ്വതന്ത്രനെന്ന പേരിലും രംഗത്തിറക്കിയിട്ടുള്ളവരെക്കൂടി ചേർത്താൽ അഞ്ഞൂറിലേറെപ്പേരുണ്ട് മത്സരരംഗത്ത്.
അമീറിനെ കണ്ട് തുടങ്ങിയ സഖ്യം
ജമാഅത്തെ സംസ്ഥാന അമീറുമായി യുഡിഎഫ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെൽഫെയർ പാർടിയുമായുള്ള ധാരണ സഖ്യമായി വികസിച്ചത്. എം എം ഹസൻ യുഡിഎഫ് കൺവീനറായിരിക്കെ 2020 ഒക്‌ടോബറിൽ കേരള അമീർ എം ഐ അബ്‌ദുൾ അസീസുമായി നടത്തിയ ചർച്ചയാണ് തുടക്കം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ പ്രസിഡന്റുമാരായ കെ മുരളീധരൻ, വി എം സുധീരൻ എന്നിവർ ജമാഅത്തെ ബന്ധത്തെ എതിർത്തിരുന്നു.
ഇന്ന് ചിത്രം മാറി. വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുന്പോൾ ജമാഅത്തെ സഹായിച്ചതിനാൽ എഐസിസി നേതൃത്വവും വിഷയത്തിൽ ഇടപെടുന്നില്ല. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വഴിയാണ് ഇക്കാര്യം ഉറപ്പിച്ചതെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് ജമാഅത്തെയ്‌ക്ക് മതനിരപേക്ഷ സർടിഫിക്കറ്റ് മുൻകൂർ നൽകിയിട്ടുമുണ്ട്. നിലന്പൂർ, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിലും ജമാഅത്തെയും വെൽഫെയർ പാർടിയും ഘടകകക്ഷികളെപ്പോലെയാണ് യുഡിഎഫിനായി പ്രവർത്തിച്ചത്. 2016, 21 നിയമസഭാ തെരഞ്ഞെടുപ്പുകളിലും അവർ യുഡിഎഫിനൊപ്പമായിരുന്നു.
മുസ്ലിംലീഗ് ദേശീയ ഉപാധ്യക്ഷൻ കെ പി എ മജീദ് എംഎൽഎയുടെ വീടിരിക്കുന്ന വാർഡ് പോലും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാർഥിക്ക് നൽകിയത് ഇവർക്ക് നൽകുന്ന പ്രാധാന്യത്തിന് മറ്റൊരു തെളിവാണ്. കുറുവ പഞ്ചായത്തിലെ പടപ്പറമ്പിലാണ് മജീദിന്റെ വീട്. മങ്കട ബ്ലോക്ക് പഞ്ചായത്ത് പടപ്പറമ്പ് ഡിവിഷനിൽ വെൽഫെയർ പാർടിയുടെ സമീറ തോട്ടോളിയാണ് യുഡിഎഫ് സ്ഥാനാർഥി. വെട്ടത്തൂർ പഞ്ചായത്ത് 19-ാം വാർഡിൽ വെൽഫെയർ സ്ഥാനാർഥി കെ പി യൂസഫിന്റെ കൺവൻഷൻ ഉദ്ഘാടനംചെയ്‌തത് നജീബ് കാന്തപുരം എംഎൽഎയായിരുന്നുവെന്നതും ശ്രദ്ധേയം.







0 comments