കാലടിക്ക് വേണം വികസനത്തുടർച്ച

സരജ സുരഭി (എൽഡിഎഫ്), അഹല്യ സദാനന്ദൻ (യുഡിഎഫ്), സാന്ദ്ര സുരേഷ് (എൻഡിഎ)
കെ ഡി ജോസഫ്
Published on Nov 28, 2025, 02:45 AM | 1 min read
കാലടി
പത്തുവർഷത്തെ വികസനപ്രവർത്തനങ്ങളുടെ കരുത്തുമായാണ് ജില്ലാപഞ്ചായത്ത് കാലടി ഡിവിഷനിൽ എൽഡിഎഫ് ജനവിധി തേടുന്നത്. 28 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ ഇക്കാലയളവിൽ നടപ്പാക്കി. വികസനത്തുടർച്ച തേടുന്ന ഡിവിഷനിലെ ജനങ്ങൾ എൽഡിഎഫിനൊപ്പമാണ്.
ചേലാമറ്റം ക്ഷേത്രത്തിലേക്ക് എംസി റോഡിൽനിന്ന് പോകുന്ന റോഡ് പൂർണമായും ടൈൽ വിരിച്ചത്, കാലടി പഞ്ചായത്തിലെ വനിതാ ക്യാന്റീൻ, അങ്കണവാടികൾ, ഓപ്പൺ ജിമ്മുകൾ, സാംസ്കാരിക നിലയങ്ങൾ, വിവിധ പുഴക്കടവുകളുടെ നവീകരണം, വനിതാകേന്ദ്രങ്ങൾ തുടങ്ങിയവ വികസനനേട്ടങ്ങളിൽ പ്രധാനമാണ്. കാലടി പഞ്ചായത്ത്, പാറപ്പുറം ബ്ലോക്ക് ഡിവിഷൻ, ഒക്കൽ പഞ്ചായത്ത്, ഇളമ്പകപ്പള്ളി ബ്ലോക്ക് ഡിവിഷൻ എന്നിവ കൂടിചേർന്നതാണ് കാലടി ഡിവിഷൻ.
കാഞ്ഞൂർ പാറപ്പുറം മാടവനത്തറ വീട്ടിൽ സരജ സുരഭിയാണ് എൽഡിഎഫ് സ്ഥാനാർഥി. അത്താണിയിൽ കേരള ആയുർവേദ ലിമിറ്റഡ് സ്ഥാപനത്തിൽ റിസപ്‌ഷനിസ്‌റ്റായിരുന്നു. ബിരുദധാരിയാണ്. ഭർത്താവ്: സുരഭി (ഡ്രൈവർ). മക്കൾ: അഭിനവ്, അനുശ്രീ, ആർദ്ര (മൂവരും വിദ്യാർഥികൾ). അഹല്യ സദാനന്ദനാണ് യുഡിഎഫ് സ്ഥാനാർഥി. ആർഎസ്‌പിയുടെ ഐക്യമഹിളാ സംഘം ജില്ലാകമ്മിറ്റി അംഗമാണ്. ഒക്കൽ സ്വദേശി സാന്ദ്ര സുരേഷാണ് ബിജെപി സ്ഥാനാർഥി.







0 comments