വാളകത്തിന് ഇനി വളരണം

കെ കെ ശ്രീകാന്ത് (എൽഡിഎഫ്), മാത്യൂസ് വർക്കി (യുഡിഎഫ്), അരുൺ പി മോഹൻ (എൻഡിഎ)
പി ജി ബിജു
Published on Nov 28, 2025, 02:45 AM | 1 min read
മൂവാറ്റുപുഴ
കഴിഞ്ഞതവണ എട്ട് വോട്ടുകൾക്ക് പരാജയപ്പെട്ട ജില്ലാപഞ്ചായത്ത് വാളകം ഡിവിഷൻ തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് എൽഡിഎഫ്. പൈനാപ്പിളും നെൽക്കൃഷിയുമെല്ലാമുള്ള വാളകത്തിന്റെ കാർഷികമേഖലയെ അഞ്ചുവർഷവും അവഗണിക്കുകയാണ് യുഡിഎഫ് ഭരണസമിതി ചെയ്തത്. പാടശേഖര സമിതികൾക്ക് കാർഷികയന്ത്രങ്ങൾ നൽകുന്ന പദ്ധതി പാതിയിൽ അവസാനിപ്പിച്ചു. വനിതകൾക്കുള്ള സ്വയംതൊഴിൽ പദ്ധതി പൂർണമായി നടപ്പാക്കിയില്ല. യുഡിഎഫിന്റെ വികസന നിഷേധത്തിന് ഇത്തവണ മറുപടി നൽകാനൊരുങ്ങുകയാണ് ഡിവിഷനിലെ ജനങ്ങൾ.
പായിപ്ര പഞ്ചായത്തിലെ 24, വാളകത്തെ 15, മാറാടിയിലെ 14 വാർഡുകളും ഉൾപ്പെടെ 53 വാർഡുകൾ ഉൾപ്പെടുന്നതാണ് ജില്ലാപഞ്ചായത്ത് ഡിവിഷൻ. കെ കെ ശ്രീകാന്താണ് എൽഡിഎഫ് സ്ഥാനാർഥി. ബാലവേദി, എഐഎസ്എഫ്, എഐവൈഎഫ് പ്രവർത്തകനും നേതാവുമായാണ് പൊതുപ്രവർത്തനരംഗത്തേക്ക് എത്തിയത്. സിപിഐ പായിപ്ര ലോക്കൽ സെക്രട്ടറിയും മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയറ്റ് അംഗവുമാണ്. തൃക്കളത്തൂർ സഹകരണ ബാങ്ക് ജീവനക്കാരനാണ്. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.
മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽനിന്ന് എംജി സർവകലാശാല യുയുസിയായി. പായിപ്ര സൊസൈറ്റിപ്പടി കൊല്ലമ്മായിൽ കുടുംബാംഗമാണ്. ഭാര്യ: ദിവ്യ ബാലകൃഷ്ണൻ (ചെറുവട്ടൂർ ഗവ. എച്ച്‌എസ്‌എസ് അധ്യാപിക). മകൻ: എസ് മാധവ്. മൂവാറ്റുപുഴ മുടവൂർ വെളിയത്ത് മാത്യൂസ് വർക്കിയാണ് യുഡിഎഫ് സ്ഥാനാർഥി. നിലവിൽ പായിപ്ര പഞ്ചായത്ത് അംഗവും മുൻ പ്രസിഡന്റുമാണ്. ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ പി മോഹനാണ് എൻഡിഎ സ്ഥാനാർഥി.







0 comments