print edition ‘കണ്ടെത്താൻ കഴിയാത്തവർ’ 5 ലക്ഷം കടന്നു ; അർഹതയുള്ളവരും പുറത്താകുമെന്ന് ആശങ്ക

തിരുവനന്തപുരം
വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയിൽ കേരളത്തിൽ ‘കണ്ടെത്താൻ കഴിയാത്തവരു’ടെ എണ്ണം അഞ്ചുലക്ഷം കടന്നു. ബുധൻ വൈകിട്ട് ആറുവരെ 5,01,876 പേരെ കണ്ടെത്താനായില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, കണ്ടെത്താനാകാത്തവർ, ആൾറെഡി എൻറോൾഡ് എന്നറിയിച്ചവർ, മറ്റുള്ളവർ എന്ന വിഭാഗത്തിലാണ് ബിഎൽഒമാർ ഉൾപ്പെടുത്തുന്നത്.
ഡിസംബർ നാലിനകം മുഴുവൻ കണക്കും ലഭിച്ചശേഷം ഇവരെ വോട്ടർപ്പട്ടികയിൽനിന്ന് നീക്കും. ഡിസംബർ ഒമ്പതിന് പ്രസിദ്ധീകരിക്കുന്ന കരടുപട്ടികയിലും ഇവരുണ്ടാകില്ല.
പുറത്താക്കപ്പെടുന്നവരിൽ വോട്ടർമാരായി തുടരാൻ അർഹതയുള്ളവരുമുണ്ടെന്ന പരാതിയുണ്ട്. താൽകാലികമായി വീടുമാറിയവർക്ക് എന്യൂമറേഷൻ ഫോം നൽകാനോ അവരെ വിളിച്ച് അറിയിക്കാനോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ഇതിന് ബിഎൽഒമാർക്ക് നിർദേശം നൽകിയിട്ടില്ല. ബിഎൽഒ–ബിഎൽഎ സംയുക്തയോഗത്തിൽ ഇക്കാര്യം പരിശോധിക്കണമെന്ന് നിർദേശമുണ്ടെങ്കിലും നടപ്പാകുന്നില്ല. ബിഎൽഒയുടെ റിപ്പോർട്ടിൽ പുറത്താകുന്നവർ പിന്നീട് വോട്ട് ചേർക്കേണ്ടിവരും. മറ്റിടങ്ങളിൽ ജോലിചെയ്യുന്നവർ, വീട്ടിലില്ലാത്തവർ, മാസങ്ങളായി ആശുപത്രിയിൽ തുടരുന്നവർ, ബന്ധുവീട്ടിൽ കഴിയുന്നവർ തുടങ്ങിയവർ വോട്ടർപ്പട്ടികയിൽ ഉൾപ്പെടാൻ അർഹരാണ്. ഇവരെയും ‘കണ്ടെത്താൻ കഴിയാത്തവരുടെ’ പട്ടികയിലാക്കുന്നുണ്ടോ എന്നത് ആശങ്കയുണ്ടാക്കുന്നു.
വ്യാഴാഴ്‌ചവരെ 1,61,40,137 ഫോമുകൾ ഡിജിറ്റൈസ് ചെയ്‌തു. വിതരണംചെയ്‌ത ഫോമുകളുടെ 57.95 ശതമാനമാണിത്.








0 comments