print edition രാജസ്ഥാനിൽ ഖനന കരാറിന്റെ മറവിൽ കൊള്ള ; അദാനി കമ്പനിക്ക് വണ്ടിക്കൂലി 1400 കോടി രൂപ

ജയ്‍പുര്‍
ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ പൊതുമേഖല വൈദ്യുതി കമ്പനിയിൽനിന്ന് "മോദിയുടെ ഉറ്റചങ്ങാതി' ഗൗതം അദാനിയുടെ കൽക്കരി ഖനന കമ്പനി വണ്ടിക്കൂലി ഇനത്തിൽ വാങ്ങിയെടുത്തത് 1400 കോടി രൂപ. കരാര്‍ ധാരണകള്‍ ലംഘിച്ചാണ് അദാനി കമ്പനി ഇത്രയും തുക തരപ്പെടുത്തിയതെന്ന് ജയ്‍പുര്‍ ജില്ലാ കോടതി കണ്ടെത്തി.
അദാനി കമ്പനിക്ക് 50 ലക്ഷം രൂപ പിഴയിട്ട കോടതി ഇടപാടുകള്‍ സിഎജി അന്വേഷിക്കണമെന്നും ഉത്തരവിട്ടു. ജൂലൈയിൽ വന്ന വിധി അദാനിയുടെ അപ്പീലിൽ 13 ദിവസത്തിനുശേഷം രാജസ്ഥാൻ ഹൈക്കോടതി സ്റ്റേചെയ്‍തെങ്കിലും അദാനിക്ക് കൊള്ളലാഭമുണ്ടാക്കിയ കല്‍ക്കരി ഖനന കരാറിലെ വിവരങ്ങള്‍ ഓൺലൈൻ മാധ്യമം ദ സ്‌ക്രോൾ പുറത്തുവിട്ടു. അദാനിക്ക് കൊള്ളലാഭമുണ്ടാക്കാൻ രാജസ്ഥാനിൽ നടന്ന ഗുരുതര അഴിമതിയാണ് ജില്ലാകോടതി വിധിയിലൂടെയാണ് പുറത്തുവന്നത്.
ഛത്തീസ്ഗഡിലെ പര്‍സ ഈസ്റ്റ് ആൻഡ് കെന്റെ ബസന്‍ കൽക്കരി ബ്ലോക്ക് 2007ലാണ് രാജസ്ഥാനിലെ പൊതുമേഖല വൈദ്യുതി കമ്പനിയായ ആര്‍ആര്‍വിയുഎന്‍എല്ലിന് അനുവദിച്ചത്. കൽക്കരി ഖനനംചെയ്‍ത് എത്തിക്കാൻ വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള അന്നത്തെ ബിജെപി സര്‍ക്കാര്‍ അദാനിയുമായി സംയുക്തമായി കമ്പനിയുണ്ടാക്കി. കമ്പനിയുടെ 74 ശതമാനം ഓഹരിയും അദാനി എന്റര്‍പ്രൈസസിനാണ്. ഇതോടെ പൊതുമേഖലയ്‌ക്ക് എന്ന പേരില്‍ അനുവദിച്ച 450 മില്യൺ ടൺ കൽക്കരി ബ്ലോക്ക് പൂര്‍ണമായി അദാനിയുടെ കൈയിലെത്തി.
കരാര്‍ ലംഘനത്തിലൂടെ കൊള്ള
ഖനിയിൽനിന്ന് പ്രത്യേക റെയിൽ ട്രാക്ക് ഉണ്ടാക്കി ഏറ്റവും അടുത്തുള്ള റെയിൽവെ സ്റ്റേഷൻവരെ കൽക്കരി എത്തിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വം കരാര്‍ പ്രകാരം അദാനിയുടെ കമ്പനിക്കായിരുന്നു. റോഡ് മാര്‍ഗം കൽക്കരി നീക്കം കരാറിലില്ല. 2013ൽ ഖനനം തുടങ്ങിയെങ്കിലും പാളം ഉണ്ടാക്കിയില്ല. തുടര്‍ന്ന് റോഡ് മാര്‍ഗം കൽക്കരി എത്തിക്കാൻ മറ്റൊരു ഏജന്‍സിക്ക് കരാര്‍ നൽകാൻ താൽക്കാലിക ധാരണയിലെത്തി. എന്നാൽ ആദ്യ കരാറിനുവിരുദ്ധമായി ഏജന്‍സിക്ക് പണം നൽകേണ്ട പൂര്‍ണ ഉത്തരവാദിത്വം ആര്‍ആര്‍വിയുഎന്‍എല്ലിന്റെ തലയിലാക്കി. വണ്ടിക്കൂലി ആദ്യം അദാനി കമ്പനി നൽകുകയും 15 ദിവസത്തിനകം ആര്‍ആര്‍വിയുഎന്‍എല്‍ തിരിച്ചടയ്‌ക്കാനുമായിരുന്നു ധാരണ. ഇങ്ങനെ വണ്ടിക്കൂലി ഇനത്തിൽ 1400 കോടി രൂപ സംസ്ഥാന വൈദ്യുതി കമ്പനി കൈമാറി. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകുന്ന സാഹചര്യമൊഴിവാക്കാനാണ് അദാനിക്ക് വഴങ്ങേണ്ടിവന്നതെന്നാണ് ആര്‍ആര്‍വിയുഎന്‍എല്ലിന്റെ വിശദീകരണം.
എന്നാൽ തുക കൈമാറാൻ സംസ്ഥാന വൈദ്യുതി കമ്പനി വൈകിയതിലൂടെ തങ്ങള്‍ക്ക് ബാങ്ക് ലോണിനെ ആശ്രയിക്കേണ്ടിവന്നെന്നും പലിശയിനത്തിൽ 65 കോടി നഷ്‌ടമുണ്ടായെന്നും അദാനി കമ്പനി ചൂണ്ടിക്കാട്ടി. ഇതുകൂടി നൽകണമെന്ന ആവശ്യം മുന്നോട്ടുവച്ചെങ്കിലും അനുവദിച്ചില്ല. തുടര്‍ന്ന് അദാനി കമ്പനി 2020ല്‍ കോടതിയെ സമീപിച്ചു. എന്നാല്‍ ജയ്‍പുര്‍ ജില്ലാ കോടതി അദാനിയുടെ ആവശ്യം തള്ളുകയായിരുന്നു.








0 comments