ജനസംഖ്യാകണക്കുമായി ജർമനിയിലെ മാക്‌സ്‌പ്ലാങ്ക് ഇൻസ്‌റ്റിറ്റ്യൂട്ട് , ഗാസയിലെ ആയുർദൈർഘ്യം പാതിയോളമായി
print edition ഗാസയിലെ ഇസ്രയേൽ വംശഹത്യ ; ഒരുലക്ഷം പലസ്തീന്‍കാരെ കൊന്നുതള്ളി

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻ യുവാവിന്റെ മൃതദേഹത്തിനരികെ ബന്ധുക്കൾ
ബെർലിൻ
ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കുറഞ്ഞത് ഒരു ലക്ഷം പലസ്‌തീൻകാർ കൊല്ലപ്പെട്ടിരിക്കാമെന്ന് ജർമനിയിലെ മാക്‌സ്‌പ്ലാങ്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഡെമോഗ്രഫിക് റിസർച്ചിന്റെ റിപ്പോർട്ട്. 2023 ഒക്‌ടോബർ മുതലുള്ള ഇസ്രയേൽ അധിനിവേശത്തിൽ 69799 പേർ ഗാസയിൽ കൊല്ലപ്പെട്ടതായും 170,972 പേർക്ക് പരിക്കേറ്റതായുമാണ് പലസ്‌തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. എന്നാൽ യഥാർഥ കണക്ക് ഇതിലുമേറെയാണെന്നാണ് മാക്‌സ്‌പ്ലാങ്ക് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഗവേഷണ പഠനം വിരൽ ചൂണ്ടുന്നത്.
2023 ഒക്ടോബർ ഏഴിനും 2024 അവസാനത്തിനും ഇടയിൽ ഗാസയിൽ 78,318 പേർ കൊല്ലപ്പെട്ടതായാണ് പഠനത്തിൽ പറയുന്നത്. 2025 ഒക്ടോബർ ആറ് ആയപ്പോഴേക്കും ഗാസയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരിക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
യുദ്ധവും നിരന്തര സംഘർഷവും ഗാസയിലെ ആയുർദൈർഘ്യത്തെയും പ്രതികൂലമായി ബാധിച്ചു. 2023-ൽ ഗാസയിലെ ആയുർദൈർഘ്യം 44 ശതമാനവും 2024-ൽ 47 ശതമാനവും കുറഞ്ഞു. ഗാസ ആരോഗ്യ മന്ത്രാലയം, ഇസ്രയേലി ഇൻഫർമേഷൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ്, വിവിധ യുഎൻ സംഘടനകൾ, പലസ്‌തീനിയൻ സെൻട്രൽ ബ്യൂറോ ഓഫ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ കണക്കുകൾ ക്രോഡീകരിച്ചാണ് ഇൻസ്‌റ്റിറ്റ്യൂട്ട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ ഒക്ടോബർ 11 ന് ഗാസയിൽ യുഎസ് മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. എന്നാൽ അഞ്ഞൂറിലധികം തവണ കരാർ ലംഘിച്ച് ഇസ്രയേൽ ഗാസയിലേക്ക് ആക്രമണം നടത്തി. 350ഓളം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.








0 comments