ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റ്
print edition വെടിയൊച്ചയില്ലാതെ തുടക്കം ; ഉദ്‌ഘാടനവും മത്സരങ്ങളും വൈകി ,ആദ്യ ദിനം ഒരിനം മാത്രം

ദേശീയ സീനിയർ സ്--കൂൾ അത്ലറ്റിക് മീറ്റിലെ ഓട്ട മത്സരത്തിൽ തോക്കിന് പകരം സ്‌റ്റാർട്ടിങ് പോയിന്റിൽ മരംകൊണ്ടുള്ള ക്ലാപ്പർ ഉപയോഗിച്ചപ്പോൾ / ഫോട്ടോ: പി വി സുജിത്

AKSHAY K P
Published on Nov 27, 2025, 04:51 AM | 1 min read
ഭിവാനി(ഹരിയാന)
ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിന് ഹരിയാനയിലെ ഭിവാനിയിൽ തണുപ്പൻ തുടക്കം. ട്രാക്കിൽ വെടിയൊച്ചക്ക് കാതോർക്കേണ്ടതില്ല. തോക്കിന് പകരം സ്‌റ്റാർട്ടിങ് പോയിന്റിൽ മരത്തിന്റെ ക്ലാപ്പറാണ് ഉപയോഗിക്കുന്നത്. ഇതിനെതിരെ കേരളം പരാതി നൽകും. കാലാവസ്ഥയും മോശം വായുവും മാത്രമല്ല, ഇഴഞ്ഞും പാളിയും നീങ്ങുന്ന സംഘാടനവും കായിക താരങ്ങൾക്ക് വെല്ലുവിളിയാണ്. ഉദ്ഘാടന പരിപാടികളും മാർച്ച് പാസ്‌റ്റും ഒന്നര മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്.
ആദ്യ ദിവസം രണ്ട് ഫൈനൽ നിശ്‌ചയിച്ചെങ്കിലും ആൺകുട്ടികളുടെ ട്രിപ്പിൾജമ്പ് നടന്നില്ല. പെൺകുട്ടികളുടെ ഹാമർത്രോയിൽ ഹരിയാനയുടെ ദീപാൻഷിയും(57.71 മീറ്റർ) മിന്നുവും(53.19 മീറ്റർ) സ്വർണവും വെള്ളിയും നേടി. രാജസ്ഥാന്റെ രശ്‌മിക്കാണ് വെങ്കലം(52.91 മീറ്റർ). കേരളത്തിന്റെ പല്ലവി സന്തോഷ് അഞ്ചാമതായി(51.11 മീറ്റർ). അവസാന ത്രോ ഫൗളായത് പാലക്കാട് വടവന്നൂർ വിഎച്ച്‌എസ്‌എസിലെ പ്ലസ് ടുക്കാരിക്ക് തിരിച്ചടിയായി.
മീറ്റ് നടക്കുന്ന ഭീം സ്‌റ്റേഡിയത്തിൽ മതിയായ വിശ്രമ സൗകര്യവും വൃത്തിയുള്ള ശുചിമുറികൾ ഇല്ലാത്തതും കായിക താരങ്ങളെ ബുദ്ധിമുട്ടിച്ചു. താമസ സ്ഥലങ്ങളിലും മതിയായ സൗകര്യങ്ങളില്ല.
ആൺകുട്ടികളുടെ നൂറ് മീറ്ററിൽ കേരളത്തിന്റെ ജെ നിവേദ് കൃഷ്ണയും ലോങ്ങ്‌ജമ്പിൽ മുഹമ്മദ് അസിലും സി വി അനുരാഗും ഫൈനലിലെത്തി. ഡിസ്‌കസ് ത്രോയിൽ ജെഫ്രിൻ മനോജ് ആന്ത്രപേർ, ട്രിപ്പിൾ ജന്പിൽ കെ മുഷ്‌താഖ്, അക്ഷയ് ജിത്ത്, 400 മീറ്ററിൽ ഷാമിൽ ഹുസൈൻ, 110 മീറ്റർ ഹർഡിൽസിൽ പി അമർജിത്ത്, സി കെ ഫസലുൽ ഹഖ് എന്നിവരും മുന്നേറി. പെൺകുട്ടികളുടെ ഷോട്ട്‌പുട്ടിൽ ഹെനിൻ എലിസബത്ത്, ഡെന ഡോണി, 400 മീറ്റർ ഓട്ടത്തിൽ വി ജെ നവ്യ, ഹൈജന്പിൽ ഇ ജെ സോണിയ, ആൻ ആഷ്‌ലി മനോജ്, നൂറ് മീറ്റർ ഹർഡിൽസിൽ ആദിത്യ അജി, എൻ എസ് വിഷ്‌ണുശ്രീ എന്നിവരും ഫൈനലിൽ പ്രവേശിച്ചു. ഇന്ന് 100 മീറ്റർ, 400 മീറ്റർ ഉൾപ്പെടെ 15 ഇനങ്ങളിൽ ഫൈനൽ നടക്കും.









0 comments