print edition പ്രായത്തട്ടിപ്പ് സംശയം ; രണ്ട് അത്‌ലീറ്റുകളെകൂടി ഒഴിവാക്കി


ബിജോ ടോമി
Published on Nov 28, 2025, 04:35 AM | 1 min read
തിരുവനന്തപുരം
പ്രായത്തട്ടിപ്പ് സംശയത്തിൽ ദേശീയ സബ്‌ജൂനിയർ അത്‌ലറ്റിക് മീറ്റിനുള്ള കേരള ടീമിൽ നിന്ന് രണ്ട് അത്‌ലീറ്റുകളെ ഒഴിവാക്കി. മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസിലെ അഭയ് പ്രതാപ്, നീരജ് എന്നിവരെയാണ് ഒഴിവാക്കിയത്. പരിശോധനയിൽ ഇവരുടെ ആധാർകാർഡിൽ അപാകത കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശികളായ ഇരുവരും പ്രായത്തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. നീരജ് സംസ്ഥാന സ്‌കൂൾ മീറ്റിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണവും 100, 200 മീറ്ററിൽ വെങ്കലവും നേടിയിരുന്നു. 4x100 മീറ്റർ റിലേ ടീമിൽ കേരള ടീം അംഗമായിരുന്നു.
അഭയ് പ്രതാപ് 80 മീറ്റർ ഹർഡിൽസിൽ സ്വർണവും ഡിസ്‌കസ് ത്രോയിൽ വെള്ളിയും കരസ്ഥമാക്കി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികൾ നിരപരാധികൾ ആയിരിക്കുമെന്നും അധ്യാപകരും സ്‌കൂൾ അധികൃതരുമാകും പിന്നിലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ 100, 200 മീറ്റർ മത്സരങ്ങളിൽ വെള്ളി മെഡൽ നേടിയ പുല്ലൂരാംപാറ സ്‌കൂളിലെ ജ്യോതി ഉപാധ്യായ പ്രായത്തട്ടിപ്പ് നടത്തിയതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. താരത്തെ കായിക മേളയിൽ നിന്ന് വിലക്കുകയും ചെയ്‌തു. പിന്നാലെ സീനിയർ ആൺകുട്ടികളുടെ റിലേയിൽ റെക്കോർഡ് നേട്ടത്തോടെ ഒന്നാമതെത്തിയ മലപ്പുറം ജില്ലാ ടീമിലെ അംഗമായ പ്രേം ഓജ (തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസ്), സബ്‌ജൂനിയർ ആൺകുട്ടികളുടെ 100, 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ സഞ്ജയ് (പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്‌എസ്‌എസ്) എന്നിവരുടെ ആധാർ കാർഡ് പരിശോധനയിൽ അപാകത കണ്ടെത്തി. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടു പേർ കൂടി സമാനസംഭവത്തിൽ ഉൾപ്പെടുന്നത്.
സബ്‌ജൂനിയർ മീറ്റിന് ഇന്ന് പുറപ്പെടും
ഇൻഡോറിൽ ഡിസംബർ ഒന്നുമുതൽ നാലുവരെ നടക്കുന്ന ദേശീയ സബ്‌ജൂനിയർ അത്‌ലറ്റിക് മീറ്റിനുള്ള കേരള ടീം ഇന്ന് പുറപ്പെടും. 14 വീതം ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന സംഘമാണ് കേരളത്തിന്. അനീഷ് തോമസ് ആണ് ടീം ജനറൽ മാനേജർ.









0 comments