print edition പൊന്നാനിയിലെ ബാസിൽ തിളക്കം

പൊന്നാനി: മലപ്പുറം പൊന്നാനിയിലെ പുല്ലോണത്ത് അത്താണിയില്‍ വീണ്ടും വെള്ളിത്തിളക്കം. ജപ്പാനിലെ നഗോയയില്‍ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിൽ 100 മീറ്റർ ഓട്ടത്തിൽ വെള്ളി നേടി കളത്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് ബാസിൽ നാടിന്റെ അഭിമാനമായി. 10.72 സെക്കൻഡിലാണ് വിജയവര തൊട്ടത്. ഇന്ത്യക്കാരനായ ദിലീപ് മഹദു ഗവിത് സ്വര്‍ണം നേടി (10.69 സെക്കന്‍ഡ്). വലതുകൈ മുട്ടിനുതാഴെ വളര്‍ച്ചയില്ലാത്ത ബാസില്‍ ടി47 വിഭാഗത്തില്‍ ഏഷ്യന്‍ ഗെയിംസ് റെക്കോഡിട്ടാണ് മടങ്ങുന്നത്. മൂന്നുമാസംമുമ്പ് സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും വെള്ളി നേടിയിരുന്നു.
വെളിയങ്കോട് ഉമരി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് കായികാധ്യാപകന്‍ കെ വി മുഹമ്മദ് അനസ് അത്‍ലീറ്റിനെ തിരിച്ചറിയുന്നത്. ഫുട്ബോള്‍ കളിക്കിടയില്‍ വേഗമുള്ള ഓട്ടംകണ്ട് അത്‌ലറ്റിക്‌സില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു. പൊന്നാനി എം ഇ എസ് കോളേജിലെയും തവനൂര്‍ കാര്‍ഷിക കോളേജിലെയും മണ്‍ട്രാക്കിലായിരുന്നു പരിശീലനം. പൊന്നാനി എംഐ എച്ച്എസ്എസിലെ പ്ലസ്ടു പഠനശേഷം തിരുവനന്തപുരം സായിയില്‍ പ്രവേശനം ലഭിച്ചു. പരിശീലകന്‍ ആര്‍ ശ്രീനിവാസനുകീഴിലാണ് പിന്നീടുള്ള വളര്‍ച്ച.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജില്‍ ബിഎ എക്കണോമിക്‌സ് വിദ്യാര്‍ഥിയാണ്. സിറാജുദ്ദീന്റെയും സീനത്തിന്റെയും മകനാണ്. സല്‍സബീല്‍, മുഹമ്മദ് ഷാമില്‍ എന്നിവര്‍ സഹോദരങ്ങളാണ്.








0 comments