ആലപ്പുഴ - ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടി; ലക്ഷക്കണക്കിന് യാത്രക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: ആലപ്പുഴ - ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടിക്കൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രാലയം ഉത്തരവിറക്കി. സംസ്ഥാനത്തെ ലക്ഷക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണിത് . നിലവിൽ ആലപ്പുഴവരെയാണ് ട്രെയിൻ ഉള്ളത്. പിന്നീട് പിറ്റെ ദിവസം രാവിലെ ധൻബാദിലേക്ക് യാത്ര തിരിക്കുകയായിരുന്നു. പുതിയ തീരുമാനത്തോടെ ആലപ്പുഴക്കാർക്ക് വലിയ തോതിലാണ് പ്രയോജനമുണ്ടാകുന്നത്.
തിരുവനന്തപുരം നോർത്തിലേക്ക് ട്രെയിൻ നീട്ടുന്നതോടെ ആലപ്പുഴ ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്ക് മണിക്കൂറുകളോളം ട്രെയിനില്ലാത്ത പ്രശ്നത്തിനു പരിഹാരമാകും. ഇപ്പോൾ ആലപ്പുഴയിൽ നിന്ന് ഉച്ചയ്ക്ക് 1.50ന് നേത്രാവതി പോയി കഴിഞ്ഞാൽ തലസ്ഥാനത്തേക്കുള്ള അടുത്ത പ്രതിദിന ട്രെയിൻ വൈകിട്ട് 5.48നുള്ള ഏറനാട് എക്സ്പ്രസാണ്. ഉച്ചയ്ക്കു ശേഷം 3.15ന് ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കുന്ന ധൻബാദ് എക്സ്പ്രസിൽ എത്തുന്നവർക്ക് അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം ഭാഗത്തേക്കു തുടർയാത്രയ്ക്ക് വൈകിട്ട് 5.35നുള്ള കൊല്ലം മെമുവും മംഗളൂരു–തിരുവനന്തപുരം ഏറനാട് എക്സ്പ്രസുമാണ് ആശ്രയം.









0 comments