Deshabhimani

ത്രിപുര സ്വദേശിക്കെതിരായ വംശീയ അധിക്ഷേപം: വടക്കുകിഴക്കൻ ജനതയോടുള്ള പാർശ്വവല്‍കരണം അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ

sfi
വെബ് ഡെസ്ക്

Published on Oct 24, 2026, 04:08 PM | 1 min read

ന്യൂഡൽഹി : ത്രിപുര സ്വദേശിയായ യുവാവിന് നേരെ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ അമീർ ഷൊക്കീൻ നടത്തിയ വംശീയ അധിക്ഷേപത്തിലും അതിക്രമത്തിലും പ്രതിഷേധിച്ച് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങൾക്കും സമൂഹങ്ങൾക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന വംശീയതയും വിദ്വേഷവും ഒറ്റപ്പെടുത്തലും അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.


അമീർ ഷൊക്കീൻ ത്രിപുര സ്വദേശിയായ യുവാവിനെ വംശീയ പദപ്രയോഗങ്ങൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വീഡിയോ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശാരീരികമായി ഉപദ്രവിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ അമീർ ഷൊക്കീനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് വർധിച്ചുവരുന്ന ഇത്തരം സംഭവങ്ങൾ വടക്കുകിഴക്കൻ ജനതയോടുള്ള പാർശ്വവത്കരണത്തെയാണ് തുറന്നുകാട്ടുന്നതെന്ന് എസ്എഫ്ഐ പറഞ്ഞു.


ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തോടെയും അന്തസോടെയും ജീവിക്കാനുള്ള അവകാശം രാജ്യത്തെ എല്ലാ പൗരന്മാർക്കുണ്ടെന്നും എന്നാൽ, പിഞ്ചുകുഞ്ഞുങ്ങൾ പോലും ദിവസവും വംശീയമായ അധിക്ഷേപങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ ദിനംപ്രതി വംശീയ അധിക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാകുകയാണ്. ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞനായ ചോങ്താം വിക്രം സിംഗ് മർദനമേറ്റ് കൊല്ലപ്പെട്ടതും ഉത്തരാഖണ്ഡിൽ ആൾക്കൂട്ട ആക്രമണത്തിൽ വിദ്യാർഥിയായ അഞ്ചൽ ചക്മ കൊല്ലപ്പെട്ടതും ഇതിന്റെ ഉദാഹരണങ്ങളാണ്.


വംശീയ അധിക്ഷേപം നടത്തിയ അമീർ ഷൊക്കീന് കർശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എല്ലാ പൗരന്മാർക്കും അന്തസോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സമൂഹത്തിൽ സമത്വവും സഹോദര്യവും വളർത്താൻ എല്ലാവരും മുന്നോട്ടുവരണമെന്നും എസ്എഫ്ഐ ആഹ്വാനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home