Deshabhimani

വെബ്സൈറ്റുകളെ തകിടംമറിക്കുന്ന സുരക്ഷാവീഴ്ച; കണ്ടെത്തിയത് എഐ; എന്താണ് പിഎച്ച്പിയിലെ പ്രശ്നം?

Cyber Security Attack

Representative Image | AI

വെബ് ഡെസ്ക്

Published on Oct 23, 2026, 01:36 PM | 1 min read

പാരിസ്: ആഗോള സൈബർരംഗത്തെ ആശങ്കയിലാഴ്‌ത്തുന്ന സുരക്ഷാവീഴ്ചയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വെബ്സൈറ്റുകളെയാകെ അപകടത്തിലാക്കുന്ന പിഴവ് ഓപ്പൺ എഐയുടെ പുതിയ മോഡലാണ്‌ കണ്ടെത്തിയത്. വെബ്സൈറ്റുകള്‍ സജീകരിക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാമിങ്‌ ഭാഷയായ ‘പിഎച്ച്‌പി'-യിലെ ഗുരുതരമായ സുരക്ഷാ പിഴവുകളും ഇന്ത്യൻ ഡിജിറ്റൽ സർട്ടിഫിക്കറ്റ് അതോറിറ്റിയായ ‘ഇ–മുദ്ര'യുടെ ക്രിപ്റ്റോഗ്രാഫിക് വീഴ്ചയുമാണ് വെളിപ്പെട്ടത്‌.


എന്താണ് പിഎച്ച്പിയിലെ പിഴവ്?


ലോകത്തിലെ വെബ്സൈറ്റുകളിൽ 70 ശതമാനവും ഉപയോഗിക്കുന്ന പ്രോഗ്രാമിങ്‌ ലാംഗ്വേജിലാണ് ഗുരുതരമായ സുരക്ഷാവീഴ്ച കണ്ടെത്തിയത്. വെബ്സൈറ്റുകൾ സന്ദർശിക്കുന്നവർക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് വെബ്ബിൽ വായിക്കാൻ പാകത്തിൽ അവതരിപ്പിക്കുന്ന കോഡാണ് പിഎച്ച്പി. വേർഡ്പ്രസ്സ്, ജൂംല, ഡ്രൂപാൽ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളെല്ലാം പിഎച്ച്പി അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.


ഹാക്കർമാർക്ക് ലോഗിൻ അനുമതിയില്ലാതെ വെബ്സെർവറുകളുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ അനുവദിക്കുന്നതാണ് പിഴവ്. 9.2 തീവ്രത രേഖപ്പെടുത്തിയ സുരക്ഷാവീഴ്ച കഴിഞ്ഞ പത്ത് വർഷമായി നിലവിലുണ്ടായിരുന്നു.


ഇന്ത്യൻ കമ്പനിയായ ‘ഇ–മുദ്ര' തങ്ങളുടെ ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റുകൾക്കായി ഉപയോഗിച്ച രഹസ്യ കീ അത്യന്തം ദുർബലമായിരുന്നു എന്നാണ് കണ്ടെത്തൽ. സങ്കീർണമായ കോഡുകളാൽ നിർമിക്കേണ്ട സുരക്ഷാ കീയ്ക്ക് പകരം സിംഗിൾ-ബൈറ്റ് നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്.


പിഴവ് പരിഹരിക്കാൻ കഠിനശ്രമം

ഈ തകരാർ കോടിക്കണക്കിന് വെബ്സൈറ്റുകളെ ബാധിച്ചേക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. അമേരിക്കൻ സുരക്ഷാ ഏജൻസികളായ എൻഎസ്എ, എഫ്ബിഐ എന്നിവ അടിയന്തര ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. അടിയന്തര പരിഹാരം കണ്ടെത്താൻ കഴിയാത്തപക്ഷം വെബ്സൈറ്റുകൾ ഓഫ്‌ലൈനാക്കാൻ സർക്കാർ ഏജൻസികളടക്കം നിർദേശം നൽകിയിട്ടുണ്ട്. നെതർലൻഡ്‌സ്, ഫിൻലൻഡ് സർക്കാർ വെബ്സൈറ്റുകൾ ഓഫ്‌ലൈനാക്കി. സംഭവം പുറത്തറിഞ്ഞയുടൻ ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, മൊസില്ല തുടങ്ങിയ കമ്പനികൾ തങ്ങളുടെ ബ്രൗസറുകളിൽ ഇ–മുദ്ര ബ്ലോക്ക് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home